menu

271 - പുസ്തക പരിചയം "ആത്മസാഗരം''

വി.ആർ.നോയൽ രാജ്

പുസ്തക പരിചയം 

 

"ആത്മസാഗരം''

 
(ശ്രീ നാരായണ ഗുരുദേവന്റെ ആത്മോപദേശ ശതകത്തിന് ഒരു ജീവിതപാഠം)
ഡോ.ഗീതാ സുരാജ്
 
(സംഘമിത്ര ബുക്സ് )
 
     ഭഗവദ്ഗീതയ്ക്ക് തുല്യമായി മലയാളത്തിൽ രചിക്കപ്പെട്ട കൃതിയാണ് ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം  എന്ന് വിശേഷിപ്പി
ക്കാവുന്നതാണ് .
 
ആത്മോപദേശ ശതകം രചിച്ചിട്ട്
ഒന്നേകാൽ നൂറ്റാണ്ട് ആയിട്ടും സാധാരണക്കാരായ ഗുരു ഭക്തർക്ക് അതിന്റെ ഗഹനതകൾ മുഴുവൻ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല .
 
അതിനൊരു പരിഹാരമാകുന്ന വിധത്തിലാണ് ഡോക്ടർ ഗീത സുരാജ് രചിച്ചിരിക്കുന്ന "ആത്മ സാഗരം " എന്ന പുസ്തകം .
 
ശ്രീനാരായണ ഗുരുവിന്റെ ദാർശനിക രചനകളാണ് ആത്മോപദേശശതകം, അദ്വൈതദീപിക ,ദർശനമാല, ബ്രഹ്മവിദ്യാപഞ്ചകം, നിർവൃതി പഞ്ചകം' ശ്ലോക ത്രയീ ഹോമമന്ത്രം, ദൈവദശകം, വേദാന്തസൂത്രം എന്നിവ. 
         വേദാന്തത്തിലെ പല സാമ്പ്രദായിക പദങ്ങളും ഉപയോഗിക്കാതെയാണ് ഗുരു ആത്മോപദേശശതകം രചിച്ചിരിക്കുന്നത് .
അറിവ് എന്ന മലയാള പദമാണ് ഗുരു ഉപയോഗിച്ചിട്ടുള്ളത് .
 
"അറിവിലുമേറി അറിഞ്ഞിടുന്നവൻ ത- ന്നുരുവിലുമൊത്തു പുറത്തുമുജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി -
ത്തെരുതെരെ വീണു വണങ്ങി ഓതിടേണം" 
 
അറിവ് എന്ന പദത്തോടെ ആണ് ആത്മോപദേശശതകം ആരംഭിക്കുന്നത്. എല്ലാം ബ്രഹ്മം തന്നെ എന്ന് പറഞ്ഞ് അത് തന്നെയാണ് ഞാൻ എന്ന് പറയുന്ന വേദാന്തശാസ്ത്ര രീതിയിൽ നിന്ന് വ്യത്യസ്തമായി ആത്മാവിനെ തൊട്ടു കാണിക്കുകയാണ് ഗുരു ആത്മോപദേശശതകത്തിൽ. 
     ആത്മദർശനം അനുഭവിച്ചവർ ഭൗതിക ജീവിതത്തെ നിരാകരിക്കുകയാണ് പതിവ്.  എന്നാൽ ആത്മദർശനം എപ്രകാരം സമൂഹനന്മയ്ക്ക് വേണ്ടി ചേർത്തു നിർത്താം എന്ന് ഗുരു ആത്മോപദേശശതകത്തിൽ  നമുക്ക് കാണിച്ചു തരുന്നുണ്ട് .
          വടക്കൻ പറവൂരിൽ നടന്നു വന്നിരുന്ന ഗുരുദേവ പഠന കേന്ദ്രത്തിൽ ഡോക്ടർ ഗീതാ സുരാജ് നടത്തിവന്നിരുന്ന ക്ലാസുകളാണ് ആത്മസാഗരം എന്ന ഈ പുസ്തകത്തിലെ ഉള്ളടക്കം. ആത്മോപദേശശതകം പഠിക്കുന്നതിന് ഈ ക്ലാസുകളിൽ എത്തിച്ചേരുന്നത് വേദാന്തികളോ പണ്ഡിതരോ അല്ല, മറിച്ച് സാധാരണക്കാരായ ഗുരുഭക്തരാണ്. "ഗുരുദേവൻ തന്നെയാണ് ദക്ഷിണാമൂർത്തി ആയി ഞങ്ങളെ പഠിപ്പിക്കുന്നത് എന്ന വിശ്വാസമാണ് ആത്മജ്ഞാനി അല്ലാത്ത ഈ യുള്ളവൾക്ക് അതിനു ധൈര്യം തന്നത് " എന്നാണ് ടീച്ചർ തികഞ്ഞവിനയത്തോടെ പറയുന്നത്. 12വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ നെരൂളിൽ ശ്രീനാരായണഗുരു മന്ദിരസമിതിയിൽ ആത്മോപദേശശതകം പത്ത് ദിവസത്തെ ക്ലാസ്സ് ടീച്ചർ എടുക്കുകയുണ്ടായി .അതിന്റെ  വീഡിയോയും ഇറക്കുക ഉണ്ടായി. അത് പുസ്തകം ആക്കി ഇറക്കണമെന്ന് ചിലരൊക്കെ നിർബന്ധിച്ചെങ്കിലും അന്ന് നടക്കാതെ പോയ കാര്യം ടീച്ചർ സ്മരിക്കുന്നു. ഇപ്പോഴാണ് അത് പുസ്തകം ആക്കാനുള്ള ആയതെന്നും ടീച്ചർ കരുതുകയാണ് . 
          ആത്മോപദേശശതകം 21 അധ്യായങ്ങളിലായാണ് 'ആത്മ സാഗരം' എന്ന ഈ കൃതിയിൽ വിവരിച്ചിരിക്കുന്നത് 'ആത്മദർശനം ആത്മോപദേശശതകത്തിൽ ' എന്ന ഒരു അധ്യായം കൂടി ഇതിനോടൊപ്പം അനുബന്ധമായി എഴുതിച്ചേർത്തിട്ടുണ്ട്
                ശ്രീനാരായണ ദർശനങ്ങൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഡോ.ഗീതാ സുരാജ്. 
വിദ്യാഭ്യാസകാലം മുതൽ കഥകൾ എഴുതുമായിരുന്നു - ഗീതാകുമാരി എന്ന പേരിൽ . കഥാ രംഗത്ത് തുടർന്നെങ്കിൽ മലയാള കഥാസാഹിത്യ ശാഖയിലെ മുൻനിര എഴുത്തുകാരി ആകുമായിരുന്നു.
     
     ഇടക്കാലത്ത് വെച്ചാണ് ശ്രീനാരായണ ദർശനങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത്. അതുകൊണ്ട് ശ്രീ നാരായണ ദർശനങ്ങൾ പഠിപ്പിക്കുവാൻ മലയാളികൾക്ക് നല്ലൊരു ഗുരുനാഥയെ കിട്ടി എന്ന് അഭിമാനിക്കാം 
ശ്രീനാരായണ ദർശനങ്ങളിൽ ആണ് ടീച്ചർ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്. 
      ഗവേഷണ പ്രബന്ധ വും ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .
"ശ്രീനാരായണ ഗുരുവിൻറെ സ്തോത്രകൃതികൾ -ഒരു പഠനം" എന്നാണ് ആ പുസ്തകത്തിൻറെ പേര് .
 
(വി.ആർ.നോയൽ രാജ്)

Share this on