All Categories

Uploaded at 1 year ago | Date: 30/07/2022 17:52:13

ആദി കൈലാസ യാത്ര - 6

  *തിരിച്ചിറക്കവും ഒരാളുടെ വിയോഗവും*

"ചന്ദ്രകലാധര ശംഭോ 
ഗംഗാ ജഡാ ധര ശംഭോ ഗൗരി മനോഹര "

 പുണ്യ ദർശനവും നടന്ന വീഥികളും  മനസ്സിൽ മായാതെ മങ്ങാതെ പ്രഭ തൂകി നിൽക്കുന്നു. ഭഗവാനും സതിയും ഒരുമിച്ചിരുന്ന ഈ പുണ്യഭൂമിയിൽ  പാദങ്ങൾ പതിയാൻ എന്തു ഭാഗ്യം ചെയ്തതാവോ . മൂത്തകുന്നം എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന ഗുരുദേവനാൽ പ്രതിഷ്ഠിക്കപ്പെട്ട ശങ്കരനാരായണനെ എന്നും തൊഴുതതിനാലുള്ള പുണ്യമോ,  ഗുരു പാദങ്ങളിൽ പ്രണമിക്കുന്നു. 

 ഞങ്ങളെ തിരക്കു കുട്ടി ഗൈഡ് മാർ വണ്ടിയിൽ കയറ്റി. ഇനി ഗുഞ്ചിയിലേക്ക് തന്നെ തിരിച്ചെത്തണം. അവിടെയാണ് രാത്രി താമസം. അതികഠിനമായ വഴികൾ വീണ്ടും തരണം ചെയ്യണമല്ലോ. ദർശനപുണ്യത്തിന്റെ അനുഭവവുമായി ഞങ്ങൾ യാത്ര തുടങ്ങി. അങ്ങോട്ടു പോയതിലും കൂടുതലായി മലകളിൽ നിന്നുള്ള നീർച്ചാലുകൾ ഉണ്ടായി പല ഭാഗങ്ങളിലും വെള്ളത്തി ലും ചെളിയിലൂടെയും ഓടുന്ന ഈ വെള്ളമെല്ലാം കാളിയിൽ പതിക്കുമ്പോൾ ശക്തി കൂടുന്നു. മഴക്കാലങ്ങളിൽ കാളിയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ. നല്ല തണുപ്പും ഉണ്ട് . ഇതെല്ലാം കണ്ട് ഞങ്ങൾ രാത്രി ആയപ്പോഴേക്കും ഗുഞ്ചി യിൽ എത്തി. ക്ഷീണത്തോടെ ചെന്നിറങ്ങിയ ഞങ്ങൾക്ക് ചൂടുള്ള ചായയും ഗോപി മഞ്ചൂരിയും തന്നു . നല്ല വിശപ്പും തളർച്ചയും ഉള്ളതിനാൽ അത് വേഗത്തിൽ കഴിച്ചു.  ഷൂ മാത്രം അഴിച്ചുവച്ച് കിടക്ക സഞ്ചിയിലേക്ക് കയറി. ക്ഷീണമുണ്ടെങ്കിലും എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. പുണ്യ ദർശനത്തിൽ ലഭിച്ച ഊർജ്ജം അത്രയേറെ ആയിരുന്നു. തലേദിവസം ഊർജ്ജം നഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞ് എല്ലാവരും മിണ്ടാതിരുന്നു. ഇപ്പോൾ കിട്ടിയ ഊർജ്ജത്തിൽ എല്ലാവരും ഭയങ്കര സംസാരം തന്നെ.

 രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ കിടന്നു. നാളെ രാവിലെ തന്നെ പുറപ്പെടണം എന്ന് നിർദ്ദേശം കിട്ടിയിട്ടുണ്ട്..
 ആ രാത്രി ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന ശീതൾ ഓക്സിജൻ ലെവൽ താണ് ശ്വാസം കിട്ടാതെ വിഷമിച്ചു.  ഓക്സിജൻ കൊടുത്തു. ഉടനെ പട്ടാളക്കാർ ഓടിവന്ന് അവരെ കൊണ്ടുപോയി... ആ സമയവും അവർ ആരോ വരുന്നു എന്നു വിളിച്ചു പറഞ്ഞിരുന്നു.. മനോജ് ചേട്ടനും അത് കേട്ടിരുന്നു. ഭഗവാനെ ആയിരിക്കും അവർ കണ്ടത്.. രാത്രി 12 മണി ആയപ്പോഴേക്കും അവർ മരിച്ചു.. അത് എല്ലാവരിലും വല്ലാത്ത മൂകത പരത്തി. ആർക്കും ഇതേപോലെ സംഭവിക്കാമല്ലോ. ഭഗവാന്റെ പാദത്തിൽ അണഞ്ഞതാണെങ്കിലും കൂടെ ഉണ്ടായിരുന്നിട്ടും  യാത്ര തീരാതെ ആദി കൈലാസ നാഥനെ ദർശിച്ച പുണ്യവുമായി ആ ആത്മാവ് ഈ പുണ്യഭൂമിയിൽ അമരുന്നു. 

എപ്പോഴും ഇങ്ങനെയുള്ള യാത്രയിൽ പലർക്കും സംഭവിക്കുന്നതാണ്.  ഞങ്ങളുടെ കൂടെയുള്ള ഒരു ഗൈഡും അവരുടെ ഭർത്താവും ഡെഡ് ബോഡി കൊണ്ട് ഥാർച്ചുലയിലേക്ക് പോയി. 

രാവിലെ 5 30 ന് ബ്രേക്ഫാസ്റ്റ് കഴിച്ച് 6 മണിക്ക് പുറപ്പെടണം എന്ന് പറഞ്ഞെങ്കിലും എല്ലാവരും വിഷമം ഉള്ളിൽ ഒതുക്കി ഇനി ആരാണാവോ എന്നുള്ള ചിന്തയിലായിരുന്നു.
 ആദ്യത്തെ ഞങ്ങളുടെ യാത്ര ട്രാവലറിൽ ആയിരുന്നല്ലോ. ഒരു ട്രാവലർ കേട് ആയപ്പോൾ ശീതൾ എന്റെ അടുത്തിരുന്നു യാത്ര ചെയ്തിരുന്നു. അതേപോലെ ആദി കൈലാസത്തിൽ താഴെയിരുന്നു ഓരോ ദർശനങ്ങളും രണ്ടുപേരും കൂടി കണ്ടിരുന്നു. മുകളിലേക്ക് കയറാതെ ചേട്ടനും താഴെ ഉണ്ടായിരുന്നല്ലോ. അവിടെവച്ച് മുതൽ ഓക്സിജൻ ലെവൽ കുറഞ്ഞിരുന്നു. എത്രയോ എത്രയോ പേരുടെ ജീവൻ ഇവിടെ  പൊലിയുന്നു. അതൊരു പുണ്യമായേ നമുക്ക് കാണാൻ കഴിയൂ.

 ഇരുപത്തിനാലാം തീയതിയിലെ ഗുഞ്ചിയിലെ പ്രഭാതം ഞങ്ങൾക്കു വേദനാജനകമായിരുന്നു.
 ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നിറങ്ങി. ഗൗരവ മാത്രമേ ഗൈഡ് ആയിട്ട് കൂടെ ഉള്ളൂ. അതിനാൽ എല്ലാ വണ്ടികളും ആളെ കയറ്റി ഞങ്ങളുടെ വണ്ടിയാണ് പിറകെ പോയത്.  ആ യാത്ര വീണ്ടും ദുർഘട വഴികളിലൂടെയാണ്.    ഇൻഡോ ടിബറ്റ് ബോർഡ് പോലീസ് ക്യാമ്പിനടുത്തുള്ള ഓം പർവ്വതം ദർശിക്കാൻ ആയിരുന്നു അടുത്ത യാത്ര. വണ്ടിനിർത്തി കയറ്റം കയറിയപ്പോൾ നല്ല തണുപ്പായിരുന്നു. മഞ്ഞു മൂടി കിടക്കുന്ന പർവതങ്ങൾ . ആ സൗന്ദര്യം ദർശിച്ച് എത്രനേരവും അവിടെ ഇരുന്നു പോകും. ഓം ജപിച്ചും ,ഇന്ത്യയുടെ കൊടി നാട്ടിയും തമിഴ്നാട്ടിൽ നിന്ന് വന്നവരുടെ ഭജനയുമൊക്കെയായി ഓംകാര പർവ്വത ദൃശ്യത്തിൽ   ഞങ്ങൾ ലയിച്ചു.  
 ഉച്ച ഭക്ഷണവും അവിടെ തന്നെയായിരുന്നു. നല്ല തണുപ്പുണ്ട് , അന്തരീക്ഷ മർദ്ദവും കുറവാണ്.

താരകാസുര ശല്യം സഹിക്കാതെ പരമശിവൻ ആ പർവ്വതത്തിൽ ശൂലം തറച്ചു. അതിനപ്പുറത്തേക്ക് താരകാസുരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. അതാണ് ഓം പർവ്വതം എന്നതാണ് ഐതിഹ്യം. മനസ്സിൽ ശാന്തതയോടെ ആ പർവ്വതം നോക്കി ഞാൻ ഇരുന്നു. ഇതെല്ലാം നമുക്ക് വിവരിക്കുവാൻ പറ്റാത്തതിനപ്പുറമുള്ള അനുഭവങ്ങളാണ്.  ഉച്ചഭക്ഷണം കഴിഞ്ഞാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്. പട്ടാളക്കാർ ഫോട്ടോ എടുക്കാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഇന്ത്യൻ മണ്ണിനെ കാക്കുന്ന  ഇവരോടുള്ള സ്നേഹവും നന്ദിയും അവരെ കാണുമ്പോൾ തൊഴുകയ്യോടെ അറിയിക്കുന്നു.  ത്യാഗപൂർണ്ണമാണ് അവരുടെ ജീവിതം .
  
 അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞങ്ങൾ ധന്യരായി. ഈ തണുപ്പിലും ഞങ്ങൾക്ക്  കിട്ടിയ ഊർജ്ജം , ഭക്തിയുട തലം ഈ പർവ്വതനിരകളോളം ഉയരത്തിലായിരുന്നു. അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ നേരെ പോയത് കാലാപാനിയിലേക്ക് - 
 കാളി കാലു കഴുകിയ തീർത്ഥം.  അവിടെ  ക്ഷേത്രത്തിനുള്ളിൽ മാനസ സരസ്സിൽ   നിന്ന് ഒഴുകിയെത്തുന്ന തീർത്ഥം ശേഖരിച്ച് ക്ഷേത്രത്തിൽ പൂജ ചെയ്തു.  ഇവിടെനിന്നാണ് കാളി നദി ഉത്ഭവിക്കുന്നത്.  ഇവിടെയും ഇൻഡോ ടിബറ്റൻ  ബോർഡർ പൊലീസ് ക്യാമ്പ് . അവിടെ ഞങ്ങൾ കുറച്ച് സമയം ചെലവഴിച്ചു. പിന്നെ ഞങ്ങളുടെ യാത്ര വീണ്ടും ഭയാനക വഴികൾ താണ്ടിയായി. നാഭി ദാങ് എന്നാ കൊച്ചു ഗ്രാമത്തിലേക്കാണ് യാത്ര. .അവിടത്തെ ഹോംസ്റ്റേയിൽ ആണ് ഞങ്ങൾ താമസിക്കുന്നത്. പല ദുർഘട വഴികളും പിന്നിട്ടാണ് സഞ്ചാരം. കൈലാസ് മാനസസരസ്സ് യാത്രക്കാരും നേപ്പാൾ വഴി പോകുമ്പോൾ ഈ വഴിയിലൂടെയാണ് യാത്ര. വളരെ ഉയരത്തിൽ ആണ് നാഭി ധാങ്. 
ഞങ്ങൾ വൈകിട്ടാണ് അവിടെ എത്തിയത്. അവിടെ ആദി കൈലാസവും കൈലാസ മാനസസരോവർ യാത്ര കഴിഞ്ഞു വരുന്ന വരും അവിടെയുള്ള ശിവക്ഷേത്രം സന്ദർശിക്കും. ഞങ്ങൾ അവിടെ ഇറങ്ങി ഭഗവാനെ ധാര ചെയ്തു. ഇവിടം വരെയുള്ള യാത്ര സുഖകരമാക്കി തന്ന ഭഗവാനെ പ്രണമിച്ചു. ഞങ്ങളെ സ്വീകരിക്കാൻ ഗ്രാമത്തിലെ സ്ത്രീകൾ അവരുടെ ദിവ്യമായ ആഭരണ വേഷത്തോടെ സ്വാഗതമരുളി നിന്നിരുന്നു. തിലകം ചാർത്തി അവിടത്തെ ഔഷധസസ്യം കൂടിയായ പൂക്കൾ തലയിൽ ചാർത്തി മനസ്സു നിറഞ്ഞ ചിരിയോടെ ആദി കൈലാസയാത്ര കഴിഞ്ഞുവരുന്ന ഞങ്ങളെ സ്വീകരിച്ചു. ഞങ്ങൾക്കുള്ള മുറികൾ തന്നു . താഴെ കിടക്കയും കിടക്ക സഞ്ചിയും 11 പേർക്ക് കിടക്കാനുള്ള സൗകര്യം. ഞങ്ങൾ എല്ലാവരും നിരന്നു കിടന്നു. ചൂടുള്ള ചായകുടിച്ച് വിശ്രമിച്ചു.  ചേട്ടൻ അപ്പോഴേക്കും ഒരുപാട് ക്ഷീണിതനായിരുന്നു. മുംബൈയിൽ നിന്ന് വന്ന സുനിത, ചേട്ടനുള്ള മരുന്നും ചൂടുവെള്ളവും  കൊടുത്തു. 

 ഞങ്ങൾ  അവരുടെ പ്രോഗ്രാമിലേക്ക് പോയി. ഗ്രാമീണ പ്രമുഖൻ ഞങ്ങൾക്ക് സ്വാഗതമരുളി. അവരുടെ തനതു നൃത്ത പരിപാടികളും പാട്ടുമൊക്കെയായി നല്ലൊരു സന്ധ്യ ഞങ്ങൾക്ക് തന്നു . എട്ടുമണി  ആയപ്പോഴേക്കും സൂര്യൻ മറഞ്ഞു തുടങ്ങുന്നു. അസ്തമയത്തിന്റെ പൊൻകിരണങ്ങൾ തട്ടി നാഭില പർവ്വതങ്ങൾ വെട്ടിത്തിളങ്ങി. ഒരു വശം പ്രകൃതിയിലെ പച്ചപ്പിൽ കണ്ണിനു കുളിർമ പകർന്നു നിൽക്കുന്ന മലകൾ . ഞാൻ ആ കലാപ്രകടനങ്ങളും പ്രകൃതി സൗന്ദര്യവും ഒരേ പോലെ ആസ്വദിച്ചു. ഞാനും അവരുടെ കൂടെ കുറച്ചു സമയം നൃത്തം ചെയ്തു.  അവിടുത്തെ ശുചിത്വവും ഗ്രാമീണരുടെ നിഷ്കളങ്കമായ പെരുമാറ്റവും  കണ്ടു പഠിക്കേണ്ടതാണ്. രാത്രി കുറെ സമയം അവരുടെ പരിപാടികൾ നീണ്ടുനിന്നു . നല്ല തണുപ്പ് ഉണ്ട് ഞങ്ങളെല്ലാവരും ആ ഗ്രാമത്തിനു വേണ്ടി പറ്റുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു.  ഗ്രാമ പ്രമുഖന്റെ കൈയ്യിൽ പണം കൊടുത്തെങ്കിലും പിന്നെയും ഞങ്ങൾ പരിപാടികൾ അവതരിപ്പിച്ചവർക്ക് നേരിട്ടും കൊടുത്തു. പരിപാടികൾക്ക് ശേഷം ഞങ്ങൾക്ക് നല്ല ആഹാരം അവർ തന്നു . അവിടത്തെ മലകളിൽ വളർന്ന ഒരു ചെടിയുടെ ചട്നി ഞങ്ങൾക്ക് ഉണ്ടാക്കി തന്നിരുന്നു. വളരെയധികം രുചികരമായ ചട്നി ആയിരുന്നു അത്.

ഭക്ഷണം കഴിച്ച് ഞങ്ങൾ മുറിയിലേക്ക് പോയി. ചേട്ടൻ എണീറ്റ് വരാത്തതിനാൽ ചേട്ടനുള്ള ഭക്ഷണം മുറിയിൽ കൊണ്ടുപോയി കൊടുത്തു. ഞങ്ങൾ എല്ലാവരും കിടക്ക സൈറ്റിൽ കയറി സംസാരിച്ചു കിടന്നു. ആ രാത്രി നല്ല മഴയായിരുന്നു. വെളുപ്പിനു തന്നെ ഇവിടെനിന്നും പോകണം .മഴയുടെ ശബ്ദവും തണുപ്പുമെല്ലാം കൊണ്ട് എപ്പോഴൊക്കെയോ ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുത്തു . തലേദിവസം  മഴ ഉണ്ടായെങ്കിലും ആദിത്യൻ പ്രഭയോടെ തന്നെ ഉദിച്ചു. തണുപ്പുണ്ടെങ്കിലും ആ സൗന്ദര്യം ആസ്വദിക്കാതിരിക്കാനായില്ല.   സൗകര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും എല്ലാവരും ഉള്ളതിൽ സംതൃപ്തരായിരുന്നു. അതിനാൽ തന്നെയാണ് ഞങ്ങളും അവരുടെ കൂടെ നൃത്തം ചെയ്തത്. രാവിലെ ഗൈഡ് തിരക്കുകൂട്ടുന്നതനുസരിച്ച് എല്ലാവരും റെഡിയായി. ചൂടുള്ള ചായ കുടിച്ചതിനുശേഷം ഞങ്ങൾക്ക് തന്ന ബ്രേക്ഫാസ്റ്റ് നമ്മുടെ ഓട്സ് പോലുള്ള വിഭവമായിരുന്നു. അതിനു ശേഷം ഞങ്ങൾ എല്ലാവരും കൂടി സ്വരൂപിച്ച പണം അവർക്കു കൈമാറി.  ഏറ്റവും പ്രായമുള്ള അമ്മയെ നമസ്കരിച്ചു. നിഷ്കളങ്കമായി ചിരിക്കുന്ന ഓരോ മുഖങ്ങളും മനസ്സിൽ നിന്നും മായുകയില്ല.    വർണ്ണങ്ങൾ കൊണ്ടു ചാലിച്ചെഴുതിയ പ്രകൃതിയെ നോക്കി പ്രണമിച്ചു കൊണ്ട് ഇതെല്ലാം കാണാനും അനുഭവിക്കാനും കഴിയുന്നതിനെ കണ്ണന്റെ പാദങ്ങളിലും മനസ്സു കൊണ്ടു നമിച്ചു. ഈ ഒരു മനുഷ്യായുസ്സു ദൈവം തന്നതെങ്കിൽ നമുക്ക് ഇങ്ങനെയുള്ള തീർത്ഥാടനങ്ങൾ ഈശ്വര കൃപയാൽ വന്നണഞ്ഞാൽ ഇതിലേറെ പുണ്യം മറ്റെന്തുണ്ട്. എനിക്ക് ജന്മം തന്ന മാതാപിതാക്കളെയും നമിക്കുന്നു. ഹിമാലയ യാത്രയിലൂടെ നമുക്ക് കിട്ടുന്ന ഊർജ്ജം എത്രയോ മഹത്തരമാണ്. ഇവിടത്തെ വായു ശ്വസിക്കുന്നതു തന്നെ പുണ്യമാണല്ലോ. 14000 അടി ഉയരത്തിൽ ആണെങ്കിലും പ്രാണവായു കുറവാണെങ്കിലും എല്ലാം തരണം ചെയ്തു ഞങ്ങൾ മുന്നോട്ടു പോകുന്നു. 



പരമായും അപരമായും ഇരിക്കുന്ന ബ്രഹ്മം തന്നെയാണല്ലോ ഓങ്കാരം,പര ബ്രഹ്മവും , വിരാട് രൂപവും . എല്ലാം ഓം എന്ന പൊരുളിൽ തന്നെ. അതും ഈ നാഭിയിൽ ആണല്ലോ. 

അവിടം വിട്ടു പോരുമ്പോൾ യാത്രയിൽ  കഷ്ടതകൾ അറിയാതെ മനസ്സ് ശാന്തമായി എന്തോ ഒന്നിൽ അലിയുന്നു...,,
"ശംഭോ മഹാദേവ,, കാലാതീത കൈവല്യ ദായകാ നിൻ പാദത്തിൽ അമരുന്നു ഈ ജീവിതം "

(ഷാനി നവജി )
9497035122

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.