menu

348 - പുസ്തകപരിചയം എന്നെ നീ അറിയില്ലേ

വി.ആർ. നോയൽ രാജ്

പുസ്തകപരിചയം 
 

എന്നെ നീ അറിയില്ലേ 

 
(കവിതകൾ)
 

ചന്തിരൂർ ദിവാകരൻ

 
     വൃത്ത നിബദ്ധവും താളനിബദ്ധവുമായ കവിതകൾ രചിക്കുന്ന ചന്തിരൂർ ദിവാകര ന്റെ മനോഹരമായ 34 കവിതകളും ഏതാനും മുക്തകങ്ങളും അടങ്ങിയ സമാഹാരമാണ് എന്നെ നീ അറിയില്ലേ .
     പ്രകൃതിയേയും പ്രകൃതി താളങ്ങളേയും തിരിച്ചറിഞ്ഞ കവി. ഹൃദയങ്ങളെയും ഹൃദയതാളങ്ങളയും അനുഭവിച്ചറിഞ്ഞ കവി. പ്രകൃതി സ്നേഹവും ഭാഷാസ്നേഹവും, സ്ത്രീകളോടുള്ള ബഹുമാനവും, സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളോടുള്ള രോഷവും, പ്രണയവും, ഭക്തിയും എല്ലാം ചന്തിരൂർ ദിവാകരന്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു.
 
"നീലാകാശച്ചെരുവിൽ മുകളിൽ 
ചെങ്കനൽ വിതറിയതാരാണോ
നിശ്ചല നിർമ്മല നിരുപമ യാമം നിത്യമൊരുക്കുവ താരാണോ?"
 
എന്നു തുടങ്ങുന്ന ഉദയം എന്ന കവിതയോടെയാണ് സമാഹാരം ആരംഭിക്കുന്നത് .ഉദയത്തിൻറെ മനോഹാരിത ആ കവിതകളിൽ നിറയുന്നുണ്ട് . 
 
''അക്ഷരവെളിച്ചമാണെന്റെ മലയാളം
 അക്ഷര പ്രഭയാണ് പുണ്യ മലയാളം സാക്ഷരത കൈവരിച്ചെന്റെ മലയാളം സാക്ഷരത പൂർണമായെന്റെ മലയാളം:'
 
      അക്ഷര പ്രഭ എന്ന കവിതയിൽ മലയാള ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശവും മലയാളത്തോടുള്ള ഭക്തിയും ശക്തിയും എടുത്തു കാണിക്കുന്നുണ്ട്. 
 
"അമ്മയല്ലാതേതു ദൈവം വസുന്ധരേ അമ്മയാണെന്നുമെൻ സ്വർഗ്ഗരാജ്യം 
നീയുമൊരമ്മയാണല്ലി സർവ്വംസ ഹേ 
 നീയും ചുരത്തുന്നു നൻ മുലപ്പാൽ"
 
          ജനനി എന്ന കവിതയിൽ അമ്മയോടുള്ള സ്നേഹവും അമ്മയെന്ന പുണ്യത്തോടുള്ള ബഹുമാനവും ആദരവും കവി വ്യക്തമാക്കുന്നു. പ്രായംചെന്നവരെ തിരിഞ്ഞു നോക്കാതെ വൃദ്ധസദനങ്ങളിൽ ആക്കാൻ വെമ്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ ഈ കവിതയുടെ പ്രസക്തി വളരെയേറെയാണ് 
 
"കൃഷ്ണാ നിനക്കുഞാൻവെണ്ണനൽകാമുണ്ണി കൃഷ്ണനെൻ ചാരത്തണയുമെങ്കിൽ 
ദുഃഖാർണ്ണവത്തിൽ കിടക്കുമെന്നെ പ്രഭോ  മുക്തനാക്കീടാൻ വിളംബം എന്തേ ?"
 
     കവിയുടെ ദുഃഖങ്ങളും ലോകത്തിന്റെ ദുഃഖങ്ങളും അകറ്റാൻ ക്ഷിപ്രപ്രസാദിയായ ദേവനോട് കൺ തുറക്കാനുള്ള അപേക്ഷയും പ്രാർത്ഥനയുമാണ് ഈ കവിതയിൽ.  ദുഃഖങ്ങളും കഷ്ടപ്പാടുകളുമെല്ലാം ചുരുങ്ങിയ വാക്കുകളിൽ  വരച്ചു കാണിക്കുന്നുണ്ട്
     "എന്നെയാരറിയുന്നു ഞാനൊരു മരമല്ലേ എൻറെ സേവനങ്ങളെയാരാരു പ്രകീർത്തിപ്പാൻ?
ഞാനൊരേ നിൽപ്പാണിന്നും സഞ്ചരിക്കുവാൻ കാലില്ലെൻ വിധിയിതാണെന്നു കരുതിക്കഴിയുന്നു "
 
          മരം  വരം ആണെന്ന്. നമ്മൾ മനസ്സിലാക്കിയിട്ട് നാളുകളേറെയായി, എങ്കിലും മരങ്ങൾ സംരക്ഷിക്കുന്ന ദൗത്യം നമ്മൾ ഇപ്പോഴും ഏറ്റെടുത്ത് കാണുന്നില്ല. ജീവനും ജീവിതത്തിനും അത്യന്താപേക്ഷിതം എങ്കിലും മരങ്ങൾ നശിപ്പിക്കുമ്പോൾ ഇതെല്ലാം മറന്നു പോകുന്ന തൻറെ സ്വാർത്ഥത മനോഹരമായ വരികളിൽ "'മരമാണ് ഞാൻ "എന്ന കവിതയിലൂടെചൂണ്ടി കാണിച്ചു തരുന്നു.
     "ഇരുൾ വെട്ട മകലെ പരക്കുന്നു,പകലിന്റെ കനൽ പൊട്ടിയൊഴുകുന്ന
കാനൽ പ്രവാഹിനിയിൽ 
നീന്തിടും നീഡത്തിനുള്ളിൽ നിന്നുയരുന്നൊ-
രർഭക വിലാപങ്ങളാരെണ്ണി നോക്കിടാൻ! "
 
     സ്ത്രീകളുടെ ദുഃഖങ്ങളുടേയും അവർ അനുഭവിക്കുന്ന അവശതകളുടേയും  വാഗ്മയചിത്രം ആയി "സംവരണം " എന്ന കവിത മാറുന്നു.  ഈ സമാഹാരത്തിലെ ഏറ്റവും വലിയ കവിതകളിൽ ഒന്നാണ് ഇത്.
     "താടിക്കു കൈയും കൊടുത്ത്രിരിപ്പു കുനികൂടി 
പാടത്ത് പണി ചെയ്യും കർഷകത്തൊഴിലാളി നക്ഷത്രമെണ്ണാൻ മേലെ നോക്കുവാനാവില്ലെന്നാൽ നക്ഷത്രമെണ്ണീടുന്നു ജീവിത പ്രാരാബ്ധത്തിൻ!"
 
അപ്പനെ ഓണത്തപ്പാ എന്ന കവിതയിൽ കർഷകത്തൊഴിലാളികളുടേയും മത്സ്യത്തൊഴിലാളിയുടെയും കഷ്ടപ്പാടുകളുടെയും പട്ടിണിയുടെയും കഥയാണ് പറയുന്നത്. മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ചിലരുടെ നിലപാടുകളെക്കുറിച്ചും കവി പറയുന്നുണ്ട്.
 
"പെണ്ണവൾ ദേവത വിണ്ണിൻ വിശുദ്ധി തൻ പുണ്യാഹ പുണ്യമാം ഗംഗ ജലനിധി 
എണ്ണിയാൽ തീരാത്ത സങ്കടവാഹിനി കണ്ണീരൊഴുക്കും പ്രശാന്ത പ്രവാഹിനി "
 
     പെണ്ണെന്ന ദേവതയെക്കുറിച്ച് പാടുമ്പോൾ കവിയുടെ നാവുകൾ വാചാലം ആവുകയാണ്. എത്ര പറഞ്ഞാലും തീരാത്ത നന്മകൾ
 
" ചിരിപ്പതെങ്ങനെ
 ചിരി വരുന്നില്ല ചിരി വിടർത്തുവാൻ 
പരമ ദാരിദ്ര്യമനുഭവിക്കുന്ന 
മിഴികൾ കാൺകവെ"
 
ദാരിദ്ര്യം ,സ്നേഹരാഹിത്യം ,അപഹരണം, കൊലപാതകം, സ്ത്രീപീഡനം, വയലുകൾ തരിശിടൽ,  ലഹരി, വിഷമദ്യം, അലക്ഷ്യമായ യുവത്വം ഇവയൊക്കെ നിറയുന്ന ഈ നാടിൻ നടുവിൽ നിന്ന് എങ്ങനെ ചിരിക്കും എന്നാണ് കവി ആശങ്കപ്പെടുന്നത്.
 
"കാണാതിരിക്കുമ്പോൾ ഓമനേ കൺകളിൽ കാണുന്നു നിന്നെ ഞാനെന്നും
നീ അടുത്തുണ്ടെങ്കിൽ ദുഃഖങ്ങളൊക്കെയും നീങ്ങിടും നീയറിയുന്നോ!"
 
ശുദ്ധമായ അനുരാഗത്തിന്റെ കുളിർ തെന്നലിൽ എല്ലാം മറന്ന് ശാന്തനാകുന്ന ഒരു കവിയെയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക
 
"കാല്യ പ്രകാശം പരന്നൊഴുകുന്ന പോൽ ബാല്യ സ്മരണകൾ പെയ്തിറങ്ങി 
കാലം കടന്നുപോയെങ്കിലും ഇപ്പോഴും ബാല്യം മനസ്സിൽ കളിക്കളത്തിൽ "
 
ചൂരൽ കഷായം നൽകിയ ശങ്കുണ്ണി സാറിനെ കുറിച്ചുള്ള ഓർമകളും അദ്ദേഹം നൽകിയ ഉപദേശങ്ങൾ പിൽ കാല ജീവിതത്തിൽ ഗുണകരമായതും കവി ഓർത്തെടുക്കുന്നു. ശങ്കുണ്ണി സാറിന് ഉള്ള ഒരു ഗുരുദക്ഷിണയാണ് 'ചൂരൽകഷായം 'എന്ന ഈ കവിത 
"ആലസ്യത്തിൽ കുടചൂടി 
ആരാണാവോ ക്യൂ നിൽക്കുന്നു 
ആനന്ദസന്ദായകനാം
അരചനാമോ?"
 
മാവേലി സ്റ്റോറിൽ ക്യൂ നിന്ന മാവേലിയെ തന്നെ ഊഴം എത്തിയപ്പോൾ ഓടിച്ചു വിടുന്ന  ഒരു ആക്ഷേപഹാസ്യ കവിതയാണ് വേല വേലപ്പനോടോ? എന്നത് 
 
"ഗാന്ധിജി മെല്ലെ വരുന്നു ഖദറിൻ തോർത്തും ചുറ്റി ഗമയിൽ 
മറ്റൊന്നുണ്ടേതോളിൽ കണ്ണട 
മൂക്കിൻ തുഞ്ചത്തുണ്ടേ"
 
ഗാന്ധിജി കഥാപാത്രമായ കവിതയാണിത്. കോടതിയിലേക്ക് പോകുന്നതിന് ബാറിലേക്ക് വഴി ചോദിച്ചപ്പോൾ ആദ്യം ബാർബർഷോപ്പിലും പിന്നീട് മദ്യശാലകളും കൊണ്ടുപോകുന്ന യുവാവ്.   ഇവിടെ കാണുന്നത് യുവജനതയുടെ അലക്ഷ്യമായ മുന്നോട്ടുപോക്കാണ്. 'എന്നെ നീ അറിയില്ലേ" എന്ന് ഗാന്ധി വളരെ വേദനയോടെയാണ് ചോദിക്കുന്നത്. ആക്ഷേപഹാസ്യ കവിത
എന്ന നിലയിൽ ഈ കവിതയെ കാണാവുന്നതാണ് .
 
ജീവിതം ശാശ്വതമാക്കിടുവാൻ സഖിയോട്  വരില്ലയോ എന്നു ചോദിക്കുന്ന കവിത 
ചില തത്വങ്ങൾ ഉൾക്കൊള്ളുന്ന, സമയമാകുമ്പോൾ എല്ലാം ശരിയാകും എന്നാശ്വസിക്കുന്ന കാരുണ്യ ചന്ദ്രോദയം എന്ന കവിത ഇളനീരിന്റെ മഹത്വത്തെക്കുറിച്ച്  വാചാലമാകുന്ന ഇളനീർ ,കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ചൂണ്ടുന്ന എരിയകുളം, പ്രണയിനിയെക്കുറിച്ചോർക്കുന്ന സ്പന്ദനം .
സ്ത്രീയായതിൻറെ പേരിൽ അനുഭവിക്കേണ്ടിവന്ന വിഷമതകളെക്കുറിച്ചുള്ള നീ എൻറെ പെങ്ങൾ, സത്യധർമ്മാദികൾ പാലിച്ചുള്ള ജീവിതം നയിക്കാനായി ഓർക്ക നാം, ധർമ്മ ക്ഷയം,കർഷകരെ കുറിച്ചുള്ള ചുവപ്പണിഞ്ഞ പ്രഭാതം, ദേശഭക്തി ചൂണ്ടിക്കാണിക്കുന്ന ഭാരതീയം ,ലഹരിയും മദിരയും നുകർന്ന് ജീവിതം നശിപ്പിച്ചു കളയുന്ന യുവത്വം' കാല വൈഭവം, ദാമു അന്നാശേരിയെന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ഓർക്കുന്ന സ്മരണാഞ്ജലി,കൊയ്ത്തു പാട്ട് ,
രോദനം ബലം എന്ന ദു:ഖം പടർത്തുന്ന കവിത,പ്രിയ സുഹൃത്തിന്റെ
വിയോഗത്തിലൂടെ കടന്നുപോകുന്ന ചങ്കുചെത്താം,  പണ്ഡിറ്റ് കറുപ്പനെ കുറിച്ചുള്ള ഗുരുനാഥൻ എന്ന കവിത, 
നൊമ്പരപ്പാട്ട് ,താജ്മഹലിനു മുന്നിൽ നിൽക്കുമ്പോഴുള്ള സ്മരണകൾ, പണമുണ്ടെങ്കിൽ എന്തും നേടാം എന്നുള്ള വിപിനം കടക്കാം എന്ന കവിത എല്ലാം ഓരോ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് കവിയുടെ മനസ്സിൽ ഉണർത്തുന്ന നൊമ്പരങ്ങളും മധുരങ്ങളും ആത്മരോഷങ്ങളുമാണ്.
 
ഏറെ ചിന്തനീയമായ കവിതകൾ. ഇതിലെ ഒട്ടുമിക്ക കവിതകളിലും കാണുന്നത് ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ്. ചന്തിരൂർ ദിവാകരന്റെ കവിതകൾ ഇനിയും ഇത്തരം പ്രശ്നങ്ങളിലേക്കുള്ള വിരൽ ചൂണ്ടൽ ആകട്ടെ എന്ന് ആശിക്കാം.
 
(വി.ആർ. നോയൽ രാജ്)

Share this on