All Categories

Uploaded at 1 year ago | Date: 01/07/2022 19:51:17

ആദി കൈലാസ യാത്ര - 1

 

      *യാത്രക്കുള്ള തയ്യാറെടുപ്പ്*

 

"കാശിശ്വരായ വിശ്വേശ്വരായ 

ത്രയംബകായ കൈലാസ 

പതയെ നമോ നമ.."

 

 എന്റെ ഗുരുക്കന്മാരെയും മാതാപിതാക്കളെയും മനസ്സിൽ സ്മരിക്കുന്നു.

 

 ഭാരത മണ്ണിനെ കാക്കുന്ന ഓരോ ധീരജവാന്മാർക്കും ബിഗ് സല്യൂട്ട്.

 

 ഇനി എന്റെ ആദി കൈലാസ യാത്രയെക്കുറിച്ച് എഴുതി തുടങ്ങട്ടെ

 

ആദി കൈലാസത്തിൽ എത്താൻ ഒരു നിയോഗം പോലെ ആയിരുന്നു ഈ യാത്രയുടെ തുടക്കം.  ആദി കൈലാസത്തെ കുറിച്ച് എനിക്ക് യാതൊന്നും തന്നെ അറിയില്ലായിരുന്നു. ഞങ്ങളെ ആദ്യം ഹിമാലയ യാത്രയിൽ കൊണ്ടു പോയ മനോജ് വിളിച്ചു ചോദിച്ചു, ചേട്ടൻ സമ്മതിച്ചു. പിന്നെ ആ യാത്രയ്ക്ക് വേണ്ടി മനസിനെ പാകപ്പെടുത്തുക ആയിരുന്നു ഒന്നര മാസത്തോളം .   യാത്രക്കുവേണ്ടി ഒരുങ്ങാൻ കുറച്ചു ദിവസങ്ങളേ ഉണ്ടായിരുന്നുള്ളു. നടന്നു പ്രാക്ടീസ് ചെയ്യാനും കൂടി കഴിഞ്ഞില്ല. ശാരീരികമായ ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നു. അതെല്ലാം മനസ്സിനെ  ഭയപ്പെടുത്തിയിരുന്നു. 

 

കണ്ണന്റെ മുമ്പിൽ എപ്പോഴും പ്രാർത്ഥിക്കും. അവിടുത്തെ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് യാത്ര സുഖകരമാക്കാൻ പറ്റുള്ളൂ കണ്ണാ, എന്റെ കൂടെ ഉണ്ടാവണേ, ആ പ്രാർത്ഥനയോടെ ദിവസങ്ങൾ കഴിഞ്ഞു പോയി. 

 

 ഞങ്ങളുടെ അഞ്ചാമത്തെ ഹിമാലയ യാത്രയാണ്. ഇത്തവണ മാത്രം എന്തോ മനസ്സിൽ ഒരു നൊമ്പരം . എന്തായാലും എന്റെ ഭാഗവത കുടുംബത്തെ വിളിച്ച് വീട്ടിൽ ഒരുമിച്ച് കൂട്ടണമെന്ന് ഒരു ആശ വന്നു .     

        

ഭഗവത കുടുംബത്തെ വിളിക്കാൻ തീരുമാനിച്ചപ്പോൾ ജയന്തി പറഞ്ഞു ഷാനി പോകുന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ടല്ലേ വന്നിട്ട് ആകാമെന്ന് . അത് സാരമില്ല എന്ന് ഞാൻ പറഞ്ഞു. കാരണം വരുമോ എന്ന്  ഉറപ്പു പറയാൻ കഴിയാത്ത യാത്രയാണല്ലോ.  അതായിരുന്നു എന്റെ മനസ്സിൽ . അതിനാൽ മനസ്സിൽ ആഗ്രഹിച്ച ആ സന്തോഷം പറയണം എന്ന് എനിക്ക് തോന്നി. ടീച്ചറുമായി സംസാരിച്ച് രാത്രിയാണ് തീയതി തീരുമാനിച്ചത്. ഗ്രൂപ്പിൽ ഇട്ടെങ്കിലും എല്ലാവരും അത് കാണണം എന്നില്ലല്ലോ. ജയന്തിയാണ് എനിക്കുവേണ്ടി എല്ലാവരെയും ക്ഷണിച്ചത്. രണ്ടു മൂന്നു പേർ അസൗകര്യം മൂലം ഉണ്ടായില്ല.  ബാക്കി എല്ലാവരും പങ്കെടുത്തു.  നല്ലൊരു പോസിറ്റീവ് എനർജി വീട്ടിലേക്ക് തന്നു . കൃഷ്ണ മഠത്തിലെ സെക്രട്ടറി ഉണ്ണികൃഷ്ണനും ഇതിൽ പങ്കെടുത്തു.  ഞങ്ങൾക്ക് മൂന്നു പേർക്കും സ്നേഹത്തോടെ ഭക്ഷണം വിളമ്പി തന്നത് ജയന്തിയും ശോഭയും രമയും സുഷമ ചേച്ചിയും ഉഷയുമാണ്.  എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ദിവസം ആയി അത് മാറി . നല്ല നിമിഷങ്ങൾ സമ്മാനിച്ച ഭാഗവത കുടുംബാംഗങ്ങളോട് നന്ദി മനസ്സിൽ സൂക്ഷിച്ചു. 

 

നാരായണീയം ലീലാമണി ടീച്ചർ അതിൽ പങ്കെടുത്തത് ഏറെ സന്തോഷമായി. ഇവരുടെ എല്ലാം അനുഗ്രഹവും എനിക്ക് കിട്ടി.

 

 പതിനെട്ടാം തീയതി എന്റെ അച്ഛന്റെ ശ്രാദ്ധ ദിനമായിരുന്നു.   ഈശ്വരാനുഗ്രഹത്താൽ ആലുവയിൽ പോയി ശ്രാദ്ധം ഊട്ടാൻ കഴിഞ്ഞു. അമ്മയെ കാണാൻ പോയി അനുഗ്രഹം വാങ്ങി.   വൈകിട്ട് ആയപ്പോഴേക്കും ഒരുവിധം എല്ലാ കാര്യങ്ങളും ഞാൻ ചെയ്ത് തീർത്തു. ആഗ്രഹിച്ച പലതും ഈശ്വരൻ എനിക്ക് നടത്തി തരുന്നത് പോലെ തോന്നി. അടുത്തുള്ളവരോടൊക്കെ യാത്ര പറഞ്ഞു

 

എന്റെ ഭാഗവതം ക്ലാസിലെ സുഷമ ചേച്ചി ഞങ്ങളെ കാണാൻ വീട്ടിൽ വന്നു. എനിക്ക് കൊണ്ടുപോകാൻ വേണ്ടി കുറച്ചു ഭക്ഷണ സാധനങ്ങൾ  ഉണ്ടാക്കി ആണ് വന്നത് . എന്നിട്ടും ചേച്ചിയുടെ മുഖത്ത് സങ്കടമായിരുന്നു. ഇത് വളരെയധികം പ്രയാസമുള്ള ഒരു യാത്രയാണെന്ന് ആരോ പറഞ്ഞിരുന്നു അതാണ് സങ്കടം. ചേച്ചിയുടെ ആ സ്നേഹം മനസ്സിൽ പതിഞ്ഞു . 

  രാത്രി എന്റെ കൂട്ടുകാരി റീന രണ്ടു ജോഡി ചുരിദാറും ആയി വീട്ടിൽ വന്നു. ചേച്ചിക്ക് ഇത് തരണം എന്ന് തോന്നിയതിനാലാണ് വന്നത് എന്ന് പറഞ്ഞു. ചേച്ചിക്ക് ഇങ്ങനെയൊക്കെ പോകാൻ പറ്റുന്നത് എത്രയോ ഭാഗ്യമാണ് അതിന്റെ സന്തോഷത്തിലാണ് ഇത് എന്ന് പറഞ്ഞു. ഇത് ഇട്ടേ ഞാൻ ആദി കൈലാസത്തിലേക്ക് പോകൂ എന്നു പറഞ്ഞു.  ആ സ്നേഹത്തിന്  പകരം വെക്കാൻ അതാണ് നല്ലത്.

 

അങ്ങിനെ മനസ്സ് സന്തോഷിച്ചും വിഷമിച്ചും ആ ദിവസം തീർന്നു. 

 

പിറേറന്ന് രാവിലെ ആറുമണിക്ക്  ഇറങ്ങണം. മോളോടും കുട്ടികളോടും രാവിലെ വരേണ്ട എന്ന് പറഞ്ഞിരുന്നു. ഉറങ്ങാൻ കിടന്നിട്ട് അകാരണമായ പല ചിന്തകളും മനസ്സിലൂടെ കടന്നു പോയി. എപ്പോഴോ ഉറങ്ങി.

 

 ജൂൺ 19 ഞായറാഴ്ച നാലുമണിക്ക് തന്നെ ഉണർന്നു. കുളിയൊക്കെ കഴിഞ്ഞ് കണ്ണന്റെ മുൻപിൽ വിളക്കുവച്ച് പ്രാർത്ഥിച്ചു. എല്ലാം നിന്നെ ഏൽപ്പിക്കുന്നു ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണം എന്ന പ്രാർത്ഥനയോടെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. മനോജ് കാറുമായി വന്നു. നേരെ മൂകാംബിക വഴി പോയി. ഗണപതിക്ക് തേങ്ങ ഉടച്ചു യാത്ര മംഗളകരം ആകാൻ പ്രാർത്ഥിച്ചു. നേരെ എയർപോർട്ടിലേക്ക് . അകത്തുകയറി ചെക്കിങ്  കഴിഞ്ഞു ലോഞ്ചിൽ ഇരുന്നു.

 

 എട്ടരക്ക് തന്നെ എയർ ഏഷ്യ ഞങ്ങളെയും കൊണ്ട് പറന്നു . പതിനൊന്നരയ്ക്ക്  ഫ്ലൈറ്റ് ലാൻഡ് ചെയ്തു.  മോൻ എയർപോർട്ടിൽ വന്നു ഞങ്ങളെയും കൊണ്ട് അവന്റെ വീട്ടിലേക്ക് പോയി . ഡൽഹിയിൽ നിന്ന് കാത്തകോടത്തേക്ക് രാത്രി 10 മണിക്കാണ് ട്രെയിൻ . അതിൽ ഓൾഡ് ഡൽഹിയിലേക്ക് പോകണം .

 

 ഇവിടെ വരെയുള്ള ഞങ്ങളുടെ യാത്ര സുഖമായി.  ഡൽഹിയിൽ എത്തുമ്പോൾ അവിടത്തെ കാലാവസ്ഥയും ഞങ്ങൾക്ക് അനുകൂലമായി.  ശക്തിയായ ചൂടിൽ നിന്ന് അന്ന് ചൂട് വളരെയധികം കുറഞ്ഞ ഒരു കാലാവസ്ഥയായിരുന്നു.

 

മോനും മോളും കൂടി വിഭവസമൃദ്ധമായ ഭക്ഷണം ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നു. ഭക്ഷണം കഴിച്ച് കുറച്ചു സമയം കിടന്നു. അപ്പോൾ അംബിക ചേച്ചി തന്ന രാമചന്ദ്രൻ സാറിന്റെ ആദി കൈലാസയാത്രയുടെ വിവരണം അല്പം ഒന്നു മറിച്ചുനോക്കി.  അതി കഠിനമായ യാത്രയെക്കുറിച്ചോർത്ത് കിടന്ന് കുറച്ചു സമയം മയങ്ങി.

 

(ഷാനി നവജി )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.