menu

288 za - കഥ - വന്മതിൽ

അംബികാദേവി, കൊട്ടേക്കാട്ട്

കഥ 
 

വന്മതിൽ 

 
പടിഞ്ഞാറെ മലമുകളിൽ ചെമ്പട്ടു പുതച്ച്സൂര്യൻഎത്തി.അവസാനനിമിഷങ്ങൾ ഇങ്ങടുത്തെത്തി. ഒരു ദിവസത്തിന്റെ മരണം ഈ ചുവന്ന നക്ഷത്രം താഴുന്നതോടെ കഴിയും !അയാൾ ഒരു സിഗരറ്റ് കത്തിച്ചു പുകയൂതി, പുക പടലങ്ങൾ അയാളുടെ കാഴ്ചയെ മറച്ചു. കൈ വിരലിൽ ചൂട് തട്ടിയപ്പോൾ സിഗരറ്റ് കുറ്റി വേഗം താഴെയിട്ടു. 
 
മല മുകളിലെ ചെം നിറത്തിനു മീതെ ഇരുൾ വ്യാപിച്ചു തുടങ്ങി. അയാൾ എഴുന്നേറ്റു പതുക്കെ നടന്നു. മലകളും താഴ് വരകളും ഉള്ള സ്ഥലത്തുകൂടി നടക്കുമ്പോഴും തന്റെ ജന്മനാട്ടിലെ കടലോരവും, മീൻ പിടിക്കാൻ പോകുന്ന വഞ്ചിക്കാരെയും കടലിലെ ഓളങ്ങൾ പോലെ പിന്നിട്ട കാലങ്ങളും മനസിലേക്ക് തള്ളിക്കേറി വന്നു. 
 
അച്ഛന്റെ കൈ പിടിച്ചു അസ്തമയം നോക്കി നിൽക്കാറുള്ള ബാല്യം. ചക്രവാള ത്തിലെ  തങ്കക്കതിരവനെ അങ്ങോട്ട്‌ ചെന്ന് തൊടാമെന്ന്‌ വെറുതെ മോഹിച്ച കാലം. 
 
വളരും തോറും എല്ലാം മിഥ്യയാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ പിതൃ സ്നേഹം നിലാവു പോലെ തന്നിൽ ചൊരിഞ്ഞിരുന്നു. തൊട്ടതിനും പിടിച്ചതിനും ഒക്കെ അച്ഛൻ കൂടെ വേണമെന്ന് ശാഠ്യമായിരുന്നു. അച്ഛന്റെ നെഞ്ചിൽ കിടന്നാണ് ഉറങ്ങിയിരുന്നത്. അമ്മയെ കണ്ട ഓർമ്മയില്ല. എപ്പോഴാണ് അമ്മ തന്നെ പിരിഞ്ഞു പോയതെന്ന് അറിയില്ല. അങ്ങ് ദൂരെ നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോയതാന്ന് അച്ഛൻ പറഞ്ഞ അറിവേ ഉള്ളു. ഒരു നാൾ അമ്മ അവിടന്ന്  തന്നെ കാണുവാൻ വരുമെന്ന് അച്ഛൻ പറയാറുണ്ടായിരുന്നു. 
 
അന്നൊരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ പതിവുപോലെ ഉമ്മറത്ത് അച്ഛനെ കണ്ടില്ല. അന്ന് തന്റെ കുഞ്ഞു മനസു വേദനിച്ചു. അമ്മ പോയതുപോലെ അച്ഛനും തന്നെ ഇട്ടു പോയോ !? കണ്ണു നിറഞ്ഞ് ഒഴുകി. ഒരു സ്ത്രീ  ഉമ്മറത്തേക്ക് വന്നു. കസവു വേഷ്ടിയും സ്വർണ്ണ മാലയും ധരിച്ച അവർ ചിരിച്ചുകൊണ്ട് തന്റെ കയ്യിൽ പിടിച്ചു. 
"അമ്മയാ മോന്റെ "
ങേ !നക്ഷത്രക്കുട്ടിൽ പോയ തന്റെ സ്വന്തം അമ്മ തന്നെയോ? ആകാശത്തിൽ നിന്നും    അമ്മ ഇറങ്ങി വരുന്നത് സ്വപ്നം കണ്ടിരുന്നു. പിന്നെ മനസിലായി മരിച്ചവരാരും ഒരിക്കലും മടങ്ങി വരുകയില്ലെന്ന്. തന്നെ ചേർത്ത് പിടിച്ചു വാത്സല്ല്യത്തോടെ പുറത്തു തലോടി, കൈ പിടിച്ചവർ അകത്തേക്കു നടന്നു. സ്കൂൾ ബാഗ് വാങ്ങി വച്ചു, കഴിക്കാൻ ചായയും പലഹാരങ്ങളും ഊണുമേശയിൽ കൊണ്ടു വച്ചു. 
കഴിക്കു മോനെ, ഇതെല്ലാം നിനക്കായി അമ്മ ഉണ്ടാക്കിയതാ. തനിക്കാകപ്പാടെ ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടു. തന്റെ കണ്ണുകൾ അച്ഛനെ തേടുകയായിരുന്നു. 
 
ഹോം വർക്ക്‌ ചെയ്യാനോ കളിക്കാനോ ഒരുത്സഹവും തോന്നിയില്ല. പുസ്തകം മറിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും അവർ മുറിയിലേക്കു വന്നു. 
മോൻ അമ്മയോടൊന്നും പറഞ്ഞില്ലല്ലോ, പഠിച്ചു മിടുക്കനാകണം. സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ. അമ്മ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. അവർ തന്റെ ശിരസിൽ തലോടി സ്നേഹം പ്രകടിപ്പിച്ചു. എന്നാൽ തനിക്കവരോട് ഒരകൽച്ചയാണ് തോന്നിയത്. 
 
രാത്രി ആയപ്പോൾ അച്ഛൻ വന്നു. കുറെ സാധനങ്ങളും പുതിയ മെത്തയും ഒക്കെയായിട്ടാണ് വന്നത്. തനിക്കു കൂട്ടിനായി അപ്പുറത്തെ വല്ല്യമ്മയെ വിളിച്ചു കൊണ്ട് വന്നു. ഇന്നലെ വരെ താൻ അച്ഛന്റെ നെഞ്ചിൽ തല വച്ചു കിടന്നിരുന്നു. ഇന്ന് ആ നെഞ്ചിൽ ചേർന്നു കിടക്കാൻ ഒരാവകാശി എത്തിയിരിക്കുന്നു !ആരാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. വീട്ടിലെത്തിയവരെല്ലാം അച്ഛനെ അഭിനന്ദിക്കുന്നു. ഇപ്പോഴെങ്കിലും ഒരുത്തിയെ   കൊണ്ടുവരുവാൻ തോന്നിയല്ലോയെന്ന്. തനിക്കവരോട് ദേഷ്യം തോന്നി. തന്റെ അച്ഛൻ പെണ്ണിനെ കൊണ്ടുവന്നില്ലെങ്കിൽ ആർക്കാണു നഷ്ടം. അവരെ കൊണ്ടുവരുമെന്ന് അച്ഛൻ തന്നോട് പറഞ്ഞില്ല. രജിസ്റ്റർ ചെയ്യുകയായിരുന്നു. താനവരോട് അകലം പാലിച്ചു നിന്നതേയുള്ളൂ. അവരെ അമ്മയായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. തനിക്കും അച്ഛനുമിടയിൽ അവരൊരു വന്മതിലായി നിൽക്കുന്നു എന്ന തോന്നലായിരുന്നു. അച്ഛൻ അകന്നു പോകുന്നതായി കരുതി കഴിയുന്നതും അച്ഛന്റെ അടുത്ത് പോകാതിരിക്കുവാൻ ശ്രമിച്ചിരുന്നു. എന്തെങ്കിലും ചോദിച്ചാൽ മുക്കിയും മൂളിയും ഒരു വാക്കിൽ മറുപടി പറഞ്ഞ് സ്ഥലം വിടുക പതിവാക്കി. 
 
തന്റെ കാര്യങ്ങൾ എല്ലാം അവർ നന്നായി ശ്രദ്ധിച്ചിരുന്നു. ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നിട്ടും താൻ ഗൗനിച്ചില്ല. ഒരപരിചിതത്വം അവരോട് തോന്നി. തന്നെയും അച്ഛനെയും വേർതിരിച്ച മതിലാണവർ. ആ വിശ്വാസം തന്നിൽ വേരൂന്നി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു അനിയത്തി പിറന്നു. അച്ഛൻ എപ്പോഴും അതിന്റെ അടുത്ത് തന്നെ ചുറ്റിപ്പറ്റി നില്കും. അപ്പോഴൊക്കെ അച്ഛനോട് പിണക്കം തോന്നി. പതിയെ പതിയെ എല്ലാവരിൽ നിന്നും താനകന്നു. 
 
കൊല്ലങ്ങൾ കടന്നുപോയി. പട്ടാളത്തിലേക്ക്‌ ആളെ എടുക്കുന്നതറിഞ്ഞപേക്ഷിച്ചു. ഇവിടെന്ന് പോകണമെന്നേയുണ്ടായിരുന്നുള്ളു. പട്ടാളത്തിലെ പരുക്കൻ ജീവിതത്തിൽ മുഴുകി. ക്രമേണ എല്ലാവരും മനസ്സിൽ നിന്നും മാഞ്ഞു പോയി. ബാല്യകാലം ഓർക്കുമ്പോഴൊക്കെ രണ്ടാനമ്മ എന്ന മതിൽ തെളിഞ്ഞു വരും. പിന്നെ കാഴ്ചകളെല്ലാം മറക്കെപ്പെടും. 
 
കാലം കൂർത്ത മുനകൾ ഉരച്ചു മയപ്പെടുത്തി. പല സത്യങ്ങളും തിരിച്ചറിഞ്ഞു. ഒരു പത്തുവയസ്സുകാരന്റെ പക്വതയില്ലാത്ത ചിന്തകളിൽ നിന്നും പിടിവിട്ട് സത്യത്തെ അംഗീകരിക്കുന്ന മനസ്സിനുടമയായി. 
 
നാട്ടിൽ പോയിട്ട് വർഷങ്ങൾ കഴിഞ്ഞു.ഇനി ചെല്ലുമ്പോൾ എന്തായിരിക്കും പ്രതികരണം. ഒരിക്കൽ വഴിയിൽ വച്ച് ഒരു വൃദ്ധനെ കണ്ടു. അച്ഛന്റെ പ്രതിരൂപം പോലെ അയാൾ മുന്നിൽ നിന്നു. കണ്ണുകൾ നിറഞ്ഞു, അയാൾ കൈകൾ നീട്ടി പറഞ്ഞു : "ഭിക്ഷ ദേ "നൂറിന്റ നോട്ട് ആ കയ്യിൽ വച്ചു കൊടുത്തപ്പോൾ ഒരാശ്വാസം തോന്നി. പണം നെഞ്ചോട് ചേർത്ത് വൃദ്ധൻ   നടന്നകലുമ്പോൾ അച്ഛന്റെ മുഖം അയാളെ വേട്ടയാടി. മനസിലൊരു ഭാരം. അച്ഛനെ കാണണം എന്ന അഭിലാഷം കൂടിക്കൂടി വന്നു. 
 
ഇന്ന് താനറിയുന്നു അന്ന് അച്ഛൻ ചെയ്തത്  ശരിയായിരുന്നു എന്ന്. തനിക്കുവേണ്ടി യൗവനകാലത്തെ പല വർഷങ്ങളും അച്ഛൻ നഷ്ടപ്പെടുത്തി. തീയും വെള്ളവും തിരിച്ചറിയാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും താൻ പ്രാപ്തനാകും വരെ അച്ഛൻ കൂടെ നിന്നു. എന്നിട്ടും അച്ഛനെ കുറ്റപ്പെടുത്തുവാനാണ് താൽപ്പര്യം തോന്നിയത്.  അത്രയും വർഷം തനിക്കായി നീക്കിവച്ചിട്ടും അച്ഛനെ അറിയാതിരുന്നത് തന്റെ സ്വാർത്ഥത കൊണ്ടല്ലേ. പോകണം ആ കാൽക്കൽ വീഴണം, അയാൾ  വൈകാതെ നാട്ടിലേക്കു വണ്ടി കയറി. 
 
കളിച്ചു വളർന്ന വഴിയിലൂടെ നടന്നപ്പോൾ ബാല്യം തിരിച്ചു കിട്ടിയ പോലെ അയാൾക്കു തോന്നി. അസ്തമയ സുര്യനെ പിടിക്കാൻ കൊതിച്ച ബാലൻ. ആരും അയാളെ തിരിച്ചറിഞ്ഞില്ല. 
 
മുറ്റത്തുനിന്ന് വീടിനെ നോക്കി. അച്ഛനും താനും ചേർന്ന് നട്ടുവളർത്തിയ വരിക്ക പ്ലാവ് വലുതായിട്ടുണ്ട്. മുറ്റത്തെ മൂവാണ്ടൻ മാവ് പൂത്തു നിൽക്കുന്നു. തനിക്ക് അച്ഛൻ ഇതിന്റെ കൊമ്പിൽ ഊഞ്ഞാല് കെട്ടി തരുമായിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പുതുതായി ഒരു പട്ടിക്കൂട് പണിതിട്ടുണ്ട്. അപരിചിതനെ കണ്ട് കൂട്ടിലെ നായ കുരച്ചു. 
ഒരു പടു വൃദ്ധൻ ജനലിലൂടെ എത്തി നോക്കി 
"ആരാ "
അച്ഛൻ!തന്റെ സ്നേഹനിധിയായ അച്ഛൻ, അയാൾക്ക് തൊണ്ട കഴച്ചു. 
ശബ്ദം കേട്ടെത്തിയ പാവാടക്കാരി വാതിൽ തുറന്നു. "നിങ്ങളാരാ, അച്ഛന് ആരെയും അറിയാൻ കഴിയില്ല". പെൺകുട്ടി പറഞ്ഞതു കേട്ടപ്പോൾ തല തകരുന്നതുപോലെ അയാൾക്കു  വേദനിച്ചു. 
 
"എവിടെന്നാ "പെൺകുട്ടി യുടെ ചോദ്യം കേട്ടയാൾ പൊട്ടിക്കരഞ്ഞു. 
"അനിയത്തി നിന്റെ ഏട്ടനാണ് "
ങേ !അവൾ ഞെട്ടി, ഏതാനും വർ ഷങ്ങളായി ഒരു വിവരവും ഇല്ലാതിരുന്നു. അവളുടെ നീല  മിഴികൾ നിറഞ്ഞു തുളുമ്പി. 
"ഏട്ടനെ കാണാതെയാണ് നമ്മുടെ അച്ഛൻ ഇങ്ങനെ ആയത്. "അകത്തു കയറി അയാൾ അച്ഛന്റെ കാൽക്കൽ ഇരുന്നു. "ആരാ? "
അച്ഛന്റെ ചോദ്യം അയാളുടെ ചങ്കിൽ കുത്തിക്കയറി. വാടിയ മുഖവുമായി നിൽക്കുന്ന രണ്ടാനമ്മയെ അയാൾ നമസ്ക്കരിച്ചു. 
തന്റെയുള്ളിലെ പത്തു വയസ്സുകാരൻ    തനിക്കും അച്ഛനുമിടയിൽ ഒരു മതിൽ തീർത്ത്, ആ കുറ്റം രണ്ടാനമ്മയിലാരോപിച്ചു. കാലം തിരിച്ചറിവ് തന്നെങ്കിലും അച്ഛൻ അയാളെ തിരിച്ചറിഞ്ഞില്ല. 
 
 
അംബികാദേവി, കൊട്ടേക്കാട്ട്

Share this on