All Categories

Uploaded at 1 year ago | Date: 08/08/2022 16:11:27

മുളവുകാട്: അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിലേക്ക് വൈപ്പിൻ മണ്ഡലത്തിലെ ഇടപ്പള്ളി ബ്ലോക്കിൽ നിന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർദ്ദേശിച്ച മുളവുകാട് വലിയപറമ്പ് കോളനിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പ്രാരംഭ നടപടികളായി. എംഎൽഎയുടെ സാന്നിധ്യത്തിൽ കോളനി നിവാസികളുടെ പ്രാഥമിക യോഗം ചേർന്ന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞു. 

കോളനികളിലെ റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങൾ, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സംവിധാനങ്ങൾ, കോളനിയിലെ പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും വൈദ്യുതീകരണം, സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും ഖര ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്‌തികളുടെ മെയിന്റനൻസ്, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമ്മാണം, വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നതാണ് അംബേദ്‌കർ പദ്ധതിയെന്ന് യോഗം ഉദ്ഘാടനം ചെയ്‌ത കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വിശദീകരിച്ചു. 

പത്തുമാസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കണം. കുറഞ്ഞത് അഞ്ചുവർഷമെങ്കിലും മുമ്പ് നിർമ്മിച്ച റോഡുകൾ മാത്രമാണ് പദ്ധതി പ്രകാരം പുനരുദ്ധാരണത്തിനായി ഏറ്റെടുക്കേണ്ടത്. സ്ഥലം വിട്ടുകിട്ടേണ്ട പ്രവൃത്തികൾ അനുബന്ധ രേഖകൾ ലഭ്യമായ ശേഷം മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.  എഫ് ഐ ടിക്കാണ് പദ്ധതി നിർവ്വഹണ ചുമതല.

അടുത്ത വർഷം മാർച്ച് 31നുള്ളിൽ പദ്ധതി പൂർത്തിയാക്കാത്ത പക്ഷം നിർവ്വഹണ ഏജൻസിയുടെ  റിസ്‌ക് ആൻഡ് കോസ്റ്റിൽ പ്രവൃത്തി പൂർത്തിയാക്കേണ്ടതും അല്ലെങ്കിൽ ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നതുമാണ് പദ്ധതി മാർഗരേഖ. എ എൽ പി സ്‌കൂളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ അധ്യക്ഷത വഹിച്ചു. എസ് സി ഡി ഓഫീസർ എ കെ ജെയിംസ് പദ്ധതി വിശദീകരിച്ചു. 

ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ വിവേക് ഹരിദാസ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൈന ഓജി, വാർഡ് അംഗം കെ എ വിനോദ് എഫ് ഐ ടി അസിസ്റ്റന്റ് എൻജിനീയർ ടി കെ രാജൻ എന്നിവർ സംസാരിച്ചു. എംഎൽഎ ചെയർമാനും എസ് സി ഡി ഓഫീസർ എ കെ ജെയിംസ് കൺവീനറും എസ് സി പ്രൊമോട്ടർ നയൻതാര, വാർഡ് അംഗം കെ വിനോദ്, എഫ് ഐ ടി പ്രതിനിധി ടി കെ രാജൻ, കോളനി നിവാസികളുടെ പ്രതിനിധികളായ ഇ ജി രാജൻ, ദീപ വിമൽകുമാർ എന്നിവർ അംഗങ്ങളുമായാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്. 

കോളനിയിൽ നടപ്പാക്കാനാകുന്ന പദ്ധതികൾ മോണിറ്ററിംഗ് കമ്മിറ്റി ആസൂത്രണ ചെയ്യും. ആവശ്യമായി വരുന്ന പക്ഷം ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും. മണ്ഡലത്തിലെ വൈപ്പിൻ ബ്ലോക്കിൽ ഉൾപ്പെടുന്ന പള്ളിപ്പുറം ഐ എച്ച് ഡി പി കോളനിയും എംഎൽഎയുടെ നിർദ്ദേശാനുസൃതം അംബേദ്‌കർ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.