menu

403 - കവിത - ഉപ്പ്

സവിതാ ദാസ്

കവിത

   ഉപ്പ്

 
വിശന്നിട്ടും
കഴിച്ചില്ലെങ്കിലെന്ത്
വിശാക്കാത്ത നേരത്ത്
കഴിക്കണുണ്ടല്ലോ
 
തൊണ്ട വരണ്ടിട്ടും
കുടിച്ചില്ലെങ്കിലെന്ത്
ദാഹമില്ലാ നേരത്തു-
കുടിക്കലുണ്ടല്ലോ
 
തളർന്നിട്ടും
കിടന്നില്ലെങ്കിലെന്ത്
തളരാത്ത നേരത്ത്
കിടക്കലുണ്ടല്ലോ
 
ചെയ്തിട്ടും ജോലി
തീരാത്തതെന്ത്
നിനക്കെന്തിത്ര ജോലി ?
കേട്ടുകൊണ്ടേ കഴിച്ചു 
 
എല്ലോരും ബാക്കി-
വച്ചതുണ്ടുകുടിച്ചു
കുഞ്ഞിനോടു 
ചേർന്നുകിടന്നു
 
താരാട്ടുപാടി 
പാടിയുറക്കി
'അച്ചനെപ്പോലെ 
വളരേണം
അമ്മയ്ക്കു 
തണലായ് മാറേണം'
 
അമ്മതൻ
സാരിത്തുമ്പു 
പതിവുപോൽ
മിഴിനീരുപ്പറിഞ്ഞു
 
അമ്മമണമുള്ള
സാരിത്തലപ്പിനെ
മുത്തിയതേറെ
വൈകിയെന്നാകിലും
ഉപ്പിന്നുതെല്ലും 
കുറവന്നില്ല
 
 
സവിത ദാസ്

Share this on