menu

660- കവിത - ആത്മാഹൂതി ജയശ്രീ രാജേഷ്

ജയശ്രീ രാജേഷ്

കവിത
 

*ആത്മാഹൂതി*

       
 
ചിറകൊടിഞ്ഞ 
രാപക്ഷിതൻ
പാഴ്ശ്രുതി
കേൾക്കാനാകാതെ
ഇരുളിൻ കരിമ്പടത്തിൽ
മുഖംപൂഴ്ത്തി പതിയെ
പൂർണ്ണചന്ദ്രൻ 
 
ഇതളൂർന്ന 
മോഹങ്ങളുടെ
കാണാക്കയത്തി-
ലെവിടെയോ
നിലാവിന്റെ സ്വപ്നങ്ങൾ
ആത്മാഹുതി ചെയ്തു
 
എരിഞ്ഞു തീർന്ന 
പകലിന്റെ കനവിലെ 
വീണ്ടു കീറിയ പാതയിൽ
 ചാരം വഴി മൂടി കിടപ്പുണ്ട്
 
നക്ഷത്രങ്ങൾ
വിത കൊയ്യുന്ന
ആകാശപരപ്പിൽ
കൂട്ടം തെറ്റിയ 
ഒരു രാപ്പക്ഷി
ലക്ഷ്യം അറിയാതെ
അലയുന്നു
 
നിശബ്ദതയുടെ
താഴ്വാരത്ത് 
ഇരുളിന്റെ മാറിൽ 
തലചായ്ച്ചു
പതിയെ തേങ്ങിയൊരു
മോഹപക്ഷി
 
മുഖം മറച്ച ചന്ദ്രബിംബം
മേഘക്കീറിൽ
മിന്നലേറ്റു പുളഞ്ഞു
ചിറകൊടിഞ്ഞ
പക്ഷിക്കൊപ്പം 
ഒരു ചിതയായ് മറഞ്ഞു....
 
      *ജയശ്രീ രാജേഷ്*

Share this on