menu

26.സിസിലി സി എ

ഒരു മഴ പെയ്തെങ്കിൽ...

കഥ
 

ഒരു മഴ പെയ്തെങ്കിൽ...

 
 
' കഴിച്ചിട്ട് പോയാൽ മതി. ഞാൻ വെളുപ്പിന് എഴുന്നേറ്റ് എന്തെങ്കിലും ഉണ്ടാക്കാം "
"വേണ്ട... ഞാൻ അവിടെയെത്തിയിട്ട് കഴിച്ചോളാം. നീ ലൈറ്റണച്ച് വന്ന് കിടക്കൂ "  രജനി കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കരുത് .തൻ്റെ യാത്ര തികച്ചും ഔദ്യോഗികം എന്നാണ് അവൾ കരുതിയിരിക്കുന്നത്. അത് അങ്ങനെ തന്നെയിരിക്കട്ടെ..
 
    അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയോട് പോകുന്ന കാര്യം പറഞ്ഞു. തിരിച്ചെപ്പോഴെത്തും എന്നു മാത്രമാണ് അമ്മ ചോദിച്ചത്.അമ്മ കുറച്ചു കാലമായി അങ്ങനെയാണ്. അത്യാവശ്യത്തിന് മാത്രമേ സംസാരിക്കൂ. തൻ്റെ വിവാഹ ശേഷമാണോ അമ്മയ്ക്ക് ഈ മാറ്റം?.. അടുത്ത കാലത്താണ് താനതു ശ്രദ്ധിച്ചു തുടങ്ങിയത്...
അമ്മ മനസ്സുകൊണ്ട് ഒരു ഏകാന്തത അനുഭവിക്കുന്നുണ്ട് .. സമയം പന്ത്രണ്ടാകുന്നു . വല്ലാത്ത ചൂട്‌.. ഒരു മഴ പെയ്തെങ്കിൽ.......
 
രജനിഉറങ്ങിക്കഴിഞ്ഞു. ബാഗിൽ  ആ ഡയറി ഉണ്ടെന്ന് ഒരിക്കൽക്കൂടി ഉറപ്പു വരുത്തി. ജീവിതത്തിൽ അവിചാരിതമായാണ് പലതും സംഭവിക്കുന്നത്.. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും മനസ്സ് മന്ത്രിച്ചു. 'സുൽത്താൻ ബത്തേരി' ..
 
അഞ്ചാറ് പേരെ വണ്ടിയിലുള്ളൂ.സൈഡ് സീറ്റിൽ തന്നെ ഇരുന്നു. രാത്രി ഉറക്കം ഒട്ടും ശരിയായില്ല. എത്ര തവണ താൻ വയനാട് പോയിരിക്കുന്നു. പക്ഷെ ഈ യാത്ര ......
 
 'എത്ര പുസ്തകങ്ങളാണ് അമ്മയുടെ മുറിയിൽ മേശപ്പുറത്ത് പൊടി പിടിച്ചിരിക്കുന്നത്. അതൊക്കെ നമുക്ക് ആ ഷെൽഫിലോട്ട് മാറ്റാം ' കഴിഞ്ഞ ദിവസം   വീട് വൃത്തിയാക്കുന്ന സന്ദർഭത്തിലാണ് രജനി ഈ അഭിപ്രായം പറഞ്ഞത്.
'ഹാ... ഞാൻ അടുക്കി വച്ചോളം . നീ അടുക്കളയിലേക്ക് പൊയ്ക്കോളൂ....' അമ്മയുടെ മുഖം കണ്ടപ്പോൾ രജനിയോട് അങ്ങനെ പറയാനാണ് തോന്നിയത്. അമ്മ രജനിയോട് മറുത്തൊന്നും പറയാറില്ല. രജനിയുടെ പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതം അമ്മയെ ചെറുതായി അസ്വസ്ഥയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും ഒരു കുഞ്ഞ്  ജനിക്കാത്തതിലുള്ള അവളുടെ മനസ്സിന്റെ തേങ്ങൽ  നന്നായറിയാവുന്നതു കൊണ്ട് രജനിയോട്  എതിർത്തൊന്നും പറയാൻ തനിക്കും തോന്നാറില്ല.
 
പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നതിനിടയിലാണ് ആ ഡയറി കണ്ണിൽപ്പെട്ടത്. ഓരോ താളുകളിലും അലസമായി കോറിയിട്ടിരിക്കുന്ന കവിതകൾ .... 'നിന്റെ ഒരെഴുത്ത്. വെറുതെയല്ല നാട്ടുകാര് ഓരോന്ന് പറയുന്നത് " അച്ഛന്റെ അല്പം പോലും ദയയില്ലാത്ത വാക്കുകൾ . അമ്മയുടെ പിറകിൽ ഒളിച്ചു നിന്ന ആ അഞ്ചു വയസ്സുകാരന് അന്ന് ഒന്നും മനസ്സിലായില്ല. പക്ഷെ അമ്മയുടെ കണ്ണ് നിറയുന്നതു മാത്രം സഹിക്കാനായില്ല.
 
'ജാതകദോഷത്തിലൊക്കെ കാര്യമുണ്ടന്നേ..... പുലിപോലെ നടന്നിരുന്ന മനുഷ്യനാണ്. 'അച്ഛന്റെ മൃതദേഹത്തിനടുത്ത് ശില പോലെയിരിക്കുന്ന അമ്മയെക്കുറിച്ചാണ് ആളുകൾ പറഞ്ഞതെന്ന്  മനസ്സിലാക്കിയത് കാലങ്ങൾക്ക്‌ ശേഷമാണ്. 'എന്റെ അമ്മയ്ക്ക് ഒരു ദോഷവുമില്ല'.... പിന്നീട് എത്ര തവണ മനസ്സിൽ പറഞ്ഞിരിക്കുന്നു.....
 
ബാഗിൽ നിന്നും ആ ഡയറി പുറത്തേക്കെടുത്തു. കാലപ്പഴക്കം ബാധിച്ച് നിറംമങ്ങിയ ആ കടലാസു കഷണം ... അതിലെ അക്ഷരങ്ങൾക്ക് ജീവനുള്ളതുപോലെ .. പി.എ ജോൺസൻ , പനയ്ക്കൽ വീട്
സുൽത്താൻ ബത്തേരി വയനാട് ...
നെഞ്ചിലെവിടെയോ ഒരു നീറ്റൽ... ഒന്നുറങ്ങാൻ സാധിച്ചെങ്കിൽ .....
 
അച്ഛന്റെ മരണശേഷം അമ്മ പുറത്തേയ്ക്കിറങ്ങുന്നത് താൻ പനി പിടിച്ച് കിടന്ന ദിവസമാണ്. മരുന്നു വാങ്ങി തിരികെ വരുമ്പോൾ അന്ന് അമ്മ കുറെ സംസാരിച്ചു. ആ വഴിയിലൂടെ പഠിക്കാൻ പോയത്, കവിതാ മത്സരത്തിൽ സമ്മാനം കിട്ടിയത് , കൂട്ടുകാരോടൊപ്പം നഗരത്തിലെ കോളേജിൽ പഠിക്കാൻ പോയത് ......അങ്ങനെ എന്തൊക്കെയോ .'പക്ഷെ അമ്മയക്ക് പഠനം പൂർത്തിയാക്കാൻ പറ്റിയില്ല കുട്ടാ ..... പതിനെട്ടു വയസ്സായപ്പോൾ തന്നെ മുത്തശ്ശൻ അമ്മയെ ...... '
 
'സരയൂ .....'. അമ്മ തിരിഞ്ഞു പോലും നോക്കാതെ നിന്നു പോയി.
കയ്യിലൊരു പൊതിയുമായി ജോൺസൻ മാഷ്. ഇത് വച്ചോളു കുട്ടാ'. മാഷിന്റെ കയ്യിൽ നിന്നും പൊതി വാങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് താൻ കണ്ടു. 'സരയൂ... ഞാൻ ശനിയാഴ്ച നാട്ടിലേക്ക് പോകും. ഒട്ടും ആഗ്രഹിക്കാത്ത സമയത്ത് ഒരു സ്ഥലംമാറ്റം ..... പോകാൻ തീരെ തോന്നണില്ല. ഒരുമിച്ചില്ലെങ്കിലും ഈ നാട്ടിലെങ്കിലും .......' മാഷ് ആ വാചകം പൂർത്തിയാക്കിയില്ല. അമ്മ ഒന്നും പറയുന്നില്ല. ' സരയൂ... നീയും മോനും എന്റെ കൂടെ വരുന്നോ .......'
തന്നെയും വലിച്ച് പൊട്ടിക്കരഞ്ഞു കൊണ്ടോടിയ അമ്മയുടെ രൂപം ..... അതിന്നും ഒരു മുറിവായി മനസ്സിനെ നീറ്റിക്കൊണ്ടിരിക്കുന്നു.
 
ഡയറിത്താളുകൾ ഓരോന്നായി മറിക്കുമ്പോൾ അമ്മയെ കൂടുതൽ അറിയുന്ന പോലെ ...
'കൗമാര സ്വപ്നങ്ങളെല്ലാം കൈത്തണ്ടയിലെ കുപ്പിവളകളായിരുന്നു ..
ആരോ അമർത്തിപ്പിടിച്ചപ്പോൾ
എല്ലാം വളപ്പൊട്ടുകളായി ....
വളപ്പൊട്ടുകൾ ചേർ ത്തു വച്ചു ഞാനൊരു ചില്ലു കൊട്ടാരം തീർത്തു.
ആരോ വലിച്ചെറിഞ്ഞൊരു കല്ലുകൊണ്ട് അത് തകർന്നു വീണു .....'
അച്ഛൻ പറഞ്ഞതോ നാട്ടുകാരു പറയുന്നതോ അല്ല അമ്മ ..... ആ മനസ്സ് അറിഞ്ഞത് താൻ മാത്രമാണ് ..
 
'പത്തു മുപ്പതു വർഷം കഴിഞ്ഞില്ലേ ... പേരൊന്നും പറഞ്ഞാലും ഓർമ്മ കിട്ടില്ല. 16 വർഷം ഞാൻ എറണാകുളത്തുണ്ടായിരുന്നു... ഇടവനക്കാട് സർക്കാർ സ്കൂളിൽ ... അന്ന് കൊടുത്ത വിലാസം വച്ച് പലരും ഇതുപോലെ ഇവിടെ വരാറുണ്ട്. അതൊരു സന്തോഷമാണ്'... മാഷ് സംസാരിക്കുമ്പോൾ
മുറ്റത്തു കളിക്കുന്ന കൗമാരക്കാരായ കുട്ടികളിലായിരുന്നു തന്റെ ശ്രദ്ധ മുഴവൻ. മദ്ധ്യവയസ്കയായ ഒരു സ്ത്രീ ചായ കൊണ്ടു വന്നു ..... മാഷോട് താനെന്താണ്‌ പറയേണ്ടത് ? ഇല്ല... ഒന്നുമില്ല.... ഒന്നും പറയരുത് 
'മാഷേ , ഞാൻ ഇറങ്ങട്ടെ...  തന്റെ നിറയുന്ന കണ്ണുകൾ മാഷ് കാണരുത്. പെട്ടെന്ന് ഇറങ്ങി നടന്നു. 'നിൽക്കൂ എന്തായാലും വിലാസവും ഫോൺ നമ്പറും തന്നേക്കൂ. എന്നെങ്കിലും എറണാകുളത്തേക്കു വരികയാണെങ്കിൽ ഞാൻ വിളിക്കാം.'
 
ഒരു കടലാസിൽ വിലാസവും മൊെബെൽ നമ്പറും എഴുതി. പിന്നെ മൊബൈൽ നമ്പർ വെട്ടി ലാന്റ് ഫോൺ നമ്പർ പകരം എഴുതി. കടലാസ് നാലാക്കി മടക്കി മാഷ്ടെ കയ്യിൽ കൊടുത്തു. യാത്ര പറയുമ്പോൾ മാഷ് കുറച്ച് വികാരാധീനനായോ.... തനിക്കു തോന്നിയതാവും ....
 
'എന്താ   മാഷേ... പെങ്ങളും കുട്ട്യോളും വന്നിട്ടുണ്ടല്ലേ : ഇന്ന് രാവിലെ പള്ളിയിൽ കണ്ടിരുന്നു.'.... പെട്ടെന്ന് തിരിഞ്ഞു നിന്നു . പെങ്ങളോ .... കുട്ടികളോ ....... മാഷ് ആരോടോ സംസാരിക്കുന്നു. ഒന്നു കൂടി തന്നെ നോക്കി കൈ വീശുന്നു...... തിരിച്ചു ചെന്നാലോ...വേണ്ട ....
 
 സ്റ്റാന്റിൽ ഓട്ടോറിക്ഷ ഒന്നുമില്ല... നല്ല മഴക്കോളുണ്ട്. മഴയ്ക്കു മുമ്പ് വീടെത്തണം.....വേഗം നടന്നു.
 
അമ്മയാണ് വാതിൽ തുറന്നത്.' അമ്മ ഇതുവരെ ഉറങ്ങിയില്ലേ ?......' ഇല്ല കുട്ടാ .... ഉറക്കം വന്നില്ല.'
അമ്മയുടെ മുഖത്തേക്കൊന്നു നോക്കി.... ഇതുവരെ കാണാത്ത ഒരു തെളിച്ചം ആ മുഖത്തുണ്ടോ ...ഏയ് ... തന്റെ തോന്നലാകാം ....
 
'പോയ കാര്യമെല്ലാം നടന്നോ ? 'പാതിയുറക്കത്തിൽ രജനി ചോദിച്ചു.
' നടന്നു .... നടക്കും.....'
 
പുറത്ത് മഴ പെയ്തു തുടങ്ങി .... പെയ്യട്ടെ ...... സമയം പന്ത്രണ്ടാകുന്നു. മുറിയിൽ മെല്ലെ മെല്ലെ ഒരു തണുപ്പ് പടർന്നു.....
 

സിസിലി  സി എ

Share this on