menu

108. കഥ - കർഷകശ്രീ

രാജേഷ് ശ്രീരാഗം

കഥ
 

          *കർഷകശ്രീ*

 
പൂർവ്വികർ പാരമ്പര്യമായി പാർട്ട് ടൈം പരിപാടിയായി നടത്തിവന്നിരുന്ന നെൽകൃഷി നിർത്തിയതിനെ തുടർന്നാണ് പാടത്ത് പങ്കാളിത്ത വ്യവസ്ഥയിൽ പണിക്കാരുമായി ചേർന്ന് ചേന കൃഷി ഇറക്കിയത്. പങ്കാളിത്തം എന്നു പറഞ്ഞാൽ കാശു മുടക്ക് നമ്മളും തച്ച് അവരും. നല്ല നഷ്ടത്തോടെ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ കൃഷി തറവാട്ടു പറമ്പിലേക്ക് നേരിട്ട് നടത്താൻ തീരുമാനിച്ചു.പത്തെണ്ണൂറു കട വിത്തു വാങ്ങി വിപുലമായി അങ്ങു തുടങ്ങി. ചേന കൃഷിക്ക് വലിയ കാർഷികജ്ഞാനം ആവശ്യമില്ലാത്തതുകൊണ്ടും മരുന്നടി ആവശ്യമില്ലാത്തതു  കൊണ്ടും കൃഷി ഒപ്പിച്ചു പോകാം. കൂടാതെ നാലഞ്ചു ദിവസം കൂടുമ്പോൾ നനച്ചാൽ മതി. മറ്റു കൃഷിക്കാരോടൊപ്പം കാർഷിക രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് വാചാലനാകാനുള്ള ലൈസൻസുമായി.
 
ആദ്യ വർഷം കൃഷി കഴിഞ്ഞപ്പോൾ ലാഭവുമില്ല ,നഷ്ടവുമില്ലാതെ ക്ലോസ് ചെയ്തു. നാലഞ്ചു മാസം പറമ്പ് നനക്കാനെടുത്ത ശാരീരിക പ്രയത്നം ബാക്കി. അതു കൊണ്ട് അടുത്ത വർഷം ഒന്നു പരിഷ്കരിച്ചു. നമ്മുടെ നാടൻ പണിക്കാർക്കു പകരം ബംഗാളികളെ ( ശരിക്കും പറഞ്ഞാൽ ആസ്സാമി) പണിക്കിറക്കി. കൂലി ഒന്നു തന്നെയാണെങ്കിലും നമ്മൾ പറഞ്ഞാൽ അതേ പടി അനുസരിക്കും. നാടൻ ടീമിനോട് നാലടി ഗ്യാപ്പിടാൻ പറഞ്ഞാൽ , വേണ്ട.. രണ്ട് മതി. ഇതിന് അത്രേ ആവശ്യമുള്ളു.. എന്ന സ്റ്റഡി ക്ലാസ് തിരിച്ചുകിട്ടും. എന്നാൽ ബംഗാളി ഒന്നും പറയാതെ ചെയ്തു കൊള്ളും . കൂടാതെ "ഇവൻ തുടക്കക്കാരൻ" എന്ന അവജ്ഞയോടെ നമ്മളെ നോക്കുകയുമില്ല.
നമ്മളോടൊപ്പം കരിക്കിലെ "ബാബു നമ്പൂതിരിയെ"പ്പോലെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന ബംഗാളിയെ കൂടി കിട്ടിയതോടെ കാര്യങ്ങൾ ഉഷാറായി.
 
ഏറ്റവും വലിയ പ്രശ്നം നേരിട്ടത് ചേനക്കിടയിൽ വളർന്നു വരുന്ന കള പറിക്കലായിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ടുള്ള പറമ്പ് ആയതു കൊണ്ട് കാട്ടുചേമ്പ് പറമ്പിൽ ധാരാളം വളരും. പുല്ലുവെട്ട് മെഷീൻ ഉപയോഗിച്ച് വെട്ടുമ്പോൾ ചേമ്പിന്റെ വെള്ളം ദേഹത്ത് തെറിക്കുമ്പോൾ ചൊറിഞ്ഞു തടിയ്ക്കും. മെഷീൻ സ്വന്തമായി ഉണ്ടെങ്കിലും  സ്വയം പ്രവർത്തിപ്പിക്കുന്നത് ഡോക്ടർമാർ വിലക്കിയതുകൊണ്ട് പണിക്കാരെ കിട്ടിയേ മതിയാകൂ. ചേമ്പ് പണി തരുമെന്ന് അറിയാവുന്നതുകൊണ്ട് നാട്ടിലെ പണിക്കാർ ആരും പുല്ലുവെട്ടാൻ വരാതായി. നമ്മുടെ ബംഗാളി അവൻ കട്ട സപ്പോർട്ട് ആയതു കൊണ്ട് മെഷീൻ ഓപ്പറേഷൻ അവനെ പഠിപ്പിച്ചു. അവന്റെ ഒപ്പം കൂടി അത്യാവശ്യമുള്ള ആസ്സാമീസ് വാക്ക് ഞാനും പഠിച്ചു' , " കൊസ്സു ".... വേറെയൊന്നുമല്ല, നമ്മുടെ ചേന .
 
ഭാര്യക്ക് സുഖമില്ലെന്ന് പറഞ്ഞ്‌ ഒരു ദിവസം നമ്മുടെ ബാബു നാട്ടിലേക്ക് തിരിച്ചു പോയി. പകരം അവന്റെ ഒരു കസിനെ പണിക്ക് ഏർപ്പാടാക്കി തന്നു. അവൻ വന്നു എന്റെ കീഴിൽ പുല്ലുവെട്ടു ടെക്നോളജി അഭ്യസിച്ചു. ഞാൻ ദ്രോണരും  അവൻ അർജുനനും ആയി. പഠനം കഴിഞ്ഞ് മെഷീൻ ഫിറ്റു ചെയ്ത് ഹെൽമറ്റ് ഒക്കെ വച്ചപ്പോൾ അവനൊരാഗ്രഹം, ഈ പോസിൽ വീട്ടിലേക്കയക്കാൻ ഒരു, ഫോട്ടോ വേണം. എന്റെ ലൊട്ട്ലൊടുക്ക് സെറ്റിൽ ഫോട്ടോ എടുക്കാൻ തുനിഞ്ഞപ്പോൾ അവന്റ പുതിയ സാംസങ്ങ് ഗ്യാലക്സി ഫോൺ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു .
" സേട്ടാ... ഈ ക്യാമറയിൽ എടുത്താൽ മതി". ഞാൻ ജാള്യതയോടെ എന്റെ ഫോൺ പോക്കറ്റിട്ടു.
 
അവന്റെ പേര് അലി. ഇത്തിരി തിരക്ക് കൂടുതലാണ്. പറഞ്ഞു കൊടുക്കുമ്പോഴേക്കും എല്ലാം അറിയാം എന്ന ഭാവവും. ചെയ്യേണ്ട പണി വിശദമായി പറഞ്ഞു, കൊസ്സു ഒഴിച്ച് ബാക്കി എല്ലാം വെട്ടി വൃത്തിയാക്കണം. ഞാൻ ഒന്ന് തൃശൂർ വരെ പോവുകയാണ്.
 
സേട്ടൻ പോയി വാ... ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാം .. അവന്റെ മറുപടി.
 
കാട്ടുചേമ്പ് ചൊറിയുമെന്ന് പറയാൻ പോയില്ല. ഇനി അവൻ ഇപ്പോഴെ പണി ഉപേക്ഷിച്ച് പോയാലോ.
 
തൃശ്ശൂരിൽ നിന്ന് തിരിച്ച് ഇരിങ്ങാലക്കുട എത്തിയപ്പോൾ അവന്റെ ഫോൺ " സേട്ടാ.. പണി കഴിഞ്ഞു "
 
നീ ഒരു മണിക്കൂർ വെയിറ്റ് ചെയ്യ്. ഞാനെത്താം. എന്ന് മറുപടി നൽകി. വൃത്തിയായി കിടക്കുന്ന ചേന തോട്ടത്തിൽ നിന്ന് അവന്റെ മൊബൈലിൽ ഒരു ഫോട്ടോ എടുക്കണം. പറ്റിയാൽ മുനിസിപ്പാലിറ്റിയിൽ കർഷകശ്രീക്ക് ഒന്ന് അപേക്ഷിക്കണം. അങ്ങനെ മനോരാജ്യത്തിൽ വിരാജിച്ച് പറമ്പിലെത്തി.
 
നോക്കുമ്പോൾ എല്ലാം വളരെ വൃത്തിയായിരിക്കുന്നു. അർജുനൻ യുദ്ധം കഴിഞ്ഞ് തളർന്ന് ഷർട്ടൂരി ഇരിക്കുകയാണ്. ഞാൻ ശിഷ്യനെ മനസ്സാ അഭിനന്ദിച്ചു .
 
ഒന്നു കൂടി പറമ്പിലേക്ക് നോക്കിയപ്പോഴാണ് കണ്ണിലേക്ക് ഇരുട്ട് കയറിയത്. ഒരു ചേനച്ചെടി പോലും ബാക്കിയില്ലാതെ വെട്ടികളഞ്ഞിരിക്കുന്നു.
 "ഇവിടെ നിന്ന ചേനയൊക്കെ എവിടെ?" തുറിച്ച കണ്ണുമായി ഞാൻ ചോദിച്ചു.
" എല്ലാം വെട്ടി കളഞ്ഞിട്ടുണ്ട് സേട്ടാ.." അവൻ അഭിമാനത്തോടെ ഉത്തരം നല്കി.
" നിന്റെയടുത്ത് കൊസ്സു ഒഴിച്ച് എല്ലാം വെട്ടാൻ അല്ലേ പറഞ്ഞത് "
 
"അതേ സേട്ടാ.. ഒറ്റ കൊസ്സു പോലും വെട്ടിയിട്ടില്ല. ഇതാണ് ഞങ്ങളുടെ നാട്ടിൽ കൊസ്സു''  . അടുത്തു നിന്ന കാട്ടു ചേമ്പിനെ തഴുകിക്കൊണ്ട് അവൻ ഉത്തരം നല്കി.
നോക്കുമ്പോൾ ശരിയാണ്,  ഒറ്റ കാട്ടുചേമ്പു പോലും അവൻ വെട്ടിയിട്ടില്ല. 
കാര്യം ബന്ധുക്കൾ ആണെങ്കിലും ബാബുവിന്റെ കൊസ്സു ചേനയും, അലിയുടെ കൊസ്സു ചേമ്പും ആണെന്ന് അപ്പോഴാണ് പിടി കിട്ടിയത്!!!
 
ക്ഷോഭിക്കുമ്പോൾ സംസാരിക്കാൻ നല്ല ഭാഷ ഇംഗ്ലീഷാണെന്ന നരേന്ദ്ര പ്രസാദിന്റെ ഡയലോഗ് ഓർമ്മ വന്നു. മണ്ണാങ്കട്ടയാണ്. ദേഷ്യം വരുമ്പോൾ നല്ല ഭാഷ മലയാളത്തിലെ തെറിയാണ്. എന്നാൽ ഇവനെ വിളിച്ചാൽ ഞാൻ വിവരമറിയും. അവന്റെ ഒരടിക്കുള്ളതേയുള്ളു ഞാൻ. 
 
അവൻ എന്റെ മുഖത്ത് വിരിയുന്ന വിവിധ രസങ്ങൾ ആസ്വദിച്ച് നിൽക്കുകയാണ്. ഞാൻ മൺവെട്ടിയെടുത്ത് അറുത്തിട്ട ചേനയുടെ മൂട് മാന്തി നോക്കി. എല്ലാം വളരാൻ തുടങ്ങുന്നതേയുള്ളു. കർഷകശ്രീ സ്വപ്നവും മാന്തിയ കുഴികളും എല്ലാം തിരിച്ച് മണ്ണിട്ടു മൂടി ഞാൻ വീട്ടിലേക്ക് മടങ്ങി.
 

*രാജേഷ് ശ്രീരാഗം*

Share this on