menu

16 കഥ എഴുതിയത് സിരാജ് ശാരംഗപാണി

ചുളിഞ്ഞ കൈവിരലുകൾ

കഥ
 

ചുളിഞ്ഞ കൈവിരലുകൾ 

 
 
"ഇന്നിനി തിരിച്ചുപോണോ? മുറിയിൽ ചെന്നാലും തനിച്ചല്ലേ.", വൃദ്ധൻ ചോദിച്ചു. 
 
"പോയിട്ടൊന്നുമുണ്ടായിട്ടല്ല. എങ്കിലും വേണ്ട. ഒരു പകൽ ഞാൻ കട്ടെടുത്തില്ലേ? 
മനസിന്റെ ഭാരം ഒന്നുകുറഞ്ഞുകിട്ടി. തീരെയില്ലാതായാൽ ജീവിക്കാൻ പറ്റില്ല. ശീലമായി പോയി ഈ വേദനകളും.",  വൃദ്ധന്റെ മുഖത്തുനോക്കി അയാൾ പറഞ്ഞു. 
 
"എന്നാൽ ഈ രാത്രിയിൽ ഇവിടെ  കൂടാം. ഭക്ഷണത്തിനൊന്നും രുചിയുണ്ടാവില്ല. എന്നാലും ഒന്നിച്ചിരുന്നു കഴിക്കാം. ഞങ്ങൾ മാത്രമായാൽ ഇവിടെ തല്ലുപിടിക്കാനെ നേരമുള്ളൂ. മോനും കൂടെയുണ്ടെങ്കിൽ അതു മാറ്റിവയ്ക്കാമല്ലോ?",  വൃദ്ധയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ അയാളിൽ വീണ്ടും കുളിർമഴയായി  പെയ്തിറങ്ങി. 
 
കുറച്ചു ദിവസമായി അമ്മയെയും അച്ഛനെയും കണ്ടിട്ട്. കുറെ ദൂരെയുള്ള വീട്ടിലാണവർ. ജോലിയിൽ സ്ഥലംമാറ്റം കിട്ടി എത്തിയതാണിവിടെ. നല്ലൊരു ഗ്രാമം. 
 
ഓഫീസിലേക്കുള്ള ബസ് യാത്രയിൽ പരിചയപ്പെട്ടതാണ് വൃദ്ധനെ. പിന്നീടൊരിക്കൽ ഓഫീസിൽ ഒരു വേണ്ടപ്പെട്ട സർട്ടിഫിക്കറ്റിനായി വൃദ്ധൻ വന്നു. പെട്ടന്നു കാര്യം നടന്നപ്പോൾ വൃദ്ധന് സന്തോഷമായി. അയാളുടെ പോക്കറ്റിലേക്ക് തിരുകി കയറ്റാൻ നോക്കിയ പച്ചനോട്ടുകൾ, തിരികെ വൃദ്ധന്റെ കയ്യിൽ ബലമായി തിരിച്ചു കൊടുത്തു. 
 
"ഒരു സന്തോഷത്തിന്‌... ", വൃദ്ധൻ വീണ്ടും പണം വാങ്ങാൻ നിർബന്ധിച്ചു. 
 
"ഇങ്ങനെ ആരെയും സന്തോഷിപ്പിക്കരുത്. പിന്നെ സന്തോഷം കിട്ടാതെ ജോലി ചെയ്യാതാകും.",  അയാൾ പറഞ്ഞു. 
 
അങ്ങനെ വളർന്ന സ്നേഹമാണ് ഇന്ന് അയാളെ ഈ വീട്ടിലെത്തിച്ചത്. വൃദ്ധൻ പലവട്ടം സ്നേഹത്തോടെ ക്ഷണിച്ചിരിന്നു. ഉച്ചയാകുന്നതിനു മുൻപ് അവിടെയെത്തിയപ്പോൾ,  അയലത്തെ കുട്ടികൾ ആ കൊച്ചുവീട്ടിൽ കളിച്ചു രസിക്കുകയായിരുന്നു. കൂടെ വൃദ്ധനും. വൃദ്ധൻ സന്തോഷത്തോടെ സ്വീകരിക്കാൻ ഓടിയെത്തി. 
 
വൃദ്ധന്റെ ചുളിഞ്ഞ വിരലുകളുടെ സ്പർശനം, അയാളുടെ ചിന്തകളെ അച്ഛനിലേക്കെത്തിച്ചു. അടുത്തയാഴ്ച്ച വീട്ടിൽ പോവണം. അയാൾ മനസ്സിലുറപ്പിച്ചു. 
 
"എടിയേ, ഇതാരാണ് വന്നതെന്നു നോക്ക്." വൃദ്ധൻ ഉച്ചത്തിൽ അകത്തേക്ക് വിളിച്ചുപറഞ്ഞു. 
 
"അപ്പുറത്തെ പിള്ളേരല്ലേ? എനിക്കിവിടെ കുറെ പണിയുണ്ട്. ചോറും കറീം വെറുതെ മേശപ്പുറത്തു വരില്ല.",  വൃദ്ധയുടെ ശബ്ദം പുറത്തേക്കു വന്നു. 
 
"പിള്ളേരല്ലേടി. ഞാൻ പറയാറില്ലേ ഒരു സാറിന്റെ കാര്യം. ആ സാറാണ്.", അയാൾ അഭിമാനത്തോടെ വിളിച്ചു പറയുമ്പോൾ, വൃദ്ധ വീടിനുള്ളിൽ നിന്നു പുറത്തുവന്നു. 
 
വൃദ്ധയുടെ മുഖത്തെ തിളങ്ങുന്ന സന്തോഷം അയാളെ അത്ഭുതപ്പെടുത്തി. 
 
പിന്നെ എന്തൊക്കെയോ പരസ്പരം പറഞ്ഞും കുട്ടികളുടെ കളികളിൽ രസിച്ചും ഇരുന്നപ്പോൾ,   സമയം പോയതറിഞ്ഞില്ല. വൃദ്ധനും വൃദ്ധയും അയൽപക്കത്തെ കുട്ടികളും ഒത്തുചേർന്ന ഒരു മായാലോകം. അയൽക്കാരും പരിചയപ്പെടാൻ വന്നു. സന്ധ്യയായതോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി. വൃദ്ധദമ്പതികളുടെ മുഖത്ത് ദുഃഖം പടരുന്നത് അയാൾ കണ്ടു. 
 
സമയം പോയകാര്യം അപ്പോഴാണ് അയാൾക്ക് ഓർമ്മവന്നത്. 
 
"ഇനി ഞാനിറങ്ങട്ടെ. നിങ്ങളുടെ ഒരു ദിവസം ഞാൻ കളഞ്ഞു.",  അയാൾ പറഞ്ഞു. 
 
"ഞങ്ങളുടെ മകനും ദൂരെയാണ് ജോലി. ഇന്ന് മക്കളെയും കൂട്ടിവരുമെന്നു പറഞ്ഞിരുന്നു. വരാൻ പറ്റിയില്ല. അതോർത്തിരിക്കുമ്പോഴാണ് മോൻ വന്നത്." വൃദ്ധൻ അതുപറയുമ്പോൾ വൃദ്ധന്റെ ചുളിഞ്ഞ കൈവിരലുകളുടെ സ്പർശനം അയാൾ വീണ്ടുമറിഞ്ഞു. 
 
സാർ എന്ന വിളി മോൻ എന്നതിലെത്തിയപ്പോൾ, അയാളുടെ മനസൊന്നു പിടഞ്ഞു. 
 
കാത്തിരിക്കുന്ന അച്ഛനുമമ്മയും മുന്നിൽ വന്നു നിൽക്കുന്നതായി അയാൾക്കു തോന്നി. അകലെയാകുമ്പോഴും അരികിലെത്തുന്ന സ്നേഹം. അയാളുടെ കണ്ണുകളിൽ നനവു പടർന്നു. 
 
 

     സിരാജ് ശാരംഗപാണി

Share this on