menu

11. പ്രശാന്ത് വിസ്മയ എഴുതിയ കഥ

കോവിഡിന്റെ നിഴലുകൾക്കപ്പുറം.

കഥ
 

കോവിഡിന്റെ നിഴലുകൾക്കപ്പുറം.

 
 
"സതീശാ .ദ് ന്താ ഇവിടെ നിക്കണേ." രാമൻകുട്ടിയുടെ ചോദ്യം കേട്ട് സതീശൻ വെറുതെ ചിരിച്ചു.
"ചുമ്മാ.. കടയിലേക്ക്..."
കത്തുന്ന സൂര്യന്റെ ഉരുകിയൊലിക്കുന്ന കിരണങ്ങൾ ടാർറോഡിലും അടുത്തുള്ള അമ്പലത്തിന്റെ ഉത്സവത്തിന് എഴുന്നള്ളിപ്പ് തുടങ്ങാറുള്ള ആലിന്റെ പരിസരത്തും പരന്നകിടന്നു.സതീശന്റെ തലയിൽ നിന്ന് ഊർന്നിറങ്ങിയ വിയർപ്പുചാൽ പൊടുന്നനെ പുരികത്തിന്റെ മുകളിലെത്തി ഒന്നുനിന്നു. ഒരു നിമിഷത്തിനു ശേഷം കണ്ണിനു നേരെ അത് വീണു പെട്ടിച്ചിതറി.
 
ചെറിയ ജംഗ്ഷനാണ്. എന്നിട്ടും നാലുംകൂടിക്കവലയിൽ രണ്ടു വണ്ടി പോലീസ് ഉദ്യോഗസ്ഥരുണ്ട്. ചില കാറുകളും ഇരുചക്രവാഹനങ്ങളും അവർ തടഞ്ഞുനിർത്തി ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. പറയുന്നത് സത്യമായ ഉത്തരങ്ങളെന്നു ബോദ്ധ്യപ്പെട്ടവരെ അവർ കടത്തിവിടുന്നുമുണ്ട്. ചിലരുടെ യാത്രകൾക്ക് പ്രത്യേക ഉദ്ദേശമില്ല അവരെ  മടക്കിയയക്കുന്നു.
എല്ലാ യാത്രകൾക്കും കൃത്യമായ ഉദ്ദേശങ്ങളുണ്ടോ? ചിലർ വെറുതെ യാത്രയ്ക്കായി ഇറങ്ങുന്നവരാണ്.  പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ മനുഷ്യരും തെരുവിലെ നായ്ക്കളും ചുറ്റി നടക്കാനിറങ്ങും ശ്രദ്ധിച്ചിട്ടുണ്ടോ?
പലചരക്ക് കടയും ബേക്കറിയും പച്ചക്കറിക്കടയും തുറന്നിട്ടുണ്ട്. അകലം പാലിക്കണമെന്ന് സർക്കാറിന്റെ നിർദ്ദേങ്ങൾ ഉണ്ടെങ്കിലും സാധനങ്ങൾ കിട്ടാനുള്ള ഒരുതരം ആർത്തിയോടെ ചില മനുഷ്യർ തിരക്കുകൂട്ടി നില്ക്കുന്നു.    അടഞ്ഞുകിടക്കുന്ന കടകളുടെ കൂട്ടത്തിൽ സതീശന്റെ കടയുണ്ട്. സതീശൻ, ജംഗ്ഷനിൽ നേരെത്തെ വന്നതാണ്. സ്കൂട്ടർ തണലിലേക്ക് മാറ്റിവച്ച് പോലീസുകാരുടെ ശ്രദ്ധ തിരിയാൻ കാത്തിരിക്കുകയായിരുന്നു. 
 
ഇടയ്ക്ക് സതീശൻ  ഷട്ടർതുറന്നു സ്വന്തം കടയിൽ ഒരു കള്ളനെപ്പോലെ തിടുക്കത്തിൽ അകത്തുകയറി. ഇരുട്ടിലും പരിചിതമായ സ്വിച്ച് ബോക്സ് കണ്ടെത്തി ലൈറ്റും ഫാനും ഓൺ ചെയ്തു. പുറത്ത് കത്തിക്കാളുന്ന പകൽ. ഇതിപ്പോൾ തന്റേതു മാത്രമായ ലോകം. സതീശന് അഭിമാനവും വല്ലാത്തൊരു ആശ്വാസവും തോന്നി. രാവിലെ മുതൽ രാത്രി വരെ കഴിഞ്ഞുകൂടുന്ന കടയുടെ ഉൾവശം. കടയ്ക്കുള്ളിലെ ഗന്ധത്തിലലിഞ്ഞ്  സ്ഥിരം ഇരിക്കുന്ന കസേരയിൽ സതീശൻ നീണ്ടുനിവർന്നിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ കണ്ണടച്ചു.
എത്ര ദിവസമായി വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്നു. കുറെ ദിവസമായി കട തുറന്നൊന്ന് അകത്ത് കയറാൻ ആഗ്രഹിക്കുന്നു. ഒരു പ്രതീക്ഷയുമില്ലാതെ ലോക്ക് ഡൗൺ നീണ്ടുപോകുന്നു. കയ്യിൽ കരുതിയിരുന്ന രൂപയൊക്കെ തീർന്നു. അങ്ങിനെ തക്കംനോക്കിയാണ് ഇന്ന് കട തുറന്ന് അകത്തു കയറിയത്.
ഇനിയുള്ള ദിനങ്ങളെക്കുറിച്ചോർത്ത് സതീശന് വല്ലാത്ത വേവലാതി തോന്നി. എത്രയടച്ചാലും തീരാത്ത ബാങ്ക്ലോൺ, കുട്ടികളുടെ പഠനം, കച്ചവടത്തിന്റെ ആവശ്യത്തിനെടുത്ത ചെറിയ കടങ്ങൾ, വിളിച്ചെടുത്ത ചിട്ടികളുടെ ബാക്കിയടയ്ക്കാനുള്ള ഗഡുക്കൾ... 
 
എന്നും ഓർക്കും ഈ കടമൊക്കെ തീർത്ത്
സ്വസ്ഥമായി  ഇരിക്കണമെന്ന്. പക്ഷേ, കടമെന്നത് ചുറ്റിവരിഞ്ഞ ഒരു പെരുമ്പാമ്പാണ്. അതങ്ങനെ അറിയാതെ വേദനിപ്പിക്കാതെ ഞെരിച്ചുകൊണ്ടിരിക്കും.
 
 ഇവിടെ ഇങ്ങനെ ഇനിയുമിരിന്നിട്ടെന്നു കാര്യം? സതീശൻ കസേരയിൽ നിന്നെഴുന്നേറ്റു. താനെന്നും രാവിലെ വിളക്കു വയ്ക്കാറുള്ള ദൈവങ്ങളുടെ ഫോട്ടോകളുടെ മുമ്പിലെ കാണിക്കപാത്രം എടുത്ത് മുന്നിലേക്ക് കമിഴ്ത്തി.  കുറെ ചില്ലറകളും പഴയ കുറെ നോട്ടുകളും അയാൾക്കു മുന്നിൽ ചിതറിവീണതു കണ്ടപ്പോൾ സതീശന്റെ കണ്ണുകളിൽ പുതിയൊരു തിളക്കം വീണു.
ചില്ലറകളൊന്നും എണ്ണിനോക്കാൻ പോലും ശ്രമിക്കാതെ പാന്റിന്റെ പോക്കറ്റിലേക്ക് നിറച്ചു. അമ്പലും പള്ളിയുമൊക്കെ അടഞ്ഞു കിടക്കുകയാണ്. ദൈവങ്ങൾപോലും പുറംലോകം കാണാതിങ്ങനെ മടിപിടിച്ചിങ്ങനെ മയങ്ങുമ്പോൾ, ഈ ചില്ലറത്തുട്ടുകൾ കൊണ്ട് കുട്ടികൾക്ക് ഇഷ്ടമുള്ള മധുരപലഹാരവും കുറച്ചു പലചരക്ക് സാധനവും വാങ്ങണം എന്നുറപ്പിച്ച് സതീശൻ പിന്നേയും  ഒരു കള്ളന്റെ ചലനഭാവങ്ങളോടെ ഷട്ടർ പതുക്കെ പൊക്കി പുറത്തേക്കിറങ്ങി. ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി ഷട്ടർ പൂട്ടി. 
 
ശേഷം തുറന്നു വച്ചിട്ടുള്ള ബേക്കറിയിലേക്ക് വല്ലാത്തൊരു ആത്മവിശ്വാസത്തോടെ കയറിച്ചെന്നു. അവിടത്തെ ചില്ലുകൂട്ടിലെ നിരന്നിരിക്കുന്ന നിറമുള്ള മധുരപലഹാരങ്ങളോട് ഏറെ വാത്സല്യംതോന്നി സതീശനപ്പോൾ.
 

പ്രശാന്ത് വിസ്മയ

Share this on