menu

130. കവിത - എന്നിലേക്ക് ഞാൻ

ജസിയ ഷാജഹാൻ

കവിത
 

"എന്നിലേക്ക് ഞാൻ"

 
 
ഞാനെന്നിലേയ്ക്കു
ചുരുങ്ങുമ്പോൾ
എന്റെ ലോകം
ഭ്രാന്തമാണെന്നു
നിങ്ങൾ പുലമ്പരുത്!
വിലക്കുകളുടെ
അതിർവരമ്പുകളിൽ
പഴകിദ്രവിച്ച എന്റെ
 മുരടിപ്പുകൾക്ക്
തലപ്പുകൾ പൊന്തുമ്പോൾ.....
അതു ക്യാൻസറാണെന്ന്
നിങ്ങൾ ആക്രോശിക്കരുത്!
എന്റെ നെറ്റിപ്പട്ടത്തിന്റെ
മാറ്റുരയ്ക്കാൻ
മൈക്ക് സെറ്റുകൾ
നിരത്തി നിങ്ങളെന്നെ കീറിമുറിയ്ക്കരുത്!
 
ഗർഭം ധരിയ്ക്കാതെ
ഞാനൊരമ്മയായാൽ
കുഞ്ഞിന്റെ പിതൃത്വം
തിരഞ്ഞ് ഒരായിരം
മുഖങ്ങൾക്ക് നിങ്ങൾ
കൊള്ളിവയ്ക്കരുത്!
ഇതേവരെ ശ്വാസം
മുട്ടിയ എന്റെ മൗനം
ചുണ്ടുകൾ പിളർക്കുമ്പോൾ....
കാതുകൾ കൊട്ടിയടച്ച്
എന്റെ അവസാന
അത്താഴം നിങ്ങളൊരുക്കരുത്!
 
എന്റെ പരിണാമചക്രങ്ങളിലെ
തിരിച്ചറിവുകൾക്ക്
ഞാൻ തലക്കെട്ടുകൾ
വയ്ക്കുമ്പോൾ....
എന്നെ മുഴുഭ്രാന്തിന്റെ
ഷോക്കിൽ 
ഒറ്റത്തവണ കൊണ്ട്
നിങ്ങൾ കൊല്ലരുത്!
കാരണം നിങ്ങളൊക്കെ എത്രയോ മുമ്പേ
 എന്നിൽ
മരിച്ചിരിയ്ക്കുന്നു.....
ഇനി ഞാൻ സ്വതന്ത്ര യായി എന്നിലേക്ക്
ചുരുങ്ങട്ടെ !
 

ജസിയ ഷാജഹാൻ

Share this on