menu

511 -കവിത - ഏകാന്തത എക്സ്പ്രസ്

സുരേഷ് നാരായണൻ

കവിത
 

ഏകാന്തത എക്സ്പ്രസ്

ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുക്കുന്നു
 
(വി)ജനശതാബ്ദിയിൽ കയറിയിരിക്കുന്നു.
 
നീണ്ട ഒരു കോട്ടുവായിട്ടുകൊണ്ട് 
ട്രെയിൻ പുറപ്പെടുമ്പോൾ 
അയാൾ ബാഗിൽനിന്നും 
'കോളറകാലത്തെ പ്രണയം' എടുത്ത് സാവധാനം വായിച്ചു തുടങ്ങുന്നു.
 
"തെളിഞ്ഞ ചക്രവാളത്തിലേക്കും 
ഒരു മേഘശകലം പോലുമില്ലാത്ത ഡിസംബറിന്റെ നീലാകാശത്തിലേക്കും എന്നെന്നേക്കുമായി കപ്പലോടിക്കാൻ പറ്റിയ അനന്തമായ ജലാശയങ്ങളിലേക്കും 
അയാൾ നോക്കി. എന്നിട്ട് പറഞ്ഞു: 
'തിരികെ നമുക്ക് ലാ ഡൊറാഡയിലേക്ക് പോയി പോയി പോയി കൊണ്ടേയിരിക്കാം'
എന്നു വായിച്ചു തീർന്നതും
ഉറക്കം തൂങ്ങുന്ന കണ്ണുകളേയും തിരുമ്മിക്കൊണ്ട്  ട്രെയിൻ 
തിരുവനന്തപുരം സെൻട്രലിലെ 
മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്കു കയറുന്നു.
 
ഒട്ടൊരു  സങ്കടത്തോടെ അയാൾ പുറത്തിറങ്ങി കോഴിക്കോട്ടേക്കുള്ള 
ടിക്കറ്റ് വാങ്ങുവാൻ കൗണ്ടറിലേക്കു 
പതിയെ നടക്കുമ്പോൾ  
ബാഗിനുള്ളിലെ 
'ഏകാന്തതയുടെ നൂറു വർഷങ്ങൾ' 
കവർ പൊട്ടിച്ചു പുറത്തുവരാൻ തുടങ്ങുന്നു.
 
സുരേഷ് നാരായണൻ

Share this on