menu

487- കഥ -ഒരുപ്രവാസിയുടെ പൂരകാഴ്ച്ചകൾ

സുനിൽവേ വേളേക്കാട്ട്

കഥ
 

ഒരുപ്രവാസിയുടെ പൂരകാഴ്ച്ചകൾ

 
സുനിൽ വേളേക്കാട്ട്
 
'തൃശ്ശൂർപൂരം കാണാത്ത തൃശ്ശൂർകാരനോ'
അങ്ങിനെയൊന്ന് മനസ്സിൽകിടന്ന് വിങ്ങാൻതുടങ്ങിയിട്ട് വർഷമേറെയായി.
 
ചെറുപ്പത്തിൽ "തൃശ്ശൂർപൂരം'എന്ന് കേട്ടാലേ അച്ഛന്റെ സ്ഥിരംഡയലോഗ് ഇപ്പോഴും പൂരായാല് ഓർമയിലെത്തും
 
"കൂട്ടംതെറ്റും.ആ ഭാഗത്തിക്ക് പോണ്ട അത്രക്കും പുരുഷാരം ആയിരിക്കും.."
 
തിരിച്ചൊന്നുംപറയാൻ പാടില്ല.എല്ലാം കേട്ടു അനുസരിച്ചുകൊൾക.അതായിരുന്നു അന്നത്തെ ഒരുരീതി.
 
പിന്നീട് പലകാരണങ്ങൾകൊണ്ടും ആ മോഹം നടക്കാതെപോയി.
 
ഇപ്രാവശ്യം ലീവിന് എഴുതികൊടുത്തപ്പോൾതന്നെ
പൂരംകാണുക എന്നതും കണക്കിലെടുത്താണ് നാട്ടിലേക്ക് വന്നത് തന്നെ.
 
അങ്ങിനെ ആ ദിവസമടുത്തു
നാളെ പൂരമാണ്.അതെല്ലാം ഓർത്താണ് തലേന്ന് കിടന്നത്
 
കാലത്തേ എണീറ്റ് പതിവുപോലെ നടക്കാനായി പുറത്ത് വന്നപ്പോൾ കണ്ടത്
തരക്കേടില്ലാത്ത മഴപെയ്യുന്നതാണ് കൂടെ ഇടിയുംമിന്നലുമുണ്ട്.
 
തണുത്തകാറ്റ് ദേഹത്ത് ഏറ്റപ്പോൾ എന്തെന്നില്ലാത്ത സുഖംതോന്നി.
എന്തായാലും മഴ നന്നായി പെയ്യട്ടെയെന്ന് പ്രാർത്ഥിച്ചു.വന്നിട്ട് ചൂടിടുത്തിട്ട് ഇതുവരേക്കും മര്യാദക്ക് ഉറങ്ങീട്ടില്ല.
 
പെട്ടെന്നാണ് ഇന്ന് പൂരമാണെന്ന് ഓർമവന്നത്.ഉടനെ പ്രാർത്ഥന തിരുത്തി.
മഴ ശക്തിയായി പെയ്യല്ലേ.വേണെങ്കിൽ ചെറുതായി ചാറിക്കോട്ടെ എന്നാക്കി.സ്വീകരിക്കോ ആവോ എന്നാലും
പറഞ്ഞു നോക്കാലോ.
 
ഏതാണ്ട് ഒരുപത്ത്മണിയോടെ പോകാനായി റെഡിയായപ്പോഴേക്കും മഴയൊക്കെ പമ്പകടന്നു തരക്കേടില്ലാത്തവെയിലായി എങ്കിലും ഇടക്ക് മങ്ങിയുംചെറുതായുള്ള തണുത്തകാറ്റും കുറച്ചെങ്കിലും ആശ്വാസം തന്നു.
 
ബസ്സ്കാത്തു നിന്നപ്പോൾ തൊട്ടപ്പുറത്തു വഴിയോരക്കടയിൽ  ചായവീശിയടിച്ചു ഗ്ളാസ്സിലൊഴിക്കുന്നതു കണ്ടപ്പോൾ പിന്നെ എന്താ ചെയ്യാ.. 
 
"ഒരുസ്ട്രോങ്ങ്ചായ മധുരംകൊറച്ചു.."
ചായആസ്വദിച്ചുകുടിച്ചു
വീട്ടിൽനിന്ന് കഴിച്ചുവന്നാൽപോലും ഇതുപോലെ  ചായകുടിക്കാന്നുള്ളത് ഒരുശീലായി.അതൊരു സുഖാന്നെ..!
 
തൃശൂർക്കുള്ള ബസ്സിൽകയറി ടിക്കറ്റ് എടുക്കുമ്പോൾതന്നെ കണ്ടക്ടർ പറഞ്ഞു
 
"റൗണ്ടിൽക്ക് പോവില്ലാട്ടാ..എന്തായാലും ശക്ത്തൻ സ്റ്റാൻലിൽക്ക് പോവും,"
 
"അത് മതി.." 
 
സമ്മതിച്ചു.അല്ലാതെ നിവൃത്തിയില്ലല്ലോ.ബസ്സിൽ വല്ല്യ തിരക്കൊന്നും കാണുന്നില്ല.ആരും പൂരംകാണാൻ പോണില്ല്യാവോ.അപ്പൊ പൂരപറമ്പിലും അത്ര തിരക്കൊന്നും കാണില്ല്യായിരിക്കും.
 
ആദ്യമായിട്ട് പോകുന്നത്കൊണ്ടായിരിക്കും വല്ലാത്ത ജിജ്ഞാസ കൂടെ കൂടിയിട്ടുണ്ട്.
ഒറ്റക്കായത്കൊണ്ട് ആരേം നോക്കേണ്ട ഇഷ്ടത്തിന് തോന്നിയപോലെയൊക്കെ നടക്കാം കറങ്ങാം ആരാ ചോദിക്കാൻ
 
മഠത്തിൽവരവ്,ഇലഞ്ഞിത്തറ മേളം,തെക്കോട്ടിറക്കം,കുടമാറ്റം എന്നൊക്കെ പറഞ്ഞുകേട്ടത് നേരിട്ട്കാണണം എന്നത് മനസ്സിൽ നേരത്തേ ഉറപ്പിച്ചിട്ടുള്ളതാണ്.
 
പറഞ്ഞപോലെത്തന്നെ ബസ്സ്‌ റൗണ്ടിലേക്ക്
കടന്നില്ല. 
 
"ഇവിടെ എറങ്ങിക്കട്ടാ.."
 
അവിടെ ഇറങ്ങിയെങ്കിലും സ്ഥലം കൃത്യായിട്ട് ഏതാണെന്ന് മനസ്സിലാവാഞ്ഞതിനാൽ ആദ്യംകണ്ട ഓട്ടോയിൽ കയറി.
 
"പൂരത്തിനല്ലേ..അടുത്തുവരെ എത്തിക്കാം.."
അങ്ങോട്ട് പറയുന്നതിന് മുൻപ്തന്നെ ഓട്ടോക്കാരന്റെ പ്രതികരണം.
 
അങ്ങിനെ പൂരപ്പറമ്പിൽ വടക്കുംനാഥന്റെ സന്നിധിയിൽഎത്തി.
 
ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.ആണുങ്ങൾ മാത്രമല്ല സ്ത്രീകളും കൊച്ചുകുട്ടികളടക്കമുള്ളവരുമുണ്ട്.അവരിലൊരാളായി കൂടെയൊഴുകി.
 
വെയിലിന് ശക്തികൂടിവരികയാണ് ക്ഷീണം
ഇപ്പോഴേ പിടികൂടിയോ.എന്തായാലും നല്ല ദാഹമുണ്ട്.
 
സംഭാരം എന്നുകണ്ടതും അവിടെകയറി.കുറെ വെള്ളതൊപ്പിക്കാര് ഒഴിച്ചൊഴിച്ചു കൊടുക്കുന്നു.രണ്ടുഗ്ളാസ്സ് അകത്താക്കിയപ്പോൾ നല്ലസുഖം.അതും
ഫ്രീയായിട്ട്.ആം ആദ്മിക്കാരുടെ വകയാത്രെ..ആരോ ആയിക്കോട്ടെ ദാഹംമാറില്ലേ പോരെ.
 
അപ്പോഴാണ് അടുത്തുണ്ടായിരുന്ന ഒരു മദ്യവയസ്ക്കന്റെ ചോദ്യം.
 
"ഇവിടെ ബാർ എവിട്യാ..എന്താചൂട് ഒരു ബീർഅടിക്കാനാ.."
 
"ഇല്ലാട്ടാ..പൂരായിട്ട്ഒക്കെ അടവാ..ഇനി വേണെങ്യെ കൊറച്ചുദൂരംപോണം"
 
പെട്ടെന്നുതന്നെ മറുപടി അടുത്തുന്നുതന്നെ കിട്ടി.
എന്തൊരു ശുഷ്‌കാന്തിയാണ് ഈവകകാര്യങ്ങളിൽ ജനങ്ങൾക്ക്.
 
എന്റെ രണ്ടുകണ്ണുകളും ആദ്യം ഇത് ചോദിച്ചയാളിൽ ചൂഴ്ന്നിറങ്ങി.ആള് കൊള്ളാലോ കണ്ടാല് അത്യാവശ്യം മാന്യനൊക്കെ തന്നെയാണ്.
 
ഒന്നാലോചിക്കുമ്പോൾ ചോദിച്ചതിൽ തെറ്റ്പറയാൻ പറ്റോ..ഈ ചൂടിന് ഒരു ബീറോക്കെയാവാം.
 
സത്യംപറഞ്ഞാൽ അയാള് പറഞ്ഞത്കേട്ടപ്പോൾ തനിക്കും അങ്ങിനെയൊരുമോഹം ഉള്ളില് പൊട്ടിമുളച്ചില്ലേ.
 
വേണ്ട വടക്കുംനാഥന്റെ അടുത്തേക്കാണ് പോകുന്നത്.ആകളി വേണ്ടമോനെ.അപ്പൊത്തന്നെ പൊട്ടിമുളച്ചത് നുള്ളികളഞ്ഞു.
 
മഠത്തിൽവരവിന്റെ ആരംഭമായെന്ന് തിമിലയും മദ്ദളവും കൊമ്പും ഇലത്താളവും ഇടക്കയുമൊക്കെ കാതിൽ വന്നറിയിച്ചതും നടത്തത്തിന് സ്പീഡ്കൂട്ടി.
 
പഴയ നടക്കാവിലെ റോഡിൽ തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറി നിലകൊണ്ടു.
 
പഞ്ചവാദ്യത്തിൽ മുഴുകിയങ്ങിനെ നിൽക്കുമ്പോൾ അടുത്ത്നിന്നിരുന്ന കാരണവര് ചോദിക്കാതെ തന്നെ കമന്ററിപോലെ ഓരോന്നുംപറയുന്നുണ്ടായിരുന്നു
 
"കോങ്ങാട് മധുവും ടീമാ പൊരിക്കും,"
പഞ്ചവാദ്യത്തിനെ പറ്റിയാണ് പറയുന്നത്.
 
"സൂപ്പറാവും.."
 
വെറുതെയൊന്ന് സപ്പോർട്ട് ചെയ്തതോടെ
മൂപ്പര് ഒന്നുകൂടി ഉഷാറായി.
 
"എന്താ സംശയം..ദാ നോക്ക് തിരുവമ്പാടി
 ചന്ദ്രശേഖരനാ മുന്നില്..വർഷം പത്തമ്പതായി ഇത് നേരിട്ട് കാണാൻ തൊടങ്ങീട്ടെ.."
 
"നമിച്ചണ്ണോ.." മനസ്സിൽപറഞ്ഞു അദ്ദേഹത്തെ ആദരവോടെ നോക്കി.
 
ആനകളെ കണ്ടതുംജനങ്ങൾ ആരവം മുഴക്കി.എല്ലാവരും മൊബൈൽ പൊക്കിപിടിച്ചു വീഡിയോ എടുക്കുവാൻ ശ്രമിക്കുന്നത്കൊണ്ട് ഒന്നും ശരിക്കും കാണുവാൻപറ്റാത്ത സ്ഥിതിയിലായി.
 
"ഇലഞ്ഞിത്തറമേളം എപ്പഴാ തുടങ്ങാ.."
ചോദ്യം കേട്ടതും കാർന്നോരു തുടങ്ങി
 
"എന്തായാലും രണ്ടുമണി കഴിയും.അതുവരെ ഈ മേളങ്ങട് ആസ്വദിക്കാ"
 
"അതന്നെ"
 
ചൂടുണ്ടെങ്കിലും ഇടക്കുള്ള തണുത്തകാറ്റ് നല്ല ആശ്വാസം തന്നെയായിരുന്നു.ജനങ്ങളുടെ ഒഴുക്കിന് ശക്തികൂടുന്നുണ്ട്.
 
ഈ ഗ്യാപ്പിന് ഭക്ഷണം കഴിച്ചു വന്നാലോ..ആരോട് ചോദിക്കാൻ പോയി കഴിച്ചു വര്ന്നെ..
 
ഒരുവിധനെ പുറത്തുകടന്ന് ഹോട്ടൽകണ്ടുപിടിച്ചു ചോറ്കഴിച്ചു വീണ്ടും ജനലക്ഷങ്ങളുടെ ഇടയിലേക്ക് ഊളിയിട്ടു.
 
അടുത്ത ഒരേയൊരു ലക്ഷ്യം ഇലഞ്ഞിത്തറ
മേളമാണ്.അതെവിടെയാണ് നടക്കുന്നതെന്ന് ആദ്യം അറിയണം.എല്ലായിടത്തും ജനങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നുണ്ട്.ആരോടെങ്കിലും ചോദിക്കാതെ തരമില്ല.
 
എവിടെ നോക്കിയാലും പോലീസ്കാരുണ്ട് യൂണിഫോമിലും അല്ലാതെയും പോലീസിന്റെ വേഷം ഇട്ടില്ലെങ്കിലും ആ നോട്ടോo ഭാവവും കണ്ടാൽ ആർക്കാ മനസ്സിലാവാത്തത്.നമ്മളോടാ കളി.
 
"സാറേ ഇലഞ്ഞിത്തറ മേളം എവിടയാ നടക്കാ.."
 
"എവിടെയാ നാട്.."
 
അയാൾ സൂക്ഷിച്ചുനോക്കി.
 
പെട്ടാ..ഇയാൾക്ക് സ്ഥലംപറഞ്ഞാപോരെ ഊരും പേരുമൊക്കെ എന്തിനാ അറിയണെ
 
"തൃശ്ശൂര്തന്നെ ഒരറ്റത്ത്...ആദ്യായിട്ടാ." 
 
'തൃശ്ശൂർക്കാരനായിട്ടും ഇലഞ്ഞിത്തറ മേളം എവിടാന്ന് അറിയില്ലത്രേ' ആ നോട്ടത്തിൽനിന്ന് ഇത്രേം  മനസ്സിലാക്കി 
 
"മേളം ക്ഷേത്രത്തിനകത്താ വേഗം വിട്ടോ ഇപ്പൊത്തന്നെ അവിടൊക്കെ നിറഞ്ഞിട്ടുണ്ടാകും.."
 
വേഗം അകത്തേക്ക്കടന്നു ആകെപ്പാടെയൊന്ന് വീക്ഷിച്ചു ഇലഞ്ഞിമരം പലയിടത്തുമുണ്ട് മാത്രല്ല ചിലത് നന്നായി പൂത്തു മേളത്തെ വരവേൽക്കാൻ തയ്യാറെന്ന് അറിയിക്കുന്നുമുണ്ട്.അതിന്റെ മണം എല്ലാവരിലേക്കും പടർന്നുകയറുന്നുണ്ട്.
 
സ്വസ്തമായിനിന്ന് മേളംകാണുവാനുള്ള ഇടംകണ്ടുപിടിക്കാനുള്ള തിരച്ചിലായിരുന്നു കുറെ നേരം.എന്നിട്ട്എന്തായി അങ്ങിനെയൊരു സ്ഥലം ഇല്ലെന്ന് പെട്ടെന്ന്തന്നെ മനസ്സിലായി.എവിടെങ്കിലൊക്കെ നിന്ന് കണ്ടോണം അതേ നടക്കുള്ളൂ.
 
ഒരു രണ്ടരയോടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായെന്നു പറയാം.
 
പെരുവനംകുട്ടൻ മാരാരും സംഘവും മേളം കൊഴുപ്പിക്കുവാനും അത് ആവോളം ആസ്വദിക്കാൻ കാണികളും കട്ടക്ക് കട്ടക്ക് ആയത് കാണേണ്ട കാഴ്ച്ചതന്നെ.
 
കുറച്ചുകഴിഞ്ഞപ്പോൾ പോലീസുകാർ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകുന്നത്
കണ്ടപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന്
അപ്പോളൊരു പിടിയുമില്ലായിരുന്നു.എന്തെങ്കിലും പ്രശ്നമായോ വല്ല അടിപിടിയുമെങ്ങാനും ഉണ്ടായോന്നുള്ള സന്ദേഹം ഉള്ളില് കടന്നു.  
 
പിന്നീടാണ് മുഖ്യമന്ത്രിവന്നെന്നും പെരുവനത്തെ ആദരിച്ചു എന്നൊക്കെ അറിയുന്നത്.
 
മേളംപിന്നെയും മുറുകി ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.ഇത്രയുംനേരം ബുദ്ധിമുട്ടി എല്ലാംസഹിച്ചു നിന്നെങ്കിലും മനസ്സിന് സംതൃപ്‌തി നിറഞ്ഞ നിമിഷങ്ങളാണ് അതെന്ന് തിരിച്ചറിഞ്ഞു.
 
അടുത്തത് കുടമാറ്റം.ഇനി ലക്ഷ്യം അതാണ് അതുകൊണ്ട് തെക്കോട്ടിറക്കത്തിന് മുൻപ് എവിടെയെങ്കിലും സ്ഥലംപിടിക്കണം വല്ലാത്ത ദാഹമുണ്ട്.ഒരുകുപ്പി വെള്ളംവാങ്ങി മുഴുവൻകുടിച്ചു തീർത്തപ്പോൾ വല്ലാത്ത ആശ്വാസമായി.
 
കുടമാറ്റത്തിന് സ്ഥലമൊരുക്കുന്നതിനായി മുൻഭാഗത്ത്നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന തിരക്കിലാണ് പോലീസുകാർ.
 
ഒരു ഭാഗത്ത് മുഖ്യമന്ത്രിയടക്കമുള്ള വർക്കായി ഉയരത്തിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ. എല്ലായിടത്തും പോലീസിന്റെ സംഘങ്ങളുടെ നിയന്ത്രത്തിലാണ്.
ഏതാണ്ട് അഞ്ചുമണിക്ക് ശേഷം തെക്കോട്ടിറക്കം ആരംഭിച്ചതും ജനം ഇളകിമറിഞ്ഞു.
 
ഓരോ നിമിഷം കഴിയുന്തോറും ജനങ്ങളെകൊണ്ട് നിറഞ്ഞുകവിയുന്ന കാഴ്ച്ച.സൂചികുത്താൻ പഴുതില്ല എന്ന്പറയുന്നതിതാണെന്ന് കണ്ടതപ്പോഴാണ്.
രണ്ടുസംഘങ്ങളുടെയും കുടകൾ വന്നു
രണ്ടു ഭാഗത്തായി അടുക്കിവക്കുമ്പോഴും ജനം വിസിലടിച്ചും ഒച്ചവെച്ചും സന്തോഷമറിയിക്കുന്നുണ്ട്.
 
ആറുമണിയോടെ രണ്ട് ഭാഗക്കാരുടെ എല്ലാ ആനകളും പുറത്തിറങ്ങി രണ്ടുഭാഗത്തായി അണിനിരന്നു കുടമാറ്റം തുടങ്ങി.
 
പിന്നെ വർണ്ണകുടകളുടെ വിസ്മയമാണ് നടന്നത്.
നിലകുടകൾ,ദേവതകളും,ആനകൾ വരെ കുടകളിൽ ഇടംപിടിച്ചു.നേരം ഇരുട്ടിയതും രണ്ടുകൂട്ടരും എൽ ഇ ഡി കുടകൾ ഉയർത്തി തുടങ്ങി.
 
മണിക്കൂറുകളോളം നിന്നതിനാലും പിന്നിൽനിന്നുള്ള തള്ളുംകൂടിയായപ്പോൾ വല്ലാതെ അവശനായിപോയി.
 
കാലിനൊക്കെ വല്ലാത്ത വേദന അനുഭവപ്പെട്ടപ്പോൾ എങ്ങിനെയെങ്കിലും അവിടെനിന്ന് ഊരിപോരണമെന്ന ചിന്തവന്നു.പിന്നെ അതിനുള്ള ശ്രമമായി.
 
ഒരുവിധനെ അവിടന്ന് പുറത്ത്  വന്നു പതുക്കെ ശക്തൻ സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു ആദ്യംകണ്ട ഹോട്ടലിൽനിന്ന് ഒരു സ്ട്രോങ്ങ്
ചായകുടിച്ചപ്പോൾ കുറച്ചെങ്കിലുംക്ഷീണം മാറിയെന്ന്തോന്നി.
 
ഹോട്ടലിൽ വച്ചിട്ടുള്ള ടി വിയിൽ അപ്പോഴും കുടമാറ്റത്തിന്റെ കാഴ്ച്ചകൾ കണ്ടു.
 
തിരുവമ്പാടിക്കാർ ആനപ്രേമികളുടെ പ്രിയപ്പെട്ട ശിവസുന്ദറിന്റെ ഛായാചിത്രം ആനപ്പുറത്തേറ്റിയപ്പോൾ അകാലത്തിൽ പൊലിഞ്ഞ ആ ഗജരാജനോടുള്ള സ്നേഹം ആരവമായി ജനങ്ങൾ പ്രകടിപ്പിക്കുന്നത് ടി വിയിൽ കാണാമായിരുന്നു.
 
വളരെഭംഗിയായി ഓരോന്നും ടി വിയിൽ വീട്ടിലിരുന്ന് കാണാമെന്നിരുന്നിട്ടും ഈ ജനങ്ങളൊക്കെ ഇത്ര ബുദ്ധിമുട്ടി തിക്കിലുംതിരക്കിലുംപെട്ട് കാണുന്നത് എന്തിനാണ് എന്നതിനുള്ള ഉത്തരവും ഇന്ന്കിട്ടി.
 
അതെ..നേരിട്ട് കാണുമ്പോഴുള്ള ആവേശം അത് പറഞ്ഞറിയിക്കാൻ കഴിയില്ല.ഒരുപ്രാവശ്യമെങ്കിലും കണ്ടില്ലെങ്കിൽ തീരാനഷ്ടം തന്നെ.
 
  • തിരിച്ചുപോരുവാനുള്ള ബസ്സിൽകയറി ഇരിക്കുമ്പോഴും മനസ്സിൽ പൂരകാഴ്ച്ചകൾ ഓരോന്നും മാറിമാറി വന്നുകൊണ്ടിരുന്നു.

Share this on