menu

3.കഥ എഴുതിയത് ബബിത ബിൻറോയ്

കഥ. കാൺമാനില്ല


കഥ

 

*കാൺമാനില്ല*

 
അലമാരയിലെ സകല തുണികളും വാരി നിലത്തിട്ട് ഷെൽഫിലെ പാത്രങ്ങൾ എല്ലാം വലിച്ച് പുറത്തേക്കിട്ട് രാവിലെ മുതൽ അവൾ എന്തൊക്കെയോ തിരയുകയാണ്. ജീവിതത്തിൽ എവിടെയൊക്കെയോ മറന്നു വച്ച ചില പൊതികളെ. എപ്പോഴൊക്കെയോ അവൾക്ക് നഷ്ടമായ അവളുടെ ഇഷ്ടങ്ങളെ. അവളുടെ കൗതുകങ്ങളെ. എന്നു മുതലാണ് അവൾക്കവളെ നഷ്ടമായതെന്നു പോലും അവൾക്ക് ഓർത്തെടുക്കാനാവുന്നില്ല. അങ്ങനെ കൃത്യമായൊരു ദിവസത്തിൽ ക്യത്യമായൊരു തിയതിയിലല്ല അതു സംഭവിച്ചിരിക്കുന്നത്. പതുക്ക വളരെ പതുക്കെ ഒരു കാൽ പെരുമാറ്റം പോലും കേൾപ്പിക്കാതെ അവൾ അവളിൽ നിന്നും പലപ്പോഴായി പടിയിറങ്ങുകയായിരുന്നു.
 
അവളുടെ നീണ്ട തിരച്ചിൽ വീട്ടിൽ ആരും തന്നെ ഗൗനിച്ചില്ല എന്നത് യാദൃശ്ചികമല്ല. ഇന്ന് കറിക്ക് ഒന്നും ഉണ്ടാക്കുന്നില്ലേ എന്ന ചില അടക്കം പറച്ചിലുകൾ എവിടെ നിന്നൊക്കെയോ ഒഴുകി വന്ന് അനേകായിരം മനംപുരട്ടുന്ന ഗന്ധങ്ങളായി അവളുടെ മൂക്കിലേക്ക് തുളച്ച് കയറാൻ തുടങ്ങിയപ്പോഴാണ് എങ്ങുമെത്താത്ത തൻ്റെ അന്വേഷണം പാതിവഴിയിലുപേക്ഷിച്ച് അവൾ എഴുന്നേറ്റത്. കാറ്റിന് അഴുകിയ കക്ക പുഴുങ്ങുന്നതിൻ്റെ ഗന്ധം. വർഷങ്ങൾക്ക് മുന്നേ  അവളുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞ കാറ്റ് മുല്ല പൂക്കൾ മണത്തിരുന്നു എന്നവൾ ആ ക്ഷണം ഓർത്തു.
 
കൊറോണയ്ക്കപ്പുറമെന്നും ഇപ്പുറമെന്നും ചരിത്രം പിന്നീടടയാളപ്പെടുത്തിയ വിഷാദം മുറ്റിയ പുകപടലങ്ങളുടെ ആ ഭയാനക ദിനങ്ങളിലൂടെ അവൾ കടന്നു പോകയാണ്. ക്വാറൻ്റയിൻ, ലോക്ക് ഡൗൺ മുതലായ അന്യഭാഷാ പദങ്ങളുടെ വിളയാട്ടമാണ് എവിടെയും. അദ്യശ്യരായ രാക്ഷസരൂപികൾ...വൈറസുകൾ ഒളിഞ്ഞിരുന്ന് കൂടുവിട്ട് കൂടുമാറി ആക്രമണമാണ്. നിങ്ങളുടെ അമ്മയുടെ, അച്ഛൻ്റെ ,കൂടപ്പിറപ്പിൻ്റെ, സുഹൃത്തിൻ്റെ എല്ലാം വേഷത്തിൽ അവരെത്തും. ലോകം മുഴുവനും സൈന്യത്തെ വിന്യസിച്ച് അദൃശ്യരായവർ സംഹാര താണ്ഡവമാടുന്നു. പരസ്പരം കാണാതെ മിണ്ടാതെ ജനങ്ങൾ വീടുകൾക്കുള്ളിലൊതുങ്ങി. പുറത്തിറങ്ങുന്നവരാകട്ടെ പന്നിയുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മുഖാവരണം ധരിച്ചിരിക്കും. മനുഷ്യരെ കാണതെയുള്ള ആ ഒളിച്ചിരിപ്പു ദിനങ്ങളിലാന്നിലാണ് അവളെയും കാണുന്നില്ലല്ലോ എന്ന തിരിച്ചറിവിലേക്ക് അവൾ എത്തിച്ചേരുന്നത്.
 
വിഷാദം പൂത്ത് ഇളം മെറൂൺ നിറത്തിലുള്ള പൂക്കൾ കുലകുത്തി നിന്ന ചെമ്മീപുളി മരത്തിൽ നിന്നും പൂക്കൾക്കിടയിൽ കായ്ച്ച് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ കിടക്കുന്ന ചെമ്മീപുളികളെ വച്ച് ഒരു ചമ്മന്തി അരയ്ക്കാം എന്ന തീരുമാനത്തിൽ അവൾ എത്തിച്ചേർന്നു. ഇന്ന് കൂട്ടാത്തിന് അതു മാത്രം മതി. ചെമ്മീനിലിട്ട് കറി വയ്ക്കുന്നതിലാണത്ര പച്ച നിറത്തിലുള്ള ആ പുളികൾക്ക് ആ പേര് വന്നത്. ചെമ്മീനോ മീനോ മാംസമോ ഇല്ലാതെ തന്നെ വീട്ടുവളപ്പിൽ കിട്ടുന്നതു കൊണ്ടു മാത്രം കറികൾ വയ്ക്കാമെന്നും അതുമാത്രം കൂട്ടി കഞ്ഞി കുടിക്കാം എന്ന അവസ്ഥയോടും ഇതിനോടകം ജനം പൊരുത്തപ്പെട്ടിരിക്കുന്നു. പറിച്ചെടുത്ത പുളികൾ ഒരോന്നും തിരിച്ചും മറിച്ചും നോക്കി കാണാതായ  അവളെ തിരയാതിരിക്കാൻ അവൾക്കാവുമായിരുന്നില്ല. പുളിമരത്തിൻ്റെ ചില്ലകളിൽ എവിടെയോ അവൾക്ക് അവളുടെ ആ പഴയ ഗന്ധങ്ങളെ, ഓർമ്മയുടെ ചെമ്മീപുളി ചമ്മന്തി രുചികളെ ഒരു നിമിഷത്തേയ്ക്കെങ്കിലും വീണ്ടെടുക്കാനായി. വാട്ടിയ ചെമ്മീപുളിയും തേങ്ങയും ഉള്ളിയും ഇഞ്ചിയും  വെളുത്തുള്ളിക്കുമെല്ലാം മരിച്ചു പോയ അവളുടെ അമ്മാമ്മയുടെ ഗന്ധം... സ്നേഹത്തിൻ്റെ ആ ഗന്ധം അവൾ അവളിലേക്ക് കടത്തിവിട്ടു . അവൾ ചാടിക്കയറിയിരുന്ന ചില്ലകൾ, അവളെ തലോടിയ ചിരിച്ചുല്ലസിച്ച കാറ്റ്, ഉപ്പ് കുട്ടി നാവിലേക്ക് രസം പടർത്തിയ പുളിപ്പ് ... ഒരു നിമിഷം, ഒരു നിമിഷത്തേയ്ക്കു മാത്രം അവയെല്ലാം അവളിലേക്കെത്തി ഓടിയകന്നു.
 
അവൾ വീടിൻ്റെ മുക്കും മൂലകളും തിരഞ്ഞു. 
അടുക്കളയിൽ കുടം പുളി ഇട്ടു വയ്ക്കുന്ന മൺകുടം, പഞ്ചസാര ഇടുന്ന ചില്ലു ഭരണി, പഴകൊട്ട, അരിപാത്രം,  വിശേഷ ദിവസങ്ങളിൽ പായസം വയ്ക്കാനായി മാത്രം പുറത്തേയ്ക്കെടുക്കാറുള്ള ഓട്ടുരുളി, കുപ്പികൾ, ജാറകൾ  എല്ലാം അവൾ അരിച്ചു പെറുക്കി. ആ പകൽ മുഴുവനും രാത്രിയിലും അവൾ തിരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു. ആ വീട്ടിൽ ഒരിടത്തും തന്നെ അവൾക്ക് അവളെ കണ്ടെത്താനില്ല . അങ്ങിനെയാണ് ഉറങ്ങുന്ന കുഞ്ഞിനെയുമെടുത്ത് ആ രാത്രി തന്നെ കാടെത്തണം എന്ന തീരുമാനത്തിലേക്ക് അവൾ എത്തുന്നത്. അവളിൽ നിന്നിറങ്ങിപ്പോയ അവളെ കാട്ടിലല്ലാതെ ഇനി മറ്റെവിടെ കണ്ടെത്താനാണ്.   കാടവൾക്കെന്നുമൊരാവേശമായിരുന്നുവല്ലോ. കുട്ടികാലത്തിലേതെന്ന പോലെ കാടവളെ വാൽസല്യത്തോടെ ചേർത്തു പിടിച്ചുമ്മ വയ്ക്കും.
 
ഇത്രയും ധൃതിയിൽ അവൾ ഇതിനു  മുന്നേ നടന്നിട്ടില്ല. എത്രയും പെട്ടെന്ന് അവൾക്ക് കുഞ്ഞുമായി കാടിനോടു ചേരണം.
എന്നാൽ കാട് കത്തുകയായിരുന്നു. കാട്ടുതീ ഉയരുകയായിരുന്നു... കാറ്റിന് പുക മണം. അവർക്കു ചുറ്റും  പുക... ചുവന്ന പുക... 
 

 *ബബിത ബിൻറോയ്*

Share this on