menu

510- കവിത - സ്വപ്നം കാണുന്നവർ

സജിത്കുമാർ

കവിത
 

സ്വപ്നം കാണുന്നവർ

 
 
മനുഷ്യൻ മാത്രമേ സ്വപ്നങ്ങൾ കാണാറുള്ളൂ എന്നേത്  ശാസ്ത്രമാണ് നമ്മളെ പഠിപ്പിച്ചത്.
 
അങ്ങനെയെങ്കിൽ, 
ഒരു പാറ  പോലും പൊട്ടിക്കാതെ  ഒരാളും  കൈയേറി പിടിക്കാതെ  തലയുയർത്തി  നിൽക്കാനുള്ള മലയുടെ കൊതിയെ   നമ്മൾ ഏത് കണക്കിൽ പെടുത്തും   
 
മണൽവണ്ടികൾ ഇറങ്ങാതെ   ഫാക്ടറി വെള്ളം   ഒഴുകാതെ   തെളിനീർ മാത്രമായി  ഒഴുകുന്ന ഒരു പുലരിയെ  നദികൾ സ്വപ്നം കാണാറില്ലേ. 
 
രാസവളം വിതറാതെ  കീടനാശിനി തളിക്കാതെ  സ്വർണ്ണവർണ്ണ നെൽമണികൾ വിളഞ്ഞു നിൽക്കുന്നതായി പാടവും  സ്വപ്നം കാണാറുണ്ടല്ലോ. 
 
കാട്ടുതീ പടരാതെ  കാട്ടു കള്ളന്മാരെ ഭയക്കാതെ പൂത്തുവിടർന്നു നിൽക്കുന്ന  ഒരു കാലമായിരിക്കും കാട് സ്വപ്നം കാണുന്നത്
 
 പ്രളയത്തിനൊന്നും ഇടവരാതെ ഭൂമിയിലേക്ക്‌ കുളിരായും  ദാഹനീരായും  പെയ്തിറങ്ങുന്ന സ്വപ്നമാണ് മഴ കാണാറുള്ളത്. 
 
ചങ്ങലപ്പൂട്ടുകളില്ലാതെ  തീവെട്ടിയും വെടിക്കെട്ടുമില്ലാതെ തന്റെ  സ്വന്തം കാട്ടിലൂടെ സ്വൈരവിഹാരം നടത്തുന്നത് സ്വപ്നം കാണുന്നുണ്ടാവും  നമ്മുടെ ആനകൾ . 
 
ദുഷ്ചിന്തകളൊന്നുമില്ലാതെ നന്മകൾ മാത്രം പൂക്കുന്ന  മനസ്സിന്റെ   ഉടമയായി  മാറുന്ന മനുഷ്യനെ സ്വപ്നം കാണുന്നുണ്ട്   സ്രഷ്ടാവായ ദൈവം. 
 
എന്തിനധികം പറയണം,  ദുസ്വപ്നങ്ങളൊന്നുമില്ലാതെ സർവ്വ ചരാചരങ്ങൾക്കും സൽസ്വപ്നങ്ങൾ മാത്രം  നൽകാൻ കഴിയുന്ന ഒരു കാലത്തെക്കുറിച്ച് സ്വപ്നം പോലും കാണാറുണ്ട് സ്വപ്നം. 
 
സജിത് കുമാർ

Share this on