menu

277 - ചെറുകഥ - പക്വത

മേഘ

ചെറുകഥ
 

*പക്വത

 
'അമ്മേ അത്‌ എവിടെയാ വെച്ചേക്കുന്നേ..?  ഞാൻ നോക്കീട്ടൊന്നും  കാണുന്നില്ലല്ലോ.?'
 
'നീ നേരെചൊവ്വേയൊന്നു നോക്കടീ. അവിടെ തന്നെ ഉണ്ടാവും.. വേറെയെവിടെ പോകാൻ? 
 
'ഇല്ലമ്മേ ഉണ്ടേൽ ഞാൻ കാണില്ലേ?'
 
'ഹോ.. ഈ പെണ്ണിന്റെ ഒരു കാര്യം.. ഒന്നും തേടാൻ വയ്യാ. എല്ലാം കയ്യിൽ കൊണ്ടു കൊടുക്കണം... ഞാൻ അങ്ങോട്ട് വന്ന് അവിടുന്ന് തന്നെ അതെടുത്തു തന്നാൽ...പെണ്ണേ..  നിന്നെ  ഞാൻ ശരിയാക്കും. പറഞ്ഞേക്കാം.' 
 
'എന്തോന്നാമ്മാ...  കാണാത്തോണ്ടല്ലേ ചോദിക്കണേ.. അതിനെന്തിനാ ഇങ്ങനെ ചൂടാവുന്നേ?..'
 
അല്ലേലും എനിക്ക് ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ... ഞാനെന്താ വെറും പുറംപോക്കാ..? അമ്മ കേൾക്കാതെ മനസ്സിൽ പറയുമ്പോഴാണ് അമ്മേടെ  'ഡീ...' എന്ന വിളി വന്നത്. വേഗം  ഞാനങ്ങോട്ട് ഓടി ചെന്നു. ഇനി താമസിച്ചാൽ അതുമതി അടുത്ത വഴക്കിന്...   
 
'ഇത് പിന്നെയെന്താടി ഇവിടെ ഈ ഇരിക്കുന്നേ..? ഒരു സാധനം നോക്കിയെടുക്കില്ല.. ഇങ്ങനെയൊരു പെണ്ണ്...'
 
അമ്മയുടെ ദേഷ്യം ഇന്ന് നല്ല ഫോമിലാണല്ലോ ഈശ്വരാ... 
 
'യ്യോ... ഇതെങ്ങനെ ഇവിടെ വന്നു..?  ഞാൻ എപ്പോഴേ നോക്കുന്നു. താങ്ക്സ് അമ്മാ.'
 
'എന്റെ ദൈവമേ...ഈ കൊച്ചിനെ കൊണ്ട് ഞാൻ തോറ്റു.  ഇതിനെ ഞാനിനി എന്താ ചെയ്യേണ്ടേ?  പക്വത എന്നൊരു സാധനം ഇവളുടെ അടുത്ത് കൂടെ പോലും പോയിട്ടില്ല.' അമ്മയുടെ ദേഷ്യം കുറയുന്ന ലക്ഷണമില്ല... 
 
അതേ അമ്മേ..  കൂടെ കൂടെ ഈ പക്വത പക്വതായെന്നു  പറയമെന്നില്ല.  എനിക്കതില്ല..  ഉടനെയെങ്ങും ഉണ്ടാകുമെന്നും തോന്നുന്നില്ല. ഒരു ഉളുപ്പും കൂടാതെ അത്രയും പറഞ്ഞിട്ട് അവിടെ നിന്നും ഞാനിറങ്ങി.
 
അപ്പോഴാണ് പിന്നിൽ നിന്നും വീണ്ടും അമ്മേടെ വിളി വന്നത്..' ഇന്നെന്താടീ  ഇത് വേണ്ടേ?'. 
 
എന്താന്നല്ലേ??  നമ്മുടെ ഉയിരായ മൊബൈൽ ഫോൺ തന്നെ. 'നീ ഇത് കൊണ്ട് പോകാതെ പോയാൽ ഇവിടിരുന്നു ടെൻഷനടിച്ചു ഞാൻ ചാവും'. എപ്പോഴും ഫോണിൽ കുത്തി ക്കൊണ്ടിരിക്കുന്നു എന്ന് പരാതി പറയുന്ന അമ്മയാ എന്റെ മൊബൈൽ ഫോണും കൊണ്ട് വന്നു നിന്ന് ഈ ഡയലോഗ് അടിക്കുന്നത്.  
 
എനിക്ക് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ ഫോണും കൊണ്ട് ഇറങ്ങി നേരെ ഓഫീസിലേക്ക് പോകാനിറങ്ങി.
 
എന്നത്തേയും പോലെ ഇന്നും ബസ് ഓടിച്ചിട്ടു പിടിച്ചു എന്നു വേണം പറയാൻ. അവിടെ ആരോ പറയുന്നത്  കേട്ടു ഈ കൊച്ചിന് കുറച്ചു കൂടി നേരത്തെ ഇറങ്ങിക്കൂടേ? .. ഇതിപ്പോൾ  എന്നും ഒരു മാരത്തോൺ പോലെയാണല്ലോ ഇവളുടെ ഓഫീസിൽ പോക്ക്. കേട്ടെങ്കിലും ഞാനൊന്നും മിണ്ടാൻ പോയില്ല. മൗനം വിദ്വാനു ഭൂഷണം എന്നല്ലേ ചൊല്ല്.
 
കാരണം എന്റെ ഭാഗത്തും തെറ്റുണ്ട്. 
 
ബസിലെ കണ്ടക്ടർ, പൈസ കൊടുക്കുന്നതിന്  മുമ്പ് തന്നെ ടിക്കറ്റ് തന്നു, വേറെ ഒന്നും കൊണ്ടല്ല ഇത് എന്റെ സ്ഥിരം കലാപരിപാടി ആണെന്ന് പുള്ളിക്കാരനറിയാം. ഞാൻ ഇറങ്ങുന്ന സ്ഥലം എന്നും ചോദിച്ചു ശല്യം ചെയ്യണ്ടാന്നും കരുതി കാണും. ഏതായാലും ടിക്കറ്റ് വാങ്ങി പേഴ്സിൽ വച്ചിട്ട് എങ്ങാനും ഒരു സീറ്റ്‌ കിട്ടിയാലോയെന്നും പ്രതീക്ഷിച്ചു വെറുതെ ഒന്ന് ചുറ്റുവട്ടത്തിൽ കണ്ണോടിച്ചു. എവിടെ... ഒരു സീറ്റ്‌ പോലും ഒഴിവില്ല. പിന്നെ ഒന്നും നോക്കിയില്ല. ഇയർഫോൺ എടുത്ത് കാതിൽ തിരുകി ഒരു പാട്ടും കേട്ട് നിന്നു. 
 
അന്ന് ബസ്സിൽ പതിവില്ലാതെ നല്ല തിരക്കുണ്ടായിരുന്നു. അതിനിടയിലാണ്  ഒരു കൈയിൽ ഫോണും മറുകൈകൊണ്ടു ഒരു സീറ്റിന്റെ കമ്പിയിലും പിടിച്ചു കൊണ്ടുള്ള എന്റെ നിൽപ്പ്. ഒരു തരത്തിൽ സർക്കസ് എന്നുപറയാം. ഡ്രൈവർ നല്ല രീതിയിൽ തന്നെ ബസ് ഓടിക്കുന്നുണ്ടെങ്കിലും ഇടയ്ക്കൊന്നു നല്ലരീതിയിൽ ബ്രേക്ക്‌ ചവിട്ടി. അതോടെ എന്റെ ബാലൻസ് തെറ്റി ഞാൻ തൊട്ടടുത്തു നിന്ന അമ്മച്ചിടെ പുറത്തോട്ടാണ് ചെന്ന് വീണത്. അവരെന്നെ ദഹിപ്പിക്കുന്ന തരത്തിൽ ഒന്ന് നോക്കിയിട്ട് തുടങ്ങി -"ഒരു ഫോണും കാതിൽ കുത്തിക്കേറ്റി രാവിലെ ഇറങ്ങിക്കോളും ഓരോന്ന്... ഒരു ബോധോം പോക്കണോമില്ലാതെ... ബാക്കിയുള്ളവന്റെ നെഞ്ചത്ത് കേറാൻ". ഞാൻ നന്നായിട്ട് ചമ്മി ആകെ ചൂളി പോയി. വേഗം തന്നെ ഇയർഫോൺ ഊരി ബാഗിനുള്ളിൽ തിരികെ വെച്ചിട്ട് നല്ല കുട്ടി ആയി നിന്നു. അതിനിടയിൽ അവരെ നോക്കി ചിരിക്കാനും മറന്നില്ല. ഏതോ വികൃതജീവിയെ കാണുമ്പോലെ അവരെന്നെ പുച്ഛത്തോടെ ഒന്ന് നോക്കി. ഈ കൊച്ചിന് ഇത്രയും തൊലിക്കട്ടി എവിടുന്ന് കിട്ടി എന്നാവും അവര് ചിന്തിച്ചേ. ഇതൊക്കെ എന്ത് എന്ന രീതിയിൽ ഞാനും നിന്നു.
 
എനിക്കിറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങി ഓഫീസിലേക്ക് നടക്കുമ്പോഴാണ് അവളോടി എന്റെയടുത്തേക്ക് വന്നത്. എന്റെ ബാഗിൽ നിന്നും ഒരു പൊതിയെടുത്തു തുറന്ന് ഞാൻ അവൾക്ക് എന്നും കൊടുക്കാറുള്ളത് കൊടുത്തു. അത് കിട്ടിയപ്പോഴുള്ള അവളുടെ ഒരു സന്തോഷം...അതൊന്ന് കാണണം. ഓ... നിങ്ങൾ ഇപ്പോൾ കരുതുന്നുണ്ടാവും ഈ 'അവൾ' ആരാണെന്ന്.. അല്ലേ? അതൊരു തെരുവുനായ ആണ്  ഞാൻ അതിനെയൊന്നു കൊഞ്ചിച്ചിട്ട്  വേഗം ഓഫീസിലേക്ക് നടന്നു. 
 
അവിടെ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന കുറെ അപ്പുപ്പന്മാർ പറയുന്ന കേട്ടു ഇപ്പോഴത്തെ പെൺപിള്ളേർക്കൊന്നും ഒരു പക്വതയുമില്ല, ഇല്ലെങ്കിൽ ഈ തെരുവുനായയെയൊക്കെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുവോ??.. ഞാൻ ആലോചിച്ചു അതെന്താ അവറ്റകൾക്കും ജീവിക്കണ്ടേ? അതിനും വായും വയറുമൊക്കെ ഉള്ളതല്ലേ?.. ഇതിനിടയിൽ ആരോ പറയുന്നത് കേട്ടു.. ഇതൊക്കെ വെറും നമ്പറല്ലേ... ആരേലും ഇതിന്റെയൊക്കെ വീഡിയോ എടുത്തിട്ടാൽ ചുളുവിന് ഫേമസ് ആവാലോ... ഹും.. ഫേമസ് ആവണേൽ ടിക് ടോക്  ചെയ്താൽ പോരെ.. അവന്റെ ഒരു ഊള കമന്റ്‌. അത്‌ ശ്രദ്ധിക്കാതെ ഞാൻ നേരെ വെച്ചു പിടിച്ചു ഓഫീസിനുള്ളിലേക്ക്. 
 
ഓഫീസിനുള്ളിൽ എത്തി സിസ്റ്റം ഓൺ ചെയ്ത് അതിന്റെ മുമ്പിലിരിക്കുമ്പോളും ഞാൻ ഓർത്തത് ഈ പക്വത കൊണ്ട് എന്താണ് ഓരോരുത്തർ അർത്ഥമാക്കുന്നത് എന്നായിരുന്നു. ആ ആലോചനയിൽ ഇരിക്കുമ്പോഴാണ് 'സാർ വിളിക്കുന്നുവെന്ന്' പ്യൂൺ വന്നു പറയുന്നത്. എന്റെ ദൈവമേ ഇന്ന് എന്തിനാണോ തെറി കേൾക്കേണ്ടത് എന്നും സംശയിച്ചു ഞാൻ സാറിന്റെ ക്യാബിനിലേക്ക് ചെന്നു. 
 
"may I come in sir ?" വളരെ ഭവ്യതയോടെ ഞാൻ ചോദിച്ചു. ഒരുപക്ഷെ എന്റെ ഭവ്യത കണ്ട് എന്നോടെന്തെങ്കിലും കനിവ് കാട്ടിയാലോ... 
 
"Yes.. come in." പുലി അമറുന്ന തരത്തിലുള്ള മറുപടി കിട്ടിയപ്പോൾ തന്നെ തീരുമാനിച്ചു ഇന്നെനിക്ക് നല്ല കോളാണെന്ന്. 
 
സിംഹത്തിന്റെ ഗുഹയിലേക്ക് ഒരു മാൻകുട്ടി ചെല്ലുന്നത് പോലെ പതുക്കെ സാറിന്റെ ക്യാബിൻ ഡോർ തുറന്നു ഞാൻ ഉള്ളിലേക്ക് കടന്നു. കടന്നൽ കുത്തിയത് പോലുള്ള സാറിന്റെ മുഖം കൂടി കണ്ടപ്പോൾ ഉറപ്പിച്ചു ഇങ്ങേരിന്നെന്നെ നാലായി വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുമെന്ന്. 
 
വീണ്ടും ഞാൻ വളരെ വിനയത്തോടെ വിളിച്ചു - സാർ...
 
'തന്നോട് കേറി പോരാൻ പറഞ്ഞത് കേട്ടില്ലേ? അതോ പറഞ്ഞത് മനസിലായില്ലേ?.. ഇതെന്താടോ താൻ ഈ ചെയ്തു വെച്ചേക്കുന്നേ?  ഈ ഫയൽ ഇങ്ങനെ ആണോ ചെയ്യണ്ടേ? കുറച്ചൊക്കെ പക്വതയോടെ ചെയ്തൂടെ??  ഇതിപ്പോൾ എത്രമത്തെ പ്രാവശ്യമാ പറയുന്നത്.. ??
 
ഈ ചോദ്യശരങ്ങൾക്ക് അവസാനമില്ലേയെന്ന് സംശയിച്ചു നിൽക്കുമ്പോൾ 'ഇങ്ങനെ ഓരോ മണ്ടത്തരം കാണിക്കാനാണേൽ  ഇനിയങ്ങോട്ട് വരമെന്നില്ല.. യൂ മേ ഗോ നൗ' എന്നൊരു ഉത്തരവും.
 
ഇതിപ്പോ എന്താ സംഭവിച്ചേന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു നിന്നുപോയി. അപ്പോഴാ വീണ്ടും സാറിന്റെ അലർച്ച... 'ഇവിടെ നിന്ന് സ്വപ്നം കാണാതെ പോയി വേഗം ഈ ഫയൽ ഫിനിഷ് ചെയ്യെടോ.'
 
ഓക്കേ സാർ. വെടിയുണ്ട കണക്കെ ഞാൻ സാറിന്റെ ക്യാബിനിൽ നിന്നിറങ്ങി നേരെ എന്റെ സീറ്റിൽ വന്നിരുന്നു. എന്റെ ഒരു കിളികളും ഈ പരിസരത്തിലില്ല എന്ന് മനസിലായി. എന്നാലും ഇവിടിപ്പോൾ എന്ത് പക്വത കുറവാ ഞാൻ കാണിച്ചേ..?. അതും ചിന്തിച്ചിരിക്കുമ്പോഴാണ് എന്റെ ചങ്കത്തി കൂട്ടുകാരി കൃഷ്ണ വന്നത്. 
 
'ടീ കോപ്പേ... നിനക്ക് ഈ സെക്ഷനിലെ ഫയലൊന്നും പോരാഞ്ഞിട്ടാണോ അപ്പുറത്തെ സെക്ഷനിലെ ഫയൽ കൂടി എടുത്തു വെച്ചേക്കുന്നേ.??? എന്റെ മേശപ്പുറത്തേക്ക് നോക്കിയിട്ട് ചങ്കത്തി  എന്നെ കളിയാക്കി. 
 
'എന്താ നീ പറഞ്ഞേ..?? അപ്പുറത്തെ സെക്ഷനിലെ ഫയലോ..?  
 
'പിന്നല്ലാതെ...  വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചേക്കുന്നത് കണ്ടില്ലേ ഇതിന്റെ മുകളിൽ..? എന്തോന്നാടി ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ??' ചങ്കത്തി വീണ്ടും കളിയാക്കി. 
 
വടികൊടുത്ത് അടി വാങ്ങിയ മട്ടിൽ കുറച്ചു നേരം ഞാൻ മിണ്ടാതിരുന്നു.  
 
'ടീ... ഞാൻ ഒന്ന്‌ സാറിനെ കണ്ട് രണ്ട് വർത്താനം പറഞ്ഞിട്ട് വരാം. ഈ ഫയലും  തന്ന് എന്നേ കുറെയെടുത്തിട്ട്  കുടഞ്ഞതാ.
 
നിനക്കിട്ട് കിട്ടാതെ സൂക്ഷിച്ചോ...' പുറകിൽ നിന്നും ചങ്കത്തി ചിരിച്ചോണ്ട് പറയുന്നതിന് ചെവികൊടുക്കാതെ പോടി തെണ്ടി.. ഇന്നൊരു കലക്ക് കലക്കുമെന്ന് ഞാനെന്റെ മനസ്സിൽ പറഞ്ഞു കൊണ്ട് സാറിന്റെ കാബിനെ ലക്ഷ്യമാക്കി ഞാൻ നീങ്ങി.  
 
'എസ്ക്യൂസ്‌ മീ സാർ'..സാറിന്റെ ക്യാബിൻ ഡോർ പകുതി തുറന്നു കൊണ്ട് ഞാനെന്റെ സാന്നിധ്യമറിയിച്ചു.
 
'ആ കേറി പോര്. ഓ... താൻ ഇത്ര പെട്ടെന്ന് ഇത് കംപ്ലീറ്റ് ചെയ്തോ..? ഏതോ അത്ഭുതജീവിയെ കാണുന്നതു പോലെ എന്നെ നോക്കിക്കൊണ്ട് സാറ് ചോദിച്ചു. 
 
"സാർ ഇത് B സെക്ഷനിലെ ഫയൽ ആണ് ". എന്ന്  പറഞ്ഞിട്ട് ഞാൻ ഒരു വിജയിയെ പോലെ ഇപ്പൊ സാർ എന്നോട് സോറി പറയുമായിരിക്കുമെന്നും പ്രതീക്ഷിച്ചു കൊണ്ട് അവിടെ നിന്നു. എവിടെ... 
 
'തനിക്കിത് അപ്പോൾ തന്നെ പറഞ്ഞുടർന്നോ. ചുമ്മാതെ എന്റെ കുറെ എനർജി വേസ്റ്റ് ആയി. ഇതു പോലെ കുറെയെണ്ണമുണ്ട്. Immatuard fellows. ഇനിയെന്തിനാ വടി വിഴുങ്ങിയത് മാതിരി എന്റെ മുമ്പിൽ നിൽക്കുന്ന..? ഒന്ന്‌ പോടോ.' 
 
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഭഗവാനെ എന്റെ അവസ്ഥ. ഒന്നും മിണ്ടാതെ ഞാനെന്റെ സീറ്റ്‌ ലക്ഷ്യമാക്കി നീങ്ങി.
 
ഒരു വിധം എല്ലാ ജോലികളും തല്ലിക്കൂട്ടി തീർത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് പ്യൂൺ ചേട്ടന്റെ കൈയിൽ നിന്നും കുറച്ചു ഫയലുകൾ താഴെ വീഴുന്നത് ഞാൻ കണ്ടത്. വേഗം ചെന്ന് താഴെ വീണുകിടക്കുന്ന ഫയലുകൾ വാരിക്കൊടുത്തു കൊണ്ട്  പുള്ളിക്കാരനെ help ചെയുമ്പോൾ പുറകിൽ നിന്നും സാറിന്റെ വക ഒരു ഡയലോഗ് - 'ഇവിടെ ഓരോത്തർക്കും   ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അത് മാത്രം ചെയ്യുക. ഇതൊക്കെ മനസിലാക്കാനുള്ള പക്വത എന്നാണോയെന്തോ ഇതിനൊക്കെ വരുന്നത്..?"
 
ഞാൻ ഒന്നും മിണ്ടാതെ സാറിനെ നോക്കി അസ്സലായി ഒന്ന്‌ ചിരിച്ചു കാണിച്ചു. അങ്ങേരാണേൽ ഒരു ലോഡ് പുച്ഛം വാരി വിതറി അവിടുന്ന് എന്നേം കടന്നു പോയി. അല്ലാ... ഒരാളെ സഹായിക്കുന്നത് നല്ലതല്ലേ..?. ശ്ശോ.. ആകെ കൺഫ്യൂഷൻ ആയല്ലോ... ഇനി ഇവിടെ നിന്നിട്ടെന്താ കാര്യം... ബാക്കിയുള്ളത് വീട്ടിൽ പോയിട്ട് കൈപ്പറ്റാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഓഫീസിൽ നിന്നുമിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഭാഗ്യത്തിന് ഉടനെതന്നെ ബസ്സും കിട്ടി. 
 
വീട്ടിലെത്തി ബാഗ് എന്റെ മേശപ്പുറത്തേക്ക് ഇട്ടു. 'അമ്മേ... എനിക്ക് വിശക്കുന്നു... എന്തേലും താ..'വളരെ ക്ഷീണിതയെ പോലെ, ദയനീയ സ്വരത്തിൽ തന്നെ പറഞ്ഞു. ചിലപ്പോൾ ദയവ് തോന്നിയാലോ... 
 
'ഓ വരുന്ന വഴി ഒന്ന് വിളിച്ചു പറയാൻ മേലായിരുന്നോ തമ്പുരാട്ടിയ്ക്ക്.? ഞാനെല്ലാം എടുത്തോണ്ട് വാതിൽക്കൽ തന്നെ നിന്നേനേയല്ലോ...' ഓ അമ്മ അടുക്കളയിൽ തന്നെയുണ്ടായിരുന്നോ...? രാവിലത്തെ ദേഷ്യത്തിന്റെ ബാക്കിപത്രം ആണെന്ന് തോന്നുന്നു. 
 
ഓ.. അതൊക്കെ അമ്മയ്ക്കൊരു ബുദ്ധിമുട്ട് ആവില്ലേ... അതാ വിളിക്കാത്തത്.. അമ്മയുടെ കൈയ്യെത്തും ദൂരത്തു നിന്നും കുറച്ചു മാറിനിന്ന് ഞാൻ പറഞ്ഞു. 
 
'നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പോത്തുപോലെ വളർന്നു.. എന്നിട്ടും ഒരു കാര്യപ്രാപ്തിയും പക്വതയും വന്നില്ലല്ലോ ദൈവമേ... ദൈവത്തോട് പരാതി പറഞ്ഞും കൊണ്ട് അമ്മ അകത്തോട്ട് കയറിപ്പോയി. 
 
അമ്മ പോകുന്ന വഴിയേ നോക്കിക്കൊണ്ട് ഇന്നത്തെ ദിവസത്തിൽ ഞാൻ ചെയ്‌ത  കാര്യങ്ങലെല്ലാം വെറുതേയൊന്നു റീവൈൻഡ് ചെയ്തു നോക്കി. വലിയ മാറ്റമൊന്നുമില്ല എന്നത്തേയും പോലെ ഈ ദിവസവും പക്വതയിൽ തുടങ്ങി പക്വതയിൽ അവസാനിച്ചു. പറഞ്ഞിട്ട് എന്താ കാര്യം...?  ചങ്കരൻ പിന്നെയും തെങ്ങുമ്മേൽ തന്നെ.
 
  മേഘ

Share this on