menu

341 - നവദശ്ശ: ഗോവിന്ദം

സതീഷ് വാരിജം, കുവൈറ്റ്

കഥ
 

നവദശ്ശ: ഗോവിന്ദം

 
'പുറത്തിറങ്ങാൻ പറ്റാത്ത ഗതിയായല്ലോ, ന്റെ ഭഗവാനേ', ആരോടെന്നില്ലാതെ ശ്രീമതി പിറുപിറുത്തു. ഞാൻ പറഞ്ഞാൽ ഭഗവാൻ കേൾക്കില്ല എന്നറിയാമായിരുന്നതു കൊണ്ട്, പ്രസ്തുത വിചാരം ഞാനങ്ങ് മിഴുങ്ങി.
സംഗതി സത്യമാണ്. ഇവൻ ഇത്ര പ്രശ്നക്കാരനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത് . പത്രങ്ങളിൽ വായിച്ചപ്പോൾ അങ്ങ് ചൈനയിൽ നിന്നും നൊടിയിടയിൽ ഇന്ത്യയുടെ തെക്കേ അറ്റത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ല. ഓഫീസിലേക്കെന്നല്ല, പുറത്തേക്കിറങ്ങാനുള്ള ധൈര്യം പോലുമില്ലാതെയായി. ഒന്നു തുമ്മിപ്പോയാൽ കാണുന്നവർ ആദ്യം ഒന്ന് ഞെട്ടും. ഞെട്ട് വിടുമ്പോൾ തുറിച്ച് നോക്കി പല്ലിറുക്കും. 'മനസമാധാനം കളയാൻ ഓരോന്നിറങ്ങിക്കോളും' എന്ന കമന്റ് പുറകെയുണ്ടെന്നറിയാവുന്നതു കൊണ്ട് വേഗം നടക്കും, അതേ വഴിയുള്ളൂ.
' എത്ര ദിവസം എന്ന് വിചാരിച്ചാ ഇങ്ങിനെ അടയിരിക്കുന്നത്. പുറത്തൊന്ന് പോകരുതോ ? തിരക്ക് ഒഴിവാക്കി പോകാം'. ശ്രീമതിയാണ്. പുറത്തൊന്ന് കറങ്ങിയാൽ കൊള്ളാമെന്ന് എനിക്കും ആഗ്രഹമില്ലാതില്ല. പക്ഷേ ഞാനായിട്ട് പറഞ്ഞ് പ്രശ്നമുണ്ടാക്കരുതല്ലോ ? മുനി പോലെയിരുന്നു. പത്രത്തിന്റെ എല്ലാ പുറങ്ങളിലും വാർത്ത ഒന്നു തന്നെ. അത് നാലാക്കി മടക്കി ടീപ്പോയിലേക്കിട്ട് എടുന്നേറ്റു .
' ശരിയാ, റെഡിയാക് . ഒന്ന് കറങ്ങിയിട്ട് വേഗം തിരികെ വരാം'.
കാറ്റുള്ളപ്പോൾ തൂറ്റണം. കൈവശമുണ്ടായിരുന്ന മറ്റവന്റെ സ്റ്റോക്ക് തീർന്നു. ഒത്താൽ ഒരെണ്ണം വാങ്ങണം.
' ഈ വർഷം എല്ലാവർക്കും ചീത്തയാ. തെക്കുപുറത്തെ കരശുമരം വെട്ടാനുള്ള സമയം ചോദിക്കാൻ പോയപ്പോൾ ആ ഭട്ട്സ്വാമി പറഞ്ഞത് അച്ചട്ടാ. ഇപ്പ എല്ലാവരും അനുഭവിക്കണം'.
ഭാര്യാമാതാവാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ഭട്ട് സ്വാമിയെ കണ്ട് ഒന്ന് ' നോക്കി'ച്ചില്ലെങ്കിൽ പുള്ളിക്കാരിക്ക് ഉറക്കമില്ല. ഭട്ട് പുരാണം കേട്ട് എനിക്ക് മതിയായെങ്കിലും ഈയിടെയായി ശ്രീമതിക്ക് ചെറിയൊരു മനസാന്തരം ഉണ്ടായിട്ടുണ്ടോ എന്നൊരു സംശയമില്ലാതില്ല.
കാറ് പോർച്ചിന് വെളിയിലേക്കെടുക്കുന്നതിനിടയിൽ അമ്മയോട് 'ശരി, നോക്കട്ടെ' എന്ന് പറഞ്ഞുകൊണ്ട് അവൾ വരുന്നതു കണ്ടു. 
ടൗണിൽ ഒന്ന് കറങ്ങി. ജനം അധികമൊന്നും പുറത്തിറങ്ങുന്നില്ല. കുറച്ച് പച്ചക്കറികളും മറ്റും വാങ്ങി കാറിൽ കൊണ്ടു വച്ച് ഒന്ന് പാളി നോക്കിയപ്പോൾ അവിടെ വലിയ തിരക്കില്ല. ഒട്ടോസ്റ്റാൻഡിൽ വത്സനും ഉണ്ട്. അവനെ വിളിച്ച് കാശ് കൊടുത്തു. അമ്മക്കുള്ള കുഴമ്പ് വാങ്ങി ഭാര്യ വരുന്നതിന് മുൻപ് വത്സൻ മറ്റവനെ വണ്ടിക്കകത്താക്കി.
'പോകാം'. ഭാര്യ ഡബിൾ ബെല്ലടിച്ചു.
മെയിൽ റോഡിലേക്ക് കയറുന്നതിന് മുൻപ് എന്റെ തോളത്ത് തട്ടി അവൾ പറഞ്ഞു..
'വലതുവശത്തേക്ക് പോകണം. ഒരു കാര്യമുണ്ട്'.
പെട്ടെന്നുള്ള കൽപനയായതുകൊണ്ട് സ്റ്റീയറിങ്ങ് അറിയാതെ തിരിഞ്ഞു. പിന്നെയാ ചോദിച്ചത്.
'എവിടേക്കാ?'
' പറയാം' എന്നവൾ സമയമെടുത്ത് പറഞ്ഞപ്പോഴേക്കും വാഹനം ഒരു വീടിന്റെ ഗേറ്റിലെത്തിയിരുന്നു. ആ ഇടവഴി പ്രസ്തുത വീട്ടിലേക്ക് മാത്രമായിട്ടുള്ളതാണെന്ന് മാത്രമല്ല തിരികെ പോകണമെങ്കിൽ ഗേറ്റ് തുറന്ന് ഉള്ളിൽ കടന്ന് വേണം വണ്ടി തിരിക്കാൻ. അല്ലങ്കിൽ അത്രയും ദൂരം നാലും മൂന്നും ഏഴ് വിരൽ മാത്രമുള്ള ആ വഴി മുഴുവൻ റിവേർസ് പോകണം. ഇരുവശത്തുമുള്ള കമ്പിവേലിയിൽ തട്ടിയാൽ കുശാൽ. ഇതേതാണാവോ വീട് ?
ചിന്തകൾ ഡോർ തുറക്കുന്ന ശബ്ദത്താൽ ഖണ്ഡിക്കപ്പെട്ടു. ഭാര്യ ഇറങ്ങി ആ വീട്ടിലെ ഒരംഗത്തെപ്പോലെ മുന്നോട്ട് നടന്ന് ഗേറ്റ് മലക്കെ തുറന്ന്, ഉള്ളിലേക്ക് കാർ കയറ്റിയിടാൻ അനുവാദം തന്നു .
'ഇതാരുടെ വീടാ?, ഇറങ്ങുന്നതിനിടയിൽ ഞാൻ തിരക്കി.
'ഭട്ടിന്റെ'.
അവൾ ഒരുക്കുകല്ല് ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ എനിക്ക് മുഖം തരാതെ പറഞ്ഞു.
ഭട്ട് ! ഞാൻ ഞെട്ടി. 
കുനിഞ്ഞ ശിരസോടെ പടികൾ കയറിക്കൊണ്ടിരിക്കുമ്പോൾ ആരോ സ്വാഗതമോതി .
'വരൂ, അകത്തേക്ക് വരൂ'.
ചന്ദനക്കുറിയും കുങ്കുമപ്പൊട്ടുമായി ഒരു സുമുഖൻ. കനമുള്ള ഒരു സ്വർണ്ണമാല , പതിവുപോലെ നിറം മങ്ങിയ പൂണൂൽ . 
അകത്തേക്ക് കടന്നപ്പോൾ കണ്ടു, ഭാര്യ അവിടെ വിരിച്ചിരിക്കുന്ന പുൽപ്പായയിൽ ഉപവിഷ്ടയായി കഴിഞ്ഞിരുന്നു. കണ്ണിന്റെ ചലനത്തിനൊത്ത് ഞാനും ഇരുന്നു. പണ്ട് ഇങ്ങിനെ ഒന്നിരുന്നതാണ് ഈ അനുഭവത്തിന് മൂലഹേതുവെന്ന് മനസ്സിൽ പറഞ്ഞു.
ഇന്ന് വരെ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ദൈവങ്ങളും അവിടെ ചില്ലിനുളളിലിരുന്ന് എന്നെ നോക്കി. കൂട്ടത്തിൽ ഒരു താടിക്കാരനും ! ഇയാളാര് ? പെട്ടെന്ന് ആരും മനസ്സിൽ തെളിഞ്ഞില്ല.
വാമഭാഗം എന്തോ ഒരു കടലാസ് അദ്ദേഹത്തിന് നീട്ടി.
ഒരു കടലാസ് ആദ്യമായിക്കാണുന്ന കൗതുകത്തോടെ കുറച്ച് നേരം നോക്കിയിരുന്നിട്ട്, പൂണൂലിലോളം തന്നെ മുഷിഞ്ഞ ഒരു തുണിസഞ്ചിയടുത്ത് അതിലെ കക്ക - കവിടി സാമഗ്രഹികൾ മുൻപിൽ വച്ചിരുന്ന, ശ, കു, ചൊ, ശു എന്നിങ്ങനെയുള്ള മലയാള അക്ഷരങ്ങൾ എഴുതിയിട്ടുള്ള പലകയിൽ ചൊരിഞ്ഞു.
അല്പ സമയം കിവിടി കൂട്ടത്തിൽ കൈ കൊണ്ട് തിരുമ്മി ഒരു പിടിയെടുത്ത് മാറ്റി, ജോഡി തിരിച്ച് വക്കാൻ തുടങ്ങി.
' എന്നാലും, ആരാണീ താടിക്കാരൻ?' എന്റെ ചിന്ത അതായിരുന്നു.
ജോഡികളായി തിരിക്കപ്പെട്ട കവിടികളെ നോക്കി അല്പനേരം കണ്ണടച്ച് എന്തോ പിറുപിറുത്ത്, കണ്ണ് തുറന്ന് ഞങ്ങളെ നോക്കി അയാൾ പറയാൻ തുടങ്ങി.
' പണ്ട് നവഗ്രഹങ്ങളേയും, അഷ്ടദിക്ക് പാലകന്മാരേയും കൂടാതെ സൂര്യനേയും സാക്ഷാൽ വിഷ്ണു ഭഗവാനേയും ആക്രമിക്കാൻ പുറപ്പെട്ട അസുരന്മാരെ നിഗ്രഹിക്കാൻ പരമശിവൻ തന്റെ തൃക്കണ്ണിൽ നിന്നും നവതി ഗോവിന്ദ് എന്ന് പേരായ ഒരു ഭൂതത്തെ സൃഷ്ടിച്ചതായി ശിവപുരാണത്തിന്റെ ആദ്യ പ്രതിയിൽ പറയുന്നുണ്ട്. പക്ഷേ പിന്നീടുള്ള പ്രതികളിൽ ഈ ഭാഗം നീക്കം ചെയ്തതായി ഈയിടെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ ഈ പ്രവൃത്തിയിൽ കോപംപൂണ്ട ഭൂതം കലിയുഗത്തിൽ ഭൂമിയെന്ന ഗ്രഹത്തെ ആക്രമിക്കുമെന്ന് ശപഥമെടുത്തു. അതാണിപ്പോൾ നാം അനുഭവിക്കുന്ന ദുരിതം. നവതി ഗോവിന്ദ് എന്നപേർ ഇന്നത്തെ ശാസ്ത്ര ലോകം 'കോവിഡ് പത്തൊൻപത് ' എന്നാക്കി മാറ്റി...'.
പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ലഡു പൊട്ടി.
ആ താടിക്കാരനെ എനിക്ക് മനസ്സിലായി.
തിരികെ പോരുമ്പോൾ വെറുതെ ചിരിക്കുന്ന എന്നെ നോക്കി അവൾ മുഖം കോട്ടി.
' നിങ്ങൾക്കെന്താ, ഭ്രാന്തായോ?'
ഞാൻ അപ്പോഴും ചിരിച്ചു.
 
 
സതീഷ് വാരിജം, കുവൈറ്റ്

Share this on