menu

83 . അനുഭവം - വീട്ടാൻ കഴിയാത്ത കടങ്ങൾ

മോഹൻ ചെറായി

അനുഭവം
 

വീട്ടാൻ കഴിയാത്ത കടങ്ങൾ -

   
 
                    കമ്മത്തുമാഷ് ട്യൂഷൻ അദ്ധ്യാപകനാണ്. ഒത്ത ഉയരം !അതിനൊത്ത പിളുന്തൻ തടി !! വെളുത്ത നിറവും വലിയ മുഖവും 
വിടർന്ന ചിരിയും. അയൽവാസിയായ രാമകൃഷ്ണൻമാഷുടെ മകളും എന്റെ കളിക്കൂട്ടുകാരിയുമായ ലൗലിക്കു ട്യൂഷനെടുക്കാൻ വരുന്ന കമ്മത്തു മാഷിനെ പ്രഥമ ദർശനത്തിൽത്തന്നെ എനിക്കിഷ്ടമായി. ആ ചിരിയിൽ ഞാൻ വീണു. നാലഞ്ചു ചിരി കഴിഞ്ഞപ്പോൾ മാഷ് ചോദിച്ചു: 
     "പേരു മോഹനൻ .... അല്ലേ?"
"അതേ... മാഷെങ്ങനെ അറിഞ്ഞു?" 
ഞങ്ങളൊരുമിച്ചു നടന്നു.
"ലൗലി പറഞ്ഞു. ഇംഗ്ലീഷിനു സ്കൂളിൽ
ഒന്നാമനാണെന്നും പറഞ്ഞു "
 ഒരുമാസത്തിനു ശേഷം നടക്കുന്ന പരീക്ഷയെ മുന്നിൽകണ്ട് ഞാൻ നിരാശയോടെ പറഞ്ഞു:
 "പക്ഷേ,SSLCക്കു ഞാൻ തോൽക്കും"
മാഷുടെ മുഖത്ത് അത്ഭുതം.......
"കണക്കിനു സ്കൂളിൽ ഏറ്റവും മോശം
ഞാനാ മാഷേ... ഹിന്ദിയും ഗുണമില്ല"
കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ഹിന്ദിക്കുവേണ്ട കാര്യങ്ങൾ പറഞ്ഞിട്ടു
മാഷു പറഞ്ഞു:
"കണക്കിനു അടിസ്ഥാനമില്ലാത്തതാ
മോഹനന്റെ പ്രശ്നം. ഒരു മാസമില്ലേ വീട്ടിലേക്കു വാ, ഞാൻ പറഞ്ഞുതരാം"
 "അതു ശരിയാവില്ല " പെട്ടെന്നു പറഞ്ഞു
 പൈസയില്ലെന്നു പറയാൻ ദുരഭിമാനം സമ്മതിക്കാതെ   കുനിഞ്ഞ ശിരസ്സുമായി ,പിന്നിൽ നിന്നുയർന്ന മാഷിന്റെ വിളി അവഗണിച്ച് ഞാൻ നടന്നു. പിന്നെ, മാഷിന്റെ മുന്നിൽ പെടാതിരിക്കാൻ ഞാൻ ഒഴിഞ്ഞു മാറി നടന്നു.... ഒപ്പം ഹിന്ദിയെ വരുതിയിലാക്കാനുള്ള ശ്രമവും തുടങ്ങി ദിവസങ്ങൾ കടന്നു പോകുന്നു ....                                  ഇനി,പരീക്ഷക്കു പത്തു ദിവസം മാത്രം! 
           വീട്ടിലേക്കു ചെന്ന ഞാൻ ഞെട്ടി.
ഉമ്മറത്ത്  മാഷിരുന്നു അമ്മയോടു 
സംസാരിക്കുന്നു. തിരിഞ്ഞുപോരാൻ
തുടങ്ങിയ എന്നെ മാഷുകണ്ടു! പെട്ടു....   തിരിച്ചു ചെന്നു. മാഷു തുടങ്ങി :
വീട്ടിൽ ചെല്ലണമെന്നാണ് ആവശ്യം. 
ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കി.
 " പഠിച്ചു പാസ്സായി ജോലി കിട്ടുമ്പോ
ഫീസു കൊടുത്താൽ മതിയെന്നാ മാ
ഷ് പറയുന്നത് " .അങ്ങിനെ ആദ്യമായി
ട്യൂഷനു പോയി. കണക്കിന്റെ കുറേ അടിസ്ഥാനങ്ങൾ മാഷ് പഠിപ്പിച്ചു തന്നു. മറ്റെല്ലാ പരീക്ഷകൾക്കും വീട്ടിൽ നിന്നു സ്കൂൾ വരെ  കഥയും നോവലും വായിച്ചു പോയി പരീക്ഷയെഴുതിയ ഞാൻ കണക്കിനുമാത്രം കമ്മത്തുമാഷ് പഠിപ്പിച്ച പാഠങ്ങൾ ഒാർത്തു നടന്നു. ചോദ്യക്കടലാസ് കിട്ടിയ ഉടൻ അറിയാവുന്നവ മാർക്കുചെയ്ത് അവയുടെ മാർക്കു കൂട്ടിനോക്കി വിജയം ഉറപ്പിച്ചു. ആവൂ... റിസൾട്ടുവന്നു. മോഹനൻ കെ.കെ.
SSLC പാസ്സായി. 
കമ്മത്തുമാഷിന്റെ കടം അമ്മ ഇടക്കിടെ
ഒാർമ്മിപ്പിച്ചുകൊണ്ടിരുന്നു.....
       ഹിന്ദുസ്ഥാൻ കമ്പനിയുടെ ഇടുക്കി പ്രോജക്റ്റിൽ ജോലി കിട്ടി.ആദ്യ ശമ്പളത്തിൽ നിന്നു കമ്മത്തു മാഷിന്റെ കടം വീട്ടാൻ വാച്ചാക്കലുള്ള വീട്ടിലെത്തിയ എനിക്ക് അദ്ദേഹത്തിന്റെ ജഡം കാണാനേ കഴിഞ്ഞുള്ളു!
  വെള്ളക്കവറിലാക്കിയ
അദ്ദേഹത്തിന്റെ ഫീസ്
കുറേക്കാലം   അമ്മ സൂക്ഷിച്ചു വച്ചിരുന്നു....
 

മോഹൻ ചെറായി

Share this on