menu

131. കഥ - കള്ളന് കിട്ടിയ പ്രേമലേഖനം

ആദർശ് കെ എസ്

കഥ
 

കള്ളന് കിട്ടിയ പ്രേമലേഖനം 

 
 
"ഹോ ഇവനൊക്കെ എന്തിനാണാവോ ഇത്രേം വല്ല്യ വീട്.. ഒറ്റ പൈസയില്ല എവിടെയും " 
 
ആളൊഴിഞ്ഞ ഒരു വല്ല്യ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കുമാരേട്ടന് അവിടുത്തെ സ്ഥിതിഗതികൾ കണ്ട് ഒട്ടും ബോധിച്ചില്ല. 
 
ഒടുക്കം തെക്കേ മുറിയുടെ ഒരു കോണിൽ അടച്ചു പൂട്ടിയ അലമാര കള്ളൻ കുമാരന്റെ ശ്രദ്ധയിൽപ്പെട്ടു. സേവന പാരമ്പര്യം ഒരുപാടുള്ളതുകൊണ്ടാകാം നിഷ്പ്രയാസം അലമാര തുറന്നു. കുമാരേട്ടനെ നിരാശനാക്കുന്ന കാഴ്ചയായിരുന്നു അത്. പൊന്നും പണവും ഒന്നും ഇല്ല ..തുണികൾക്കിടയിൽ ഒരു കത്ത് ഇരിപ്പുണ്ടായിരുന്നു... മനസ്സില്ലാമനസോടെ കുമാരൻ അത് വായിച്ചു... 
 
" ന്റെ സുധിയേട്ടന്.., 
 
പ്രേമലേഖനം വായിച്ചിട്ടുണ്ടോ സുധിയേട്ടൻ.. മ്മടെ ബഷീറിന്റെ പ്രേമലേഖനം... "
 
കള്ളൻ കുമാരൻ ഒന്നു ചിരിച്ചു.. 
 
"എന്നും ആത്മഹത്യാക്കുറിപ്പും പ്രാരാബ്‌ധമൊക്കെയാണ്... ആദ്യായിട്ടാ ഒരു പ്രേമലേഖനം... " 
വായിച്ചിട്ടു തന്നെ കാര്യം... 
 
കസേരയിൽ ഇരുപ്പുറപ്പിച്ചു വായന തുടങ്ങി...മോഷ്ടിക്കാൻ വന്ന കുമാരൻ പ്രേമലേഖനത്തിൽ മുഴുകിപോയി... കൊച്ചു കൊച്ചു പരിഭവങ്ങളും ആഗ്രഹങ്ങളുമെല്ലാം അയാളെ മനസ്സുതുറന്നു ചിരിപ്പിച്ചു... 
 
ഒരിക്കൽ ആളറിയാതെ പോലീസുകാരന്റെ വീട്ടിൽ കാക്കാൻ കയറിയതും... അയാളുടെ പെങ്ങളെ കണ്ടപ്പോൾ  ഓടാതെ ഇടി മൊത്തം കൊണ്ടുനിന്നതും... പിന്നീട് അതേ പെങ്ങളെ തന്നെ മോഷ്ടിച്ച് ഇടിയുടെ കടം വീട്ടിയതുമെല്ലാം... ഒരു ക്യാൻവാസിൽ എന്നപോലെ ആ കത്തിലൂടെ കള്ളൻ കുമാരന്റെ മനസ്സിൽ കടന്നു പോയി... 
 
"ഞായറാഴ്ച്ച അച്ഛനും അമ്മയും ഒരു യാത്ര പോവാണ്.. അന്ന് ഞാൻ ഇറങ്ങി വരും... സുധിയേട്ടൻ വരണം.. 
എന്ന് സ്വന്തം.... "
 
വായിച്ചവസാനിച്ചതും കുമാരൻ അവിടെയുണ്ടായിരുന്ന കലണ്ടർ നോക്കി... അതെ... ആ ദിവസം ഇന്നാണല്ലോ ... 
എന്തിന്നില്ലാത്തയൊരു പേടിയും ആകാംക്ഷയും അയാളുടെ ഉള്ളിൽ വന്നു... 
കത്ത് ഇവിടെ ഇരിക്കുമ്പോൾ.. ആ പയ്യൻ ഇതെല്ലം അറിഞ്ഞിരിക്കുമോ ??? അവർ ഒന്നിച്ചു കാണുമോ ??? അതോ ??....
 
മുറി മൊത്തം അരിച്ചു പെറുക്കി ആ പയ്യന്റെ പേരും സ്ഥലവും കിട്ടി.. അവിടുത്തെ ഫോണിൽ നിന്നു ആരെയെയൊക്കെയോ കുമാരൻ വിളിച്ചു... സമയം പോകുന്നതൊന്നും അയാൾ അറിഞ്ഞില്ല... മോഷണത്തിന്റെ കാര്യം മറന്നു പോയിരിക്കുന്നു... 
 
ഏറെ നേരത്തിനു ശേഷം ആ വീട്ടിലേക്കൊരു ഫോൺ കോൾ വന്നു... അക്ഷമനായി അയാൾ ഫോൺ എടുത്തു... തന്റെ വീട്ടിൽ കയറിയ കള്ളനോട്
 
" ഒരായിരം നന്ദി " 
 
മാത്രം പറഞ്ഞു ഒരു പെൺ ശബ്‌ദം ഫോൺ കട്ട് ചെയ്തു... 
 
അവർ ഒന്നിച്ചതിൽ തനിക്കും പങ്കുണ്ടെന്നു അയാൾ വിശ്വസിച്ചു... തന്റെ കടമ പൂർത്തിയായിരുന്നു എന്ന സന്തോഷത്തോടെ അയാൾ മടങ്ങി... 
 
വീട്ടിൽ തിരിച്ചെത്തിയ കുമാരൻ.. മോഷ്ടിച്ച കത്ത് തന്റെ ഭാര്യക്ക് കൊടുത്തിട്ടു സന്തോഷത്തോടെ പറഞ്ഞു... 
 
"ഒരു പോലീസ്‌കാരന്റെ പെങ്ങളെ മോഷ്ടിച്ചതിൽ പിന്നെ മനസ്സുനിറഞ്ഞു മോഷ്ടിച്ചത് ഇന്നാണ് " 
"ദൈവം അവരെ അനുഗ്രഹിക്കട്ടെ "...
 

ആദർശ് കെ എസ്

Share this on