menu

82 . കഥ - ആർക്കും വേണ്ടാത്തവൾ

ദിവ്യ ഇന്ദീവരം

കഥ
 

ആർക്കും വേണ്ടാത്തവൾ

 
 
മരണവീട്ടിൽ അക്ഷരാർത്ഥത്തിൽ അനാഥമായിക്കിടക്കുന്ന ആ വെള്ളപുതച്ച ശവശരീരത്തിനരികെ ചുവരിൽചാരിയിരിക്കുമ്പോൾ എന്തെന്നില്ലാത്ത മനപ്രയാസം തോന്നി. ജീവിച്ചിരിക്കുമ്പോൾ ആരും കൂട്ടിനുണ്ടായിരുന്നില്ല.പ്രായം നാല്പതുകഴിഞ്ഞപ്പോൾ ഒരു കൂട്ടുവേണമെന്ന് കരുതിയായിരിക്കാം റിട്ടയർ ചെയ്ത് കൃഷിയും കാര്യങ്ങളുമായി നടക്കുന്ന രണ്ടാംകെട്ടുകാരന്റെ കൂടെ കൂടിയത്. കൂടെ സഹകരിച്ചും ജീവിച്ചും ശീലമില്ലാത്തതുകൊണ്ട് അത് വഴിക്കുവച്ച് അലസിപ്പിരിഞ്ഞു. സർക്കാരിന്റെ ശമ്പളം പറ്റിയിരുന്നതുകൊണ്ട് മരണം വരെയും ആരുടെ മുന്നിലും പണത്തിന് കൈനീട്ടേണ്ടിവന്നിട്ടില്ല. പക്ഷെ അമ്മയാവാൻ വിധിയില്ലാത്തവൾക്ക് ഗർഭപാത്രവും മാറിടവും പോലും എന്തിനാണെന്ന ദൈവത്തിന്‍റെ ചിന്തയിലാണ് അവർ ശരിക്കും പകച്ചുപോയിട്ടുണ്ടാകുക. അർബുദം വന്ന് ഗർഭപാത്രവും വലത് മാറിടവും നഷ്ടപ്പെട്ടപ്പോൾ അവർ വാവിട്ട് കരഞ്ഞത് ശരീരവേദന കൊണ്ടുമാത്രമായിരുന്നിരിക്കില്ലെന്ന് ഊഹിക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല. തളർന്നുകിടന്നിടത്തുനിന്നും എഴുന്നേറ്റ് പിന്നീട് തനിയെ യാത്രചെയ്തത് ഉടനീളം തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കായിരുന്നു എന്നത് എനിക്ക് ആദ്യം വിരോധാഭാസമായിത്തോന്നിയെങ്കിലും ചെയ്ത തെറ്റിന് പശ്ചാത്തപിക്കാൻ ദൈവത്തിന് അവസരം നൽകിയതായിരിക്കാം എന്ന് ഇപ്പോൾ തോന്നുന്നു. അധികം വൈകാതെ ശയ്യാവലംബയായ അവരെ ശുശ്രൂഷിക്കാൻ പണം കൊടുത്തു നിർത്തിയിട്ടുള്ള എനിക്കൊഴിച്ച് ഈ വീട്ടിലുള്ളവർക്കാർക്കും ഒരു പ്രയാസവും കാണുന്നില്ല. പെറ്റിട്ട കുഞ്ഞിനേയും പ്രായമായ അമ്മയേയും ജീവച്ഛവമായ കെട്ടിയോനെയും പോറ്റാൻ ഇനി ഇതുപോലെ കുടുംബക്കാരുപേക്ഷിച്ച വല്ലവരേയും കിട്ടിയില്ലെങ്കിലെന്തുചെയ്യുമെന്ന ആധി എന്റെ കണ്ണിൽ നിന്നും ഉരുണ്ടുവീണുകൊണ്ടിരുന്നു. ജീവിതം മുഴുവൻ അനാഥയായവൾക്ക് മരണവും അനാഥമായിരിക്കട്ടെ എന്ന ദൈവത്തിന്‍റെ വിധിയോർത്തപ്പോൾ അവർക്കുവേണ്ടിക്കൂടി കരയാതിരിക്കാൻ എനിക്കായില്ല.രാവും പകലും ഈശ്വരനെ ഭജിച്ചവൾക്ക് ഇതെന്തൊരു വിധി.....കാൽക്കലിരുന്ന് നെഞ്ചത്തടിച്ചുകരയാനും ചിതയ്ക്ക് കൊള്ളിവക്കാനും ഉള്ളവരെ ചുമക്കുവാനൊരു ഗർഭപാത്രം പോലും ഇല്ലാതിരുന്നവൾ....നാടുമുഴുവൻ കാട്ടുതീ പോലെ പടർന്നുപിടിച്ച പകർച്ചവ്യാധി കാരണം മരണത്തിൽ പോലും അനാഥമാക്കപ്പെട്ടവൾ.....ആരുമല്ലാതിരുന്നിട്ടും ചിത കത്തിത്തീരുംവരെ അവിടെ കരഞ്ഞുകലങ്ങിയ കണ്ണുമായി തിരികെപ്പോകാൻ മടിച്ചുനിന്ന എന്റെ കയ്യിലേക്ക് വച്ചുതന്ന നോട്ടുകെട്ടുകളുടെ ഗന്ധം മരണത്തിന്റേയോ അനാഥത്വത്തിന്റേയൊ എന്ന് വേർത്തിരിച്ചറിയും മുമ്പേ കയ്യിലെ നോകിയാ ഫോൺ ശബ്ദിച്ചത് മറ്റേതോ അനാഥരോഗിയുടെ സുരക്ഷ ഏറ്റെടുക്കാനായിരുന്നു.....

 

ദിവ്യ ഇന്ദീവരം

Share this on