menu

63. കഥ - കാലം കാത്തുവച്ച ഉത്തരം

അംബികാദേവി കൊട്ടേക്കാട്ട്

കഥ 
 

കാലം കാത്തുവച്ച ഉത്തരം 

 
ട്രെയിൻ വാരണാസി സ്റ്റേഷനിലെത്തിയപ്പോൾ എല്ലാവരും ഇറങ്ങി. കാശി വിശ്വനാഥ ക്ഷേത്രം ലക്ഷ്യമാക്കി നടന്നപ്പോൾ മനസിനെന്തൊരു ആശ്വാസമാണ് തോന്നിയത്. ഇവിടെ വന്ന് ബലിയർപ്പിക്കണമെന്ന് തന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് അമ്മേടെ ബലിയിടുവാനാണു താൻ കൂട്ടരോടൊത്ത് വന്നിരിക്കുന്നത്. 
 
കൂട്ടം കൂട്ടമായി ആളുകൾ ഗംഗാ തീരത്തേക്ക് നടക്കുകയാണ്. പുണ്യ നദി സംഗീതാത്മകമായ താളത്തിൽ ഒഴുകിപ്പോകുന്നത് അവൾ നോക്കി നിന്നു. കുറച്ചാളുകൾ മലയാളത്തിൽ ഉറക്കെ സംസാരിച്ചുകൊണ്ട്  കടന്നു പോയപ്പോൾ അവൾക്ക് പരിസരബോധമുദിച്ചു. അവൾ അവരെ ശ്രദ്ധിച്ചു. ആ കൂട്ടത്തിൽ ഒരു വൃദ്ധനെ നല്ല കണ്ടു പരിചയം തോന്നി. അവൾ അയാളെ സൂക്ഷിച്ചു നോക്കി. ഓർമ്മയിൽ നിന്നും ആ മുഖം ആരുടേതാണെന്ന് അവൾ തിരിച്ചറിഞ്ഞു. കണ്ണുകൾ സജലങ്ങളായി.വർഷങ്ങൾക്കു മുൻപ്  തന്നെ വിവാഹം ചെയ്ത് ഒരു മാസത്തിനകം ഉപേക്ഷിച്ചു പോയവൻ. അവൾ വേദനയോടെ ഓർമ്മകളുടെ ഓളങ്ങളിൽ മുങ്ങി നിന്നു. 
 
നാലു ദശാബ്ദം മുൻപ് കോട്ടും കുരവയുമായി തന്റെ വിവാഹം ആർഭാടമായി നടന്നു. നല്ല ചേർച്ചയുള്ളവരെന്ന് എല്ലാവരും അഭിനന്ദി ച്ചു. എന്നാൽ എല്ലാം തകിടം മറിയാൻ അധികദിവസം വേണ്ടി വന്നില്ല. കേവലം പത്തു നാൾ കഴിഞ്ഞപ്പോൾ അയാൾ ജോലിക്കായി ഹൈദ്രബാദിലേക്ക് പോയി. മധു വിധുവിന്റെ മധുരം തീരും മുൻപ് ഏതാനും ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ച് അയാൾ പോയതാണെന്ന് അന്ന് താൻ അറിഞ്ഞില്ല. താനും ലീവ് ക്യാൻസൽ ചെയ്ത് ജോലി സ്ഥലത്തേക്ക് പോയി. വൈകാതെ അയാളോടൊപ്പം പോകാമെന്നു വിചാരിച്ചിരുന്നു. ഒരാഴ്ച കടന്നു പോയി. അച്ഛൻ ഹോസ്റ്റലിൽ വന്ന് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട്  പോയി. തനിക്കൊരു രജിസ്റ്റേർഡ് കത്ത് അയാൾ അയച്ചിരുന്നു സന്തോഷവും ആകാംക്ഷയും കൂടിയാണ്‌ താൻ ആ കവർ പൊട്ടിച്ചത്. ഞെട്ടിവിറച്ച് കരയാൻ പോലുമാകാതെ വിറങ്ങലിച്ച തന്റെകൈയ്യിൽ നിന്നും താഴെ വീണ കടലാസ് അച്ഛനുമമ്മയുംഎടുത്തു വായിച്ചു.  പിന്നെ ഒരു കൂട്ടക്കരച്ചിലായിരുന്നു അവിടെ. വിവാഹമോചനത്തിനായി അയാൾ അയച്ച വക്കീൽ നോട്ടീസ് നോക്കി താൻ നെഞ്ചു പൊട്ടിക്കരഞ്ഞു. ഇങ്ങനെ ശിക്ഷിക്കുവാൻ എന്തു കുറ്റമാണ് താൻ അയാളോട് ചെയ്തത്? തന്നെ ഉപേക്ഷിക്കുന്നതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. 
 
കുറെ കരഞ്ഞു. ജോലിക്കു പോകാതെ ലീവ് എടുത്തിരുന്നു. കോടതി കേറി മടുത്തു, പിന്നെ അയാൾ ആഗ്രഹിച്ചപ്രകാരം പിരിയാൻ സമ്മതിച്ചു. അല്ലെങ്കിലും വഴക്കിട്ടു നേടാവുന്ന ഒന്നല്ലല്ലോ സ്നേഹം. കോടതി വഴി ഒരു ഭർത്താവിനെ കിട്ടിയിട്ടെന്തു കാര്യം? ഇയാളുടെ ഭാര്യ ആകാനും അധികം വൈകാതെ പിരിയാനും തന്റെ തലയിൽ ദൈവം എഴുതിയിട്ടുണ്ടാവും. അന്ന് കോടതിയിൽ വച്ച് പിരിഞ്ഞ ഇയാളെ പിന്നെ കാണുന്നത് ഇന്നാണ്. എന്നാലും താനയാളെ തിരിച്ചറിഞ്ഞു. 
 
നീയെന്താണ് ആലോചിച്ചു നിൽക്കുന്നത്? "വേഗം ഇറങ്ങി മുങ്ങി വരൂ. സൂക്ഷിക്കണെ, നല്ല ഒഴുക്കുണ്ട് "
കൂടെ വന്ന ഒരു സ്ത്രീ പറഞ്ഞു . ഈ നദിയിൽ മുങ്ങിപ്പോയാലും തനിക്കു ദുഃഖമില്ല  തന്നെകാത്തിരിക്കുവാനായി മാതാപിതാക്കളില്ല, തന്റെ മരണത്തിൽ സങ്കടപ്പെടാനും ആരുമില്ലീ ലോകത്ത്. പൂവിൽ തേൻ നുകരാൻ വന്ന പൂത്തുമ്പി പറന്നു പോകുന്നതു പോലെ തന്റെ പ്രാണനും പെട്ടെന്ന് പോകണമെന്ന പ്രാർത്ഥനയേയുള്ളൂ. എത്ര ജഡങ്ങൾ ഈ നദിയിലൂടെ ഒഴുകി പോയിട്ടുണ്ടാവും. അവൾ ഓരോന്നോർത്ത് നിൽക്കുമ്പോൾ  കൂടെ വന്ന സ്ത്രീ വീണ്ടും വിളിച്ചു. "വേഗം വരൂ, ബലി തുടങ്ങാനായി "
 
ഗംഗാ മാതാവിനെ സാക്ഷിയാക്കി  ബലി കർമങ്ങൾ ചെയ്തപ്പോൾ എല്ലാവർക്കും സമാധാനമായി. മനസിലെ ഭാരമന്നൊ ഴിഞ്ഞതുപോലെ അവൾക്കു തോന്നി. എല്ലാവരും ഗംഗാജലവുമായി ക്ഷേത്രത്തിലേക്കു നടന്നു. 
തൊട്ടു മുന്നിലായി അയാൾ നടക്കുന്നത് അവൾ കണ്ടു. അന്ന് അയാൾ തന്നെ ഉപേക്ഷിച്ചപ്പോൾ തകർന്നു പോയി. നീലയില്ലാ കയത്തിലേക്ക് താണു പോകുന്നതു പോലെ തോന്നിയിരുന്നു ഇപ്പോഴെല്ലാം നിസ്സംഗതയോടെ നേരിടാൻ കഴിയുന്നു. കാലം ചവുട്ടിക്കുഴച്ച് പാകപ്പെടുത്തിയതാണു തന്നെ. 
അയാൾക്ക്‌ നടക്കുവാൻ ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നു. ഇടയ്ക്കിടെ നിൽക്കുന്നുണ്ട്. വയസ്സു കാലത്ത് കൈ പിടിച്ചു നടത്തുവാൻ മക്കളാരും ഇല്ലേ ആവോ. അന്ന് തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ അയാൾക്കെന്തൊരു ഗർവായിരുന്നു. കുറ്റബോധത്തിന്റെ നേരിയ ലാഞ്ചന പോലും ആ മുഖത്തുണ്ടായിരുന്നില്ല. തന്നെ ഒരു പിഴച്ചവളായി മുദ്ര കുത്തി തന്റെ മാനം പിച്ചിക്കീറിയിട്ട് വിടുതൽ വാങ്ങി പോയിട്ട് ഇയാൾ എന്താണ് കെട്ടിപ്പൊക്കിയതെന്ന് തനിക്കറിയില്ല. 
അയാളുടെ അടുത്തെത്തിയപ്പോൾ ഒരുപചാരമെന്ന നിലയിൽ അവൾ പറഞ്ഞു "നമസ്കാരം സാർ "അയാൾ ഒന്നു നോക്കിയെങ്കിലും അവളെ തിരിച്ചറിഞ്ഞില്ല. 
"സാർ എവിടുന്നാണ് "
"ഞാൻ ഹൈദ്രബാദിൽ നിന്നുമാണ് "
"നിങ്ങൾ "
"ഞാൻ പാലക്കാട്‌ നിന്നുമാണ് "
അയാളുടെ കുണ്ടിലാണ്ട കണ്ണുകളും ശ്മശ്രുക്കൾ വളർന്ന വളർന്ന മുഖവും അവൾ ശ്രദ്ധിച്ചു. ക്ലീൻ ഷേവ് ചെയ്തു, മുടി മുകളിലേക്കു ചീകി വച്ച്, തേച്ചു മിനുക്കിയ വസ്ത്രങ്ങൾ ധരിച്ച് കട്ടി കണ്ണടയും വച്ച് പ്രൌഡരൂപമായിരുന്നു ഇയാൾക്ക്. ഇങ്ങനെ അലസവേഷത്തിൽ സങ്കൽപ്പിക്കുവാനേ കഴിയുന്നില്ല. 
"സാർ തനിച്ചാണോ "
വീണ്ടും അവളുടെ ചോദ്യം കേട്ടയാൾ അസ്വസ്ഥനായി. മുഖം ചുളിയുന്നതും കണ്ണിൽ ദുഃഖം നിഴലിക്കുന്നതും അവൾ കണ്ടു. അയാൾ നിന്നു, ദീർഘശ്വാസമെടുത്ത ശേഷം പതുക്കെ പറഞ്ഞു 
"അതെ, ഞാൻ തനിച്ചാണ് "
പിന്നെ അവളെ ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങി. ഇയാളുടെ മനസിലെ വിഷമമറിയാനല്ല, മറിച്ച് തന്റെയുള്ളിൽ വർഷങ്ങളായി കൊണ്ടു നടക്കുന്ന ഒരു ചോദ്യമുണ്ട്. കോടതിയിൽ പറഞ്ഞ കള്ളക്കഥകളല്ല തനിക്കു കേൾക്കേണ്ടത്. തന്നെ ഇങ്ങനെ തേജോവധം ചെയ്തതെന്തിനായിരുന്നു എന്നു മാത്രമറി ഞ്ഞാൽ മതി. 
 
തൊട്ടടുത്ത മുറിയിലാണയാൾ താമസിച്ചിരുന്നത്.
 പാപാപഹാരിയായ കാശീനാഥനെ ദർശിച്ചു് ബലികർമ്മങ്ങളെല്ലാം കഴിച്ച് എല്ലാവരും മടക്കയാത്രക്കൊരുങ്ങി. അവൾ അയാളുടെ മുറിയിലേക്കു ചെന്നു. അവിടെ ഒരു പ്രായമായ സ്ത്രീ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. അവരിൽ നിന്നും എന്തെങ്കിലും അറിയാൻ കഴിയുമെന്നാവളാശിച്ചു. ഈ ഒരു ചാൻസ് നഷ്ടപ്പെടുത്തരുതെന്നവൾ തീരുമാനിച്ചു.പാക്ക് ചെയ്യാൻ അവൾ അവരെ സഹായിച്ചു. കട്ടിലിൽ കിടക്കുന്ന വസ്ത്രങ്ങൾ മടക്കി വച്ചു. അവരോട് കുറച്ചു സമയം സംസാരിച്ച് ഒരടുപ്പമുണ്ടാക്കി. പിന്നെ പതുക്കെ അവരുടെ മനസു തുറക്കാൻ ശ്രമിച്ചു. 
നിങ്ങളുടെ കൂടെ വന്ന ആ ഹൈദ്രബാദ് കാരന്റെ ഭാര്യ തന്റെ കൂടെ ജോലി ചെയ്തിരുന്നു എന്നും അയാൾ ഉപേക്ഷിച്ചപ്പോൾ മാനസിക നില തെറ്റി യെന്നും അവൾ പറഞ്ഞു. 
"ഓ!കഷ്ടമായി, അവനങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു മോളെ. ആ കുട്ടിക്ക് ഒരു കുറ്റവും ഉണ്ടായിരുന്നില്ലത്രെ !പക്ഷെ അവന് അവിടെ ജോലി സ്ഥലത്ത് ഒരു പെണ്ണുണ്ടായിരുന്നു. അന്യ ജാതിക്കാരി. അച്ഛന്റെ സ്വത്തു കിട്ടണമെങ്കിൽ നാട്ടിൽ വന്ന് സ്വജാതിയിൽ നിന്നും വിവാഹം കഴിക്കണമെന്ന് അവനറിയാമായിരുന്നു. ഇല്ലെങ്കിൽ അച്ഛനതെല്ലാം ഏതെങ്കിലുംഒരു  അനാഥാലയത്തിന് കൊടുക്കുമെന്നറിയാം. വിവാഹം കഴിഞ്ഞതോടെ അച്ഛൻ എല്ലാം അവന്റെ പേർക്കു കൊടുത്തു. അതൊരു നാടകമായിരുന്നു കുട്ടി. ഒരു മാസത്തിനകത്ത് അവനാ പെൺകുട്ടിയെ ഉപേക്ഷിച്ചു. ഹാർട്ട്‌ പേഷ്യന്റ് ആയ അച്ഛനെ, അവൻ തന്റെ ഭാര്യ ദുർ നടപ്പുകാരിയാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. പിന്നെ ആ പാവം എല്ലാത്തിനും അനുകൂലിച്ചു. "
കണ്ണുകൾ നിറയാതിരിക്കാൻ അവൾ പാടുപെട്ടു. അവർ തുടർന്നു, 
"ഒരു നിരപരാധിയെ ശിക്ഷിച്ച്, സുഖിച്ചു ജീവിക്കാൻ ദൈവം അവനെ അനുവദിച്ചില്ല. ആറുമാസം തികയുന്നതിനു മുൻപ് ഹൈദരാബാദിലെ പെണ്ണ് കാൻസർ പിടി പെട്ടു മരിച്ചു പോയി. ദുഷ്ട ബുദ്ധിക്ക് ദൈവം കൊടുത്ത ശിക്ഷയാ "
അയാൾക്കങ്ങനെ ഒരു നെറികെട്ട കളി കളിക്കണമായിരുന്നോ? തന്നോട് പറഞ്ഞിരുന്നെങ്കിൽ സ്വയം മാറി കൊടുക്കുമായിരുന്നല്ലൊ. സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലൊ. തന്നെ വേണ്ടായിരുന്നെങ്കിൽ പിന്നെ തന്നോടൊപ്പം രാത്രികൾ ചിലവഴിച്ചത് എന്തിനായിരുന്നു. തന്റെ ജീവിതം പാഴായിപ്പോയി, പിന്നാലെ അയാളുടേതും. 
"മോളെന്താ ആലോചിക്കുന്നത് "
അവരുടെ ചോദ്യം അവളെ ഉണർത്തി. 
"ഒന്നുമില്ല ചേച്ചി, അവർ നേരത്തെ ഒരുമിച്ചു ജീവിച്ചവരല്ലേ, കുട്ടികൾ ഒന്നുമുണ്ടായില്ലേ "
"വിശേഷമായപ്പോഴേക്കും രോഗം പിടി മുറുക്കിയിരുന്നു. ആർക്കറിയാം, അവനൊന്നും വിട്ടു പറഞ്ഞില്ല, അല്ല ഇനി അറിഞ്ഞിട്ട് കാര്യവുമില്ലല്ലോ. "
"ശരി ചേച്ചി, ഞങ്ങൾ ഇന്ന് രാത്രി വണ്ടിക്ക് മടങ്ങുകയാണ്. '
അവൾ മുറിവിട്ട്  ഇറങ്ങിയപ്പോൾ അയാൾവേച്ചു വേച്ചു നടന്നു  വരുന്നതു കണ്ടു. തന്നെ ചതിച്ചു പോയിട്ട് സന്തോഷമായി ജീവിക്കാൻ അയാൾക്കു കഴിഞ്ഞില്ല. അവൾക്കയാളോട് സഹതാപം തോന്നി. അയാളുടെ മുഖത്ത് കുറ്റബോധമാണോ പ്രിയ ഭാര്യ മരിച്ച വേദനയാണോ എന്നൊന്നും അവൾ ക്കറിയേണ്ടകാര്യമില്ല. എന്നാൽ അവളുടെ  മനസ്സിൽ കൊണ്ടു നടന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഇന്നൊരുത്തരം കിട്ടി. കാലം എല്ലാത്തിനും സാക്ഷിയല്ലോ. അന്ന് അവളനുഭവിച്ച കഠിന ദുഃഖങ്ങളെല്ലാം ഒരു പഴംകഥയായി . 
 

അംബികാദേവി കൊട്ടേക്കാട്ട്

Share this on