menu

278 - കവിത , വശ്യം

രേഷ്മ അക്ഷരി

കവിത
 

വശ്യം

 
 
'വീട് വില്പനയ്ക്ക് '
എന്ന നരച്ച അക്ഷരങ്ങൾ
മാഞ്ഞു തുടങ്ങിയ പലകയ്ക്കു 
കീഴെ....
ജീവനിൽ
പ്രതീക്ഷയറ്റവന്റെ
കറുപ്പു പടർന്ന
കണ്ണുകൾ..
 
വേവുന്ന ചിന്തകളെ,
പൊള്ളുന്ന ചിരിയാൽ മറച്ച് ...
 
മുട്ടിൻമേൽ മുഖം ചേർത്ത്
നിലത്ത്...
രാപകലുകളുടെ തഴമ്പുകൾ നിറഞ്ഞ
വെറും നിലത്ത്
അയാളിരുന്നു ...
 
എണ്ണ വറ്റിയ ശേഷിപ്പിനപ്പുറം...
കുഞ്ഞിക്കണ്ണുകളുടെ
ആകാംക്ഷ ...
അടുക്കളക്കോണിലെ
ഒഴിഞ്ഞ പാത്രങ്ങളിൽ
തട്ടി വീഴുന്ന
പെൺ കണ്ണിന്റെ നിസ്സഹായത...
 
വാഗ്വാദങ്ങൾക്കൊടുവിൽ
ഞാനാ തെറ്റിന്റെ ഇടവഴി
കാണിച്ചു കൊടുത്തു..
നൻമകളിൽ വേദന പൂക്കുമെന്ന്
കാതിലോതി ..
 
മുമ്പാരോ കൊതിയോടെ
നട്ടു വളർത്തിയ
മാവിന്റെ ഉറപ്പുള്ള
താണ കൊമ്പിൽ
ചേർത്തുവച്ച
കയറിന്റെ അറ്റത്തെ
നേർത്ത കുരുക്കിലേയ്ക്ക്
വശ്യം ചേർത്തു ..
അയാളൊരുങ്ങി വന്നു..
വെളുത്ത വസ്ത്രത്തിൽ,
വിളറിയ മുഖം 
ചേർത്ത്......
 
 
രേഷ്മ അക്ഷരി

Share this on