menu

489- കഥ - മറവി

ജോർജ്കുട്ടി താവളം

നർമകഥ
 

               മറവി

 
   മറവി രോഗത്തിനു മരുന്നു കഴിച്ചു കൊണ്ടിരുന്ന അപ്പുക്കുട്ടൻ രാവിലെ പുറത്തേയ്ക്കിറങ്ങിയതാണ്. ഉച്ചകഴിഞ്ഞിട്ടും കാണാതായപ്പോൾ ഭാര്യ തിരക്കിയിറങ്ങി.
 
    കുറെ നടന്നലഞ്ഞിട്ടും ഒരു വിവരവും കിട്ടിയില്ല. ഒടുവിൽ അപ്പുക്കുട്ടനെ പരിചയമുള്ള ഒരാൾ പറഞ്ഞു. "കുറച്ചു മുമ്പ് ഒരു സ്ത്രീയുമായി സംസാരിച്ചുകൊണ്ട് വടക്കോട്ടുള്ള റോഡിലൂടെ പോകുന്നതു കണ്ടു. "
 
   'അതു ശരി' എന്നു പറഞ്ഞു കൊണ്ട് അവൾ നടത്തത്തിനു വേഗത കൂട്ടി. കുറച്ചു നടന്നപ്പോൾ ഒരു മരച്ചുവട്ടിൽ ചിന്താമഗ്നനായി ഇരിക്കുന്ന കണവനെ കണ്ടു.
 
   ''നിങ്ങൾ ഒരു പെണ്ണിൻ്റെ കൂടെ കറങ്ങി നടക്കുകയായിരുന്നെന്നു ഞാനറിഞ്ഞു. മര്യാദയ്ക്കു പറഞ്ഞോ..... ആരാ അവൾ?" പല്ലിറുമ്മി കണ്ണുരുട്ടിക്കൊണ്ടവൾ ചോദിച്ചു.
 
   അപ്പുക്കുട്ടൻ ചിരിച്ചു തള്ളി.
 
   "ഇങ്ങനെ ഇരുന്ന് ഇളിക്കാൻ ഞാൻ തമാശയൊന്നുമല്ല പറഞ്ഞത്.കൂടെയുണ്ടായിരുന്ന അവളാരാണെന്നു വേഗം പറ.''
 
   "ഞാനാരാണെന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കാൻ തുടങ്ങീട്ടു കുറെ നേരമായി. അതറിഞ്ഞാലല്ലേ കൂടെയുണ്ടായിരുന്നതാരാണെന്നറിയാൻ പറ്റൂ. അതുമല്ല, ഞാൻ എങ്ങോട്ടു പോകണമെന്നറിയണമെങ്കിലും ഞാനാരാണെന്നറിയണ്ടേ? മര്യാദയ്ക്കു പറഞ്ഞോണം ഞാനാരാ ----- ?'' അപ്പുക്കുട്ടൻ എണീറ്റ് അവളുടെ ഇരു തോളിലും പിടിച്ചുലച്ചു. അവൾ ആകാശത്തേയ്ക്കു നോക്കി മിഴിച്ചു നിന്നു.
 
- ജോർജുകുട്ടി താവളം

Share this on