All Categories

Uploaded at 2 years ago | Date: 17/09/2021 19:19:59

തൃ​ശൂർ: മുപ്ലിയം വെള്ളാരംപാടത്തെ മുളങ്കാടുകള്‍ കാണാന്‍ സന്ദര്‍ശകത്തിരക്കേറുന്നു. നൂറുകണക്കിന് മുളങ്കാടുകളാണ് ഇവിടെ കുടനിവര്‍ത്തിയപോലെ നില്‍ക്കുന്നത്.

വെള്ളിക്കുളങ്ങര വനം ഡിവിഷനിലെ മുനിയാട്ടുക്കുന്നിനോട് ചേര്‍ന്ന് 1992ലാണ് തേക്ക് തോട്ടത്തില്‍ മുളകള്‍ നട്ടുപരിപാലിച്ചത്.

40 ഹെക്ടര്‍ സ്ഥലത്ത് അധികം ഉയരവും വണ്ണവും ഇല്ലാത്ത ലാത്തിമുളകള്‍ വ്യാവസായിക അടിസ്ഥാനത്തിലാണ് വളര്‍ത്തിയത്. ഓരോ മുളങ്കൂട്ടത്തിലും നൂറോളം മുളകളുണ്ട്. ചെരിഞ്ഞ് പടര്‍ന്നുനില്‍ക്കുന്ന മുളകളുടെ തലപ്പ് പ്രദേശത്ത് വലിയൊരു പച്ചപ്പന്തലാണ് തീര്‍ത്തിരിക്കുന്നത്.

കടുത്ത വേനലിലും മുളങ്കാടുകള്‍ക്കിടയില്‍ സുഖശീതളമായ അന്തരീക്ഷമാണ്. ഓക്‌സിജന്‍റെ കലവറകൂടിയാണ് ഈ മുളങ്കാടുകള്‍. വരന്തരപ്പിള്ളി പഞ്ചായത്തില്‍ മുപ്ലിയം-വെള്ളാരംപാടം റോഡിന്‍റെ അരികില്‍ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം തണല്‍ വിരിച്ചുനില്‍ക്കുന്ന മുളങ്കാടുകളാണ്.

സമീപത്ത് കുണുങ്ങിയൊഴുകുന്ന കുറുമാലി പുഴയുണ്ട്. തൊട്ടരികിലാണ്​ ചരിത്രസ്മാരകങ്ങളായ മുനിയറകളുള്ള മുനിയാട്ടുക്കുന്ന്. മുളങ്കാടുകള്‍ കാണാനും ഫോട്ടൊയെടുക്കാനും നിരവധിപേര്‍ എത്തുന്നുണ്ട്.

മുളങ്കൂട്ടങ്ങള്‍ തമ്മില്‍ പത്ത് അടിയിലധികം അകലമുണ്ട്. അതുകൊണ്ട് ഇവക്ക് ഇടയിലൂടെ യഥേഷ്​ടം നടക്കാം. മയില്‍, മാന്‍, മലയണ്ണാന്‍, മുയല്‍ എന്നിവയും സന്ദര്‍കര്‍ക്ക് ദൃശ്യവിരുന്നൊരുക്കും. പ്രാദേശിക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ കഴിയുന്ന വലിയ സാധ്യതകള്‍ ഇവിടെയുണ്ട്.

ദേശീയപാത പുതുക്കാട്ടുനിന്ന് പത്ത് കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്ക്. പുതുക്കാട്-മുപ്ലിയം റോഡിലൂടെയാണ് വരേണ്ടത്. വരന്തരപ്പിള്ളി കച്ചേരിക്കടവ് പാലം വഴിയും എത്താം.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.