menu

156 കഥ - ഉറുമ്പുകൾ കഥ പറഞ്ഞപ്പോൾ

പ്രീത എസ്

കഥ
 

*ഉറുമ്പുകൾ കഥ പറഞ്ഞപ്പോൾ*

 
ഉറുമ്പുകളുടെ ശവഘോഷയാത്ര കണ്ടുകൊണ്ടിരുന്ന വസന്തൻ ഒരു വെളിപാടുണ്ടായതുപോലെ ഒന്ന് ചാടിയെഴുന്നേൽക്കുവാൻ ശ്രമിച്ചു. ഉണർന്നിരിക്കുന്ന മനസ്സിന് സാധിക്കുമായിരുന്നില്ല ചലനമറ്റ ആ ശരീരത്തിന് ജീവൻ പകരുവാൻ. കട്ടിലിനുഭാരമായി മനസ്സിന് അധികപ്പറ്റായി ആ ശരീരം നിശ്ചലതയെ പുണർന്ന് കിടന്നു..........
ഉറുമ്പുകളുടെ റാണി മരിച്ചിരിക്കുന്നു. റാണിയുടെ ചേതനയറ്റ ശരീരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വാതിൽപ്പഴുതിലൂടെ പുറത്തേക്ക് കടന്നിരിക്കുന്നു.എങ്ങോട്ടായിരിക്കും ആ ഘോഷയാത്ര പോകുന്നതെന്ന് അറിയുവാനുള്ള ഉത്കണ്ഠയാൽ മനസ്സ് വിങ്ങി.......
ആഗ്രഹിക്കുന്നതെല്ലാം വെട്ടിപ്പിടിക്കണമെന്ന ഭ്രാന്തിൽ ഇല്ലാതായത് മധുരതരമാക്കാമായിരുന്ന ജീവിതമായിരുന്നു...
ഒരു ആക്സിഡൻ്റിൽ പെട്ട് കഴുത്തിന് കീഴ്പ്പോട്ട് തളർച്ച ബാധിച്ചനാൾ മുതലുള്ള ഈ ഒറ്റമുറി ലോകം മടുപ്പാർന്നുതുടങ്ങിയ നാളുകളിലായിരുന്നു ഭിത്തിയിലൂടെയുള്ള വരിയൊപ്പിച്ചുള്ള ഉറുമ്പുകളുടെ നടത്തം ശ്രദ്ധിക്കുവാൻ തുടങ്ങിയത്. അവ വാതിലിനു സമീപമുള്ള ഭിത്തിയിൽ നിർമ്മാണപ്പാകപ്പിഴവിനാൽ രൂപംകൊണ്ട തുളയിലായിരുന്നു താമസം. അമേരിക്കയിലുള്ള ഏക മകൻ്റെ സൗജന്യത്താൽ ഏർപ്പാടാക്കിയ ഹോംനേഴ്സിൻ്റെ കാരുണ്യത്താൽ, ശരീരം അഴുകാതിരിക്കുവാൻ തിരിച്ചും മറിച്ചും കിടത്തുന്ന കിടപ്പുകളിലായിരുന്നു ഉറുമ്പുകളുടെ സുന്ദരമായ ജീവിതം ആസ്വദിക്കാറ്. കൂട്ടുകുടുംബമെന്ന സ്വർഗ്ഗം ഇതായിരുന്നുവെന്ന് ഈ വൈകിയ വേളയിൽ ജീവിച്ചുകാണിച്ചു തരുന്ന ഈ ഉറുമ്പുകൾ എത്ര മഹത്വമാർന്നവരാണ്......
അച്ഛനപ്പൂപ്പൻമാരായിട്ട് കൂട്ടുകുടുംബമായി ജീവിച്ചിരുന്ന സമയങ്ങളിലൊക്കെ എപ്പോഴൊക്കയോ മനസ്സിൽ തലപൊക്കിയ സ്വാർത്ഥത ഒരു വിവാഹജീവിതം ആരംഭിച്ചതോടെ പൂർണ്ണമായി......
പക്ഷെ തൻ്റെ പെണ്ണ് കുഞ്ഞുലക്ഷ്മി കൂട്ടുകുടുംബം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നുവല്ലോ.അവളുടെ ആഗ്രഹങ്ങളെ ചവുട്ടിമെതിച്ചായിരുന്നല്ലോ തൻ്റെ ജീവിതം . കുടുംബത്തിൽ തലമൂത്ത തന്നെ കണ്ട് പഠിച്ച ഇളംതലമുറക്കാരെല്ലാം അണുകുടുംബങ്ങളിലേക്ക് കൂടുമാറ്റം നടത്തി.അച്ഛനപ്പൂപ്പൻമാരും അവരുടെ സഹോദരങ്ങളുമടക്കമുള്ള വൃദ്ധ ദമ്പതിമാരെല്ലാം ഒറ്റപ്പെട്ടു. എന്നിട്ടും അവരെല്ലാം മരണംവരെ ഒരുമിച്ചുതന്നെ കഴിഞ്ഞു.ഒക്കെ കണ്ടപ്പോൾ ഒരു പുച്ഛമായിരുന്നു അന്ന് തോന്നിയിരുന്നത്. പക്ഷെ ഇന്നു മനസ്സിലാകുന്നു ഒരു സ്വർഗ്ഗമായിരുന്നു അതെന്ന്......
ഉറുമ്പുകൾ അവരുടെ റാണിയെ പ്രത്യേകം പാർപ്പിച്ചിരുന്നു. മുട്ടയിട്ട് പുതുതലമുറയെ സൃഷ്ടിക്കേണ്ട, റാണിക്കുള്ള ഭക്ഷണവും മറ്റും മറ്റുള്ളവർ വളരെ കൃത്യമായി എത്തിച്ചുകൊടുക്കുന്നു.സ്ത്രീയ്ക്കുള്ള എല്ലാ മാന്യതകളും അവർ റാണിയ്ക്ക് നൽകുന്നു....
ഒരിക്കൽ റാണി ചിറകുള്ള രാജകുമാരനുമായി ഇണചേരുന്നത്  കണ്ടിരുന്നു.പക്ഷെ അടുത്തനിമിഷം രാജകുമാരൻ മരിച്ചുവീന്നത് വളരെ അരോചകമായി തോന്നിയെങ്കിലും അവയൊക്കെ ഭാവിതീരുമാനങ്ങൾക്കനുസരണമായിരിക്കുമെന്ന് തോന്നി....... 
എന്നാൽ ഈ രണ്ടുവർഷത്തെ ഉറുമ്പുനിരീക്ഷണത്തിൽ ഒരിടത്തും ലൈംഗികതൃഷ്ണ നിയന്ത്രിക്കുവാനാവാതെയുള്ള ലൈംഗിക അരാജകത്വം ആ ഉറുമ്പുസമൂഹത്തിൽ കണ്ടതില്ല. 
കുഞ്ഞുലക്ഷ്മി നിറവയറുമായി കഷ്ടപ്പെടുന്നത് കണ്ട് ഒരു സുഖം മനസ്സിലിട്ട് ലാളിച്ചനിമിഷങ്ങളെ അയാൾ ശപിച്ചു. അഹങ്കാരത്തിൽ നിന്നും ഉയിർകൊണ്ട ഉൻമാദം തന്നെ കീഴ്പ്പെടുത്തിയിരുന്നു.അങ്ങനെയായിരുന്നുവല്ലോ തൻ്റെ നാശം ആരംഭിച്ചതും. ഒരുവേളയിൽ, മദ്യലഹരിയിലായിരുന്ന താൻആഞ്ഞുചവിട്ടിയപ്പോൾ  അവൾ പിടഞ്ഞു മരിച്ചപ്പോളുണ്ടായ നഷ്ടം തനിക്കുമാത്രമായിരുന്നുവെന്ന് മനസ്സിലാക്കുവാൻ ഈ മരണക്കിടക്കയിലെത്തേണ്ടിയിരുന്നു ഈ പാപിക്ക്.എത്രനാളിനി ഇങ്ങനെ സ്വയംശപിച്ചും മറ്റുള്ളവരുടെ ഔദാര്യത്തിലും കഴിയും.ഒരല്പനേരത്തേയ്ക്ക് ചലനശേഷി തിരിച്ചുകിട്ടിയിരുന്നെങ്കിൽ ജീവിതം എങ്ങിനെയും അവസാനിപ്പിക്കാമായിരുന്നു.....വസന്തൻ വീണ്ടും ഉറുമ്പുകളുടെ ചിന്തകളിൽ മുഴുകി....ഈ കുഞ്ഞുറുമ്പുകളുടെ റാണിയുടെ നഷ്ടം പക്ഷെ അവരുടെ എല്ലാവരുടെയും നഷ്ടമാണെന്ന് വിളിച്ചോതുന്ന മരണഘോഷയാത്രയിലെ അവസാന ഉറുമ്പും പടികടന്ന് പോകുന്നതുനോക്കി വസന്തൻ കണ്ണുകൾ മുറുകെഅടച്ച നേരം മിഴികളിൽ തങ്ങിയ കണ്ണുനീർ കിടക്കയിലേക്ക് പതിയെ ഒഴുകിയിറങ്ങി.......
 

       *പ്രീത എസ്*

Share this on