menu

84. കഥ - അറിയാതെ

ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കര

കഥ
 

അറിയാതെ 

 
 
തിരക്കുകൾ ഒഴിഞ്ഞ നഗരം. തുറന്നുവച്ചിരിക്കുന്ന വ്യാപാര ശാലകളും, ഓഫീസുകളും, ഫാക്ടറികളുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന വാഹനത്തിരക്കുകളുടെ മറകളൊന്നുമില്ലാതെ കറുത്ത് നീണ്ടു കിടക്കുന്ന റോഡുകൾ. തലയെടുപ്പോടെ നിൽക്കുന്ന അംബരചുംബികളെ കാണുമ്പോൾ പകൽ വെളിച്ചത്തിലും നഗരം ശ്വാനനിദ്ര പോലെ ചുരുണ്ടുകൂടി അലസമായി ഉറങ്ങുകയാണെന്ന് തോന്നും. 
 
മഹാമാരിയായ രോഗം, സൂക്ഷ്മാണുവിന്റെ രൂപത്തിൽ അദൃശ്യനായി പതുങ്ങിയിരിഞ്ഞിരിക്കുകയാണ്. എവിടെയുണ്ടാകും അല്ലെങ്കിൽ എവിടെയുണ്ടാകില്ല എന്നൊന്നും ആർക്കും പറയാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരും അപ്രത്യക്ഷനായ ആ സൂക്ഷ്മാണുവിനെ ഭയന്ന് ഓടിയൊളിക്കുകയാണ്. രോഗഭീതി എല്ലാവരെയും അവരവരുടെ വീടുകളിൽ നിശ്ചലമാക്കിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഈ പിൻവലിയൽ വെറും താൽക്കാലികം മാത്രമല്ലേയെന്ന് എന്റെ ഉള്ളിലുറങ്ങുന്ന പരാജയപ്പെടാത്ത മനസ്സ് എന്നോട് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. 
 
തെരുവുകൾ ശൂന്യമായിക്കഴിഞ്ഞിരിക്കുന്നു. ആളും അനക്കവുമില്ലാത്തയിടങ്ങളിൽ ഉഷസിലുറഞ്ഞു കൂടിയ മഞ്ഞു തുള്ളികൾ ആരോടോ പരിഭവം പറയുന്നതു പോലെ ഉയരെ നിന്നും പൊഴിഞ്ഞു കൊണ്ടേയിരിക്കുകയാണ്. കാറ്റിന്റെ ചുംബനങ്ങളേറ്റുവാങ്ങാൻ അവിടവിടെയായി കാണുന്ന ചില മരങ്ങൾ മാത്രം. ഈ കാഴ്ചകൾ കണ്ടു കടന്നുപോകുമ്പോൾ മനസ്സ് വായിച്ചത് പോലെ കാറിന്റെ ജനലുകൾക്കുള്ളിലൂടെ
പരിഭവം പറയാനെന്നോണം ചെറുകാറ്റെന്നെ തഴുകിത്തലോടിയെങ്ങോട്ടോ കടന്നുപോയിരുന്നു.
 
ചുരുണ്ടുകൂടിപ്പതുങ്ങി കിടക്കുകയായിരുന്ന തെരുവ് നായകൾ വാഹനത്തിന്റെ മൂളൽ കേട്ടു പ്രതീക്ഷയോടെ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു. ശരീര ഭാഷയിൽ മാത്രമല്ല അവരുടെ കണ്ണുകളിലും പരിഭ്രാന്തി കാണാം. ആൾക്കൂട്ടമില്ലാതെ ഏകാന്തതയിലെ അപ്രതീക്ഷിതമായ അനാഥത്വം നൽകുന്ന അസ്വസ്ഥതയാണ് അവയുടെ മൂളലിലും മുരളലിലും കേൾക്കുന്നതെന്ന് എനിക്ക് തോന്നി. 
 
 
പുലരിയിലെ തെളിഞ്ഞ ആകാശനീലിമയിൽ മേഘങ്ങൾ ഈ മണ്ണിലെ ചലനങ്ങൾ പരതുകയാണ്. തിരക്കുകൾ ഇല്ലാത്ത ആളൊഴിഞ്ഞ ഭൂമി, അനന്തതയിലെ ആകാശത്തിനും അസ്വസ്ഥത സൃഷ്ടിക്കുകയാണോ? അങ്ങനെ ചിന്തിക്കുമ്പോൾ എന്റെ മനസ്സിലും അസ്വസ്ഥതയുടെ മേഘങ്ങൾ പടർന്നു കയറാൻ തുടങ്ങിയിരുന്നു. 
 
വിജനതയിലെ ഏകാന്തമായ യാത്രയ്ക്കിടെ റോഡിന്റെ ഇരുവശങ്ങളിലുമായി പരസ്പരം വരിഞ്ഞു കെട്ടിയിരിക്കുന്ന ഇലക്ട്രിക് തൂണുകൾ ആജാനുബാഹുക്കളായ അന്യഗ്രഹജീവികളെപ്പോലെ ഭയപ്പെടുത്തി. അപ്രത്യക്ഷനായ ഒരു സൂക്ഷ്മാണുവിനു മുന്നിൽ മനുഷ്യൻ കെട്ടിവരിഞ്ഞുണ്ടാക്കിയ സാങ്കേതികതകൾ മുഴുവനും ഉപയോഗശൂന്യമായതുപോലെ തോന്നുന്നു. പാതയോരങ്ങളിൽ അവിടവിടെയായി പച്ചപ്പ് കാണിച്ചു നിൽക്കുന്ന പുൽക്കൂട്ടങ്ങളും, കാട്ടുചെടികളും, ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞുകളഞ്ഞ കീറച്ചാക്കുകളും, പ്ലാസ്റ്റിക്കുകളും, എന്തിന് റോഡിനിരുവശവും വെളുത്ത വര പോലെ കിടക്കുന്ന മണൽത്തരികൾ വരെ എന്റെ കാഴ്ചകളുടെ സീമയിൽ അപൂർവമായ ചില ചിത്രങ്ങൾ വരച്ചു വച്ചു കൊണ്ട് കടന്നു പൊയ്ക്കൊണ്ടിരുന്നു. വർഷങ്ങളോളം അനേകം പ്രാവശ്യം, ഈ വീഥിയിലൂടെ കടന്നുപോയിട്ടും ഒരിക്കലും കാണാൻ കഴിയാതിരുന്ന കാഴ്ചകൾ പലതും ലോക്ക്ഡൗൺ സമ്മാനിച്ച വിജനതയിലൂടെ പുതിയ അനുഭവങ്ങൾ മനസ്സിൽ കോർത്തിടുകയാണല്ലോയെന്ന് ഞാനോർത്തു പോയി. 
 
നഗരമധ്യത്തിലെ ട്രാഫിക് സിഗ്നലിന് അടുത്തെത്തുമ്പോഴേക്കും കാറിന്റെ ബ്രേക്കിൽ അറിയാതെ കാലമർന്നു പോയി. ഇല്ല, ഇപ്പോഴും വണ്ടികളൊന്നുമില്ല. എങ്ങും നിശബ്ദത മാത്രം. പക്ഷേ, ആ നിശബ്ദത ഒരു ഭീകരനെപ്പോലെ എന്നെ ഭയപ്പെടുത്തിയതിനാലാവാം വാഹനം മുന്നോട്ടെടുക്കാൻ കഴിഞ്ഞില്ല. ആകാശം മുട്ടെ വലിപ്പമുള്ള മാളിനു മുന്നിൽ തോർത്ത് വിൽക്കുന്ന അണ്ണാച്ചിയും, കപ്പലണ്ടിക്കച്ചവടം നടത്തുന്ന ബംഗാളിയും, അകലെ ഗ്രാമത്തിൽ നിന്നും ഇവിടെയെത്തി കുടുസുമുറിയിൽ ചായക്കച്ചവടം നടത്തുന്ന പരിചയക്കാരനായ നാരായണൻകുട്ടിച്ചേട്ടനും, അങ്ങനെ നഗരത്തിലെ തിരക്കിന്റെ ഓരോയിടങ്ങളും അനിശ്ചിതത്വം പേറുന്ന ശ്മശാനമൂകതയുടെ മൂടുപടമണിഞ്ഞിരിക്കുകയാണ്. മഞ്ഞും പുകയും ചൂടുകാറ്റും കടകളിലെ നെയിംബോർഡിലെ അലങ്കാര വിളക്കുകളും ഒന്നുമില്ല. പക്ഷെ, ട്രാഫിക്ക് ലൈറ്റ് അപ്പോഴും തെളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. 
 
ഞാൻ വണ്ടി മുന്നോട്ടെടുക്കുമ്പോഴേക്കും തൊട്ടപ്പുറത്തായി റോഡിൽ സുരക്ഷാ മുഖംമൂടിയണിഞ്ഞ പോലീസുകാർ കൈകൾ കാണിച്ചു വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഡ്യൂട്ടി ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് കാണിച്ചപ്പോൾ അവർ കടന്നു പോകാൻ അനുവദിച്ചു. ഏതോ അതീവസുരക്ഷാ മേഖലയിലേക്കാണ് പോകുന്നതെന്ന തോന്നൽ വീണ്ടുമെന്റെ നിർവികാരമായ മനസ്സിനെ ആശങ്കപ്പെടുത്തുന്നുണ്ടായിരുന്നു. 
 
തെളിഞ്ഞ വായു, വൃത്തിയേറിയ നിരത്തുകൾ, തിരക്കില്ലാത്ത റോഡ്, ദുർഗന്ധമില്ലാത്ത ഓടകൾ, അങ്ങനെ മനുഷ്യന്റെ ഗന്ധമില്ലാത്ത ഒരു കൊച്ചുലോകമായി ഈ നഗരം മാറിയിരിക്കുന്നു.
 
ദിവസങ്ങൾക്കു മുമ്പ് നഗരത്തെ ചലിപ്പിച്ചിരുന്ന ആരാധനാലയങ്ങളും, ലോഡ്ജുകളും, ക്ലബ്ബുകളും, സ്റ്റേഡിയങ്ങളും എല്ലാം നിശ്ചലമാണ്. സമീപത്തുള്ള വീടുകളിൽപ്പോലും ഒരനക്കവും കാണാനില്ല. പുറത്തിറങ്ങാൻ കഴിയാതെ അടച്ചുപൂട്ടി മുറിക്കുള്ളിലിരുന്നുകൊണ്ട് സ്വയം ഞെരിഞ്ഞമരുന്ന മനസ്സുകളുടെ വീർപ്പുമുട്ടലുകൾ ഒച്ചയില്ലാത്ത ഈ തെരുവിലൂടെ അലഞ്ഞു നടക്കുന്നുണ്ടായിരിക്കാം. വിരഹത്തിന്റെ വേദനയിൽ പ്രിയപ്പെട്ടവരെ കാണാതെ വിഷമിക്കുന്നവരും, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നൂലിഴയടുപ്പം ചിതറിപ്പോകുമോയെന്ന് ഭയപ്പെടുന്നവരും, രോഗികളും, പട്ടിണിക്കാരുമൊക്കെ ആഗ്രഹങ്ങൾക്ക് വിലങ്ങുകളിട്ടു ആ മുറികൾക്കുള്ളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാവാം. 
 
എന്റെ ഹൃദയത്തിനുള്ളിലെ അദൃശ്യമായ കണ്ണുകൾ ഗേറ്റിനകത്ത് അടഞ്ഞുകിടക്കുന്ന വാതിലുകളിലൂടെ സമീപത്തെ ഒരു വീട്ടിനുള്ളിലേക്ക് കടന്നു പോയി. സ്വയം അടിച്ചേൽപ്പിച്ച ഏകാന്തതയുടെ വഴികളിലൂടെ ഏകാഗ്രമായ മനസ്സോടെ പകർച്ചവ്യാധികളും രോഗഭീഷണിയുമൊന്നുമില്ലാതെ പൊതുയിടങ്ങളിൽ ചലിക്കുന്ന ജീവിതവിധികളെ സ്വപ്നം കാണുന്ന അനേകം മനസ്സുകൾ ഓരോ വീട്ടിനുള്ളിലും തളയ്ക്കപ്പെട്ട് കിടക്കുകയാണ്. 
 
അതേ വീടിന്റെ മുകളിലെ മതിലിൽ പെട്ടെന്ന് ഒരു മിന്നായം കണ്ടു. ഒരു തെരുവ് പൂച്ച എന്റെ കണ്ണുകളിലേക്ക് ദൈന്യതയോടെ നോക്കിയതാണ്. വിശപ്പിന്റെ വേദനകൾ ഉറക്കത്തിന്റെ ആലസ്യത്തിലും അവന്റെ വിളറിയ മുഖത്ത് ഒളിപ്പിച്ചു വെച്ചിരുന്നു. 
 
ഏകാന്തതയുടെ കൂട്ടങ്ങളായി മാറിയ കെട്ടിടങ്ങൾക്കിടയിലൂടെ വിണ്ടുകീറിയ വിജനമായ റോഡുകൾ വളഞ്ഞു പുളഞ്ഞ്‌ കൊണ്ട് അകലേക്ക് തെന്നിമറയുന്നത് കാറിന്റെ ഡ്രൈവർ സീറ്റിന്റെ കണ്ണാടിയിലൂടെ ഞാൻ കണ്ടു കൊണ്ടേയിരുന്നു.
 
ആത്മാവ് നഷ്ടപ്പെട്ട് പോയ ഭൂമിയുടെ അന്തരീക്ഷത്തെ തിരിച്ചറിയാൻ കഴിയാതെ ചലന ജീവിതത്തിന്റെ ഗന്ധം തേടി പ്രകൃതിയൊന്നാകെ മനുഷ്യനെ തിരയുകയാണ്. അതെ, മന്ദമാരുതനും, എന്താണ് സംഭവിച്ചതെന്ന് പോലുമറിയാതെ. അങ്കലാപ്പ് അനന്തതയായി മുഖഭാവങ്ങളിലൊളിപ്പിച്ച മനുഷ്യന്റെ സഹജീവികളും, തലകുനിച്ച് കടന്നുപോകുന്ന മരങ്ങളും ഈ മനുഷ്യക്കൂട്ടങ്ങളെവിടെപ്പോയിയെന്ന് തിരയുകയാണ്. കളിയും ചിരിയും ആക്രോശവും യന്ത്രങ്ങളുടെ ശബ്ദവുമൊന്നുമില്ലാതെ നിരത്തിലെ മൗനാന്തരീക്ഷം വീർപ്പുമുട്ടുകയാണ്. 
 
 
ഒറ്റപ്പെടലിന്റെ വേദനകളിലൂടെ സഞ്ചരിച്ചുകൊണ്ട് ഒടുവിൽ ഞാനെന്റെ
ഡ്യൂട്ടി സ്ഥലത്തെത്തി. പുറത്ത് സജ്ജീകരിച്ചിരുന്ന വാഷ്ബേസിനിലെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി. സുരക്ഷാ മുഖംമൂടി അഴിച്ചു മാറ്റിയ ശേഷം സ്വന്തം സീറ്റിലമർന്നിരുന്നു. മേശപ്പുറത്തിരുന്ന ഔദ്യോഗിക ഫോൺ സാനിറ്റൈസർ ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കി. അസ്വസ്ഥത ഒരു നീറ്റലായി പടർന്നുവീണ എന്റെ മനസ്സിൽ നിന്നും ചലനമില്ലാത്ത നിമിഷങ്ങളെ ശപിച്ചുകൊണ്ട് മനസ്സിൽ ഏകാന്തതയുടെ വിലാപകാവ്യവുമായി പ്രത്യാശയുടെ പ്രകാശത്തിലൂടെ അകലേക്ക് ഞാൻ കണ്ണും നട്ടിരുന്നു. 
 
 

ഷിബു കൃഷ്ണൻ സൈരന്ധ്രി

അരുവിക്കര

Share this on