menu

640- വ്യക്തിമുദ്രകൾ - സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

വ്യക്തിമുദ്രകൾ 
 
 *ഹ്രസ്വ കഥകളുടെ ശക്തിയുമായി സുരേഷ് തെക്കീട്ടിൽ*
 
     തെക്കീട്ടിൽ കഥകൾ കഥാ വായനക്കാർക്കിടയിൽ സുപരിചിതമായ പദമാണ്. അനായാസമായി സുരേഷ് തെക്കീട്ടിലിന്റെ തൂലികയിൽ നിന്ന് നിത്യവും അടർന്നു വീഴുന്ന കഥകൾക്ക് വായനക്കാർ നിരവധിയാണ്. 
     ഫെയ്സ് ബുക്കിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി തെക്കീട്ടിൽ കഥകൾ എന്ന പേരിൽ അഞ്ഞൂറു കുഞ്ഞു കഥകൾ എഴുതി. മറ്റാരും  ഇത്തരം ഒരു കഥാപ്രയാണം നടത്തിയതായറിവില്ല. ആയിരക്കണക്കായ വായനക്കാരെ ആകർഷിച്ച ഈ  കഥാപ്രയാണത്തിന് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിന്റെ നാഷണൽ റെക്കാർഡ് ലഭിക്കുകയുണ്ടായി. ഇതു വഴി സോഷ്യൽ മീഡിയയിൽ തുടർച്ചയായി എറ്റവും കൂടുതൽ കഥകൾ എഴുതി പ്രസിദ്ധീകരിച്ച ഇന്ത്യൻ എഴുത്തുകാരൻ എന്ന ചരിത്രനേട്ടത്തിനുടമയായി.
     മലപ്പുറം ജില്ലയിലെ പുലാമന്തോളിനടുത്ത
പാലൂരിൽ തെക്കീട്ടിൽ ശങ്കരനാരായണൻ നായരുടേയും പാതായ്ക്കര അമ്മിക്കല്ലിങ്ങൽ സാവിത്രിയുടേയും മകനായി ജനനം. പാലൂർ എ .എൽ .പി. സ്കൂൾ, പുലാമന്തോൾ ഗവ.ഹൈസ്ക്കൂൾ, പെരിന്തൽമണ്ണ ഗവ:കോളേജ്, പട്ടാമ്പി ഗവ.കോളേജ് എന്നിവിടങ്ങളിൽ പഠനം. ബിരുദാനന്തരം പട്ടാമ്പി ശില്പ ചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിൽ ചിത്രകലാ പഠനവും പൂർത്തിയാക്കി.  കുറച്ചു കാലം പാരലൽ കോളേജ് അദ്ധ്യാപകനായി പ്രവർത്തിച്ചു.  തുടർന്ന്  പോലീസ് വകുപ്പിൽ ഉദ്യോഗസ്ഥനായി.
      കഥകളും, ഹ്രസ്വകഥകളും കവിതകളുമായി ആയിരത്തിലധികം രചനകൾ. അഞ്ഞൂറിലധികം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
     ആകാശവാണിയിലൂടെ കഥകളും, ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്യപ്പെട്ടു. സർക്കാരിന്റെ ഓൺലൈൻ റേഡിയോ ആയ കേരള റേഡിയോവിലും പ്രഭാഷണങ്ങൾ.
മൈത്രി റേഡിയോ പ്രക്ഷേപണമാരംഭിച്ചതു
മുതൽ പുസ്തകാവലോകനം നിർവ്വഹിച്ചു വരുന്നുണ്ട്.
     വിവിധ  പ്രസാധകരുടെ മുപ്പത് കൂട്ടുപ്രസിദ്ധീകരണങ്ങളിൽ പങ്കാളിയായി.
മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥ ഉൾപ്പെടെ എട്ട് കൃതികൾക്ക് അവതാരികയെഴുതി.
ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ എന്ന ഖ്യാതിയും ഉണ്ട്. 
     സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം എന്നീ ഹ്രസ്വ കഥാസമാഹാരങ്ങളും,  നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
     തൃശ്ശൂർ സർഗ്ഗം സാഹിത്യ വേദിയുടെ സർഗ്ഗദീപ്തി സംസ്ഥാന കഥാപുരസ്കാരം ,
 ഇടുക്കി വാതിൽ മാസികയുടെ  പുരസ്കാരം, പാലക്കാട് ഗ്രന്ഥപ്പുര സംസ്ഥാന കവിതാ പുരസ്കാരം , തൃശ്ശൂർ പന്തിരുകുലം ആർട്സ് അക്കാദമി സംസ്ഥാന കഥാ പുരസ്കാരം, 
പങ്കജാക്ഷി അമ്മ മെമ്മോറിയൽ സംസ്ഥാന കഥാ അവാർഡ് ,കൊല്ലം സമന്വയം സാഹിത്യ സമിതിയുടെ കഥാപ്രതിഭ പ്രശസ്തിപത്രം,പാലൂർ സുബ്രഹ്മണ്യ പുരസ്കാരം, പെരിന്തൽമണ്ണ ക്യാപ്റ്റൻ ലക്ഷ്മി വായനശാലയും ബോധി മാസികയും ചേർന്ന് ഏർപ്പെടുത്തിയ  ബോധി പുരസ്കാരം ,മേഴത്തൂർ കെ.കെ.ബുക്സിന്റെ അക്ഷരപ്രഭ പുരസ്കാരം, ഇന്ന് മാസികയുടെ  അഖില കേരള തപാൽ അക്ഷര ബന്ധു പുരസ്കാരം , കോട്ടയം പരസ്പരം വായനക്കൂട്ടം സംസ്ഥാന കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
     കൂടാതെ കഥാരംഗത്തെ സജീവതയ്ക്ക് പാലൂർ ആലഞ്ചേരി ക്ഷേത്ര കമ്മറ്റി നൽകിയ പ്രത്യേക പുരസ്കാരമുൾപ്പെടെ ജില്ലാ പ്രാദേശിക തലത്തിൽ നിരവധി ആദരവുകളും ലഭിച്ചിട്ടുണ്ട്.
     മലപ്പുറം ജില്ലാ പോലീസ് ആസ്ഥാനത്ത്  സബ്ബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്യുകയാണ് ഇപ്പോൾ.
    എഴുതപ്പെട്ടതും എഴുതാനിരിക്കുന്നതുമായ ആയിരക്കണക്കിന് ഹ്രസ്വ കഥകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ശക്തമായ ആയിരം കഥകളുടെ സമാഹാരം   ഇദ്ദേഹത്തിന്റെ സ്വപ്നമാണ്. 
ഭാര്യ .രേഖ, മകൾ ആതിര.
 
(വി ആർ നോയൽ രാജ്)

Share this on