തുലാം പിറന്നു. വടക്കൻ ദേശങ്ങളിൽ ഇനി പെരുംചെണ്ടയുടെ ആസുര താളത്തിനനുസരിച്ച് നൃത്തമാടുന്ന തെയ്യങ്ങൾ കാവുകളിലും ക്ഷേത്രങ്ങളിലും നിറഞ്ഞാടി തുടങ്ങുകയാണ്. ഇടവപ്പാതിയിൽ മുടിയഴിച്ച തെയ്യങ്ങൾ ഇനി ഗ്രാമജീവിതത്തിൽ കൂട്ടായ്മയുടെയും ആരവങ്ങളുടെയും സർഗസംഗീതം നിറയ്ക്കും. ഇനി സാധാരണക്കാരന്റെ സങ്കടങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമൊക്കെ പങ്കിടാൻ ദൈവം മണ്ണിലിറങ്ങുന്ന നാളുകളാണ്. രാവെളുക്കുവോളം ഇനി വടക്കേ മലബാർ ഉറങ്ങാതെ കഴിയുന്ന ആഘോഷനാളുകൾ. സങ്കടങ്ങളും പരിവേദനങ്ങളും നിറഞ്ഞ മനസുമായി ഇഷ്ടദൈവങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെയെത്തുന്ന ഭക്തജനങ്ങൾക്ക് വരരത്ന ഹസ്തങ്ങളിൽ കനക രത്നപ്പൊടി നൽകി എല്ലാത്തിനും ആശ്വാസം പകർന്ന് തെയ്യങ്ങൾ മൊഴി നൽകും, ഗുണം വരണമേ.... ദൈവസന്നിധിയിൽ നിന്ന് കേൾക്കുന്ന ഈ വാക്ക് തന്നെയാണ് ഓരോ ഭക്തന്റെയും മനസിന്റെ ആശ്വാസം.
ആൾപ്പൊക്കത്തിൽ ആളിയ തീ ആറിയണയുമ്പോൾ ഭക്തന്റെ മനസിലെ നീറ്റലും അണയും. ശലഭച്ചിറകുപോലെ ഇളകികൊണ്ടിരുന്ന ചിലമ്പണിഞ്ഞ കാൽ ഭക്തമാനസങ്ങളിൽ അനുഗ്രഹമായി എന്നും നൃത്തം ചെയ്യും. ഭക്തിയുടെ, വിശ്വാസത്തിന്റെ സമർപ്പണത്തിന്റെ കനൽച്ചൂടിലേക്കാണ് ഓരോ കളിയാട്ടക്കാവും ഇനി ഉണരുക. ഭക്തൻ വിളിക്കുന്നിടത്ത് എത്തും ഇടവപ്പാതിക്ക് ശേഷം കാവുകൾ ഉറങ്ങിയപ്പോൾ ഈ ദൈവമാത്രമായിരുന്നു നാടിന് കാവൽ.
മണ്ണിലിറങ്ങുന്ന ദൈവങ്ങൾ
ദൈവമായി ഉയിർത്ത് തോറ്റുപോയവന്റെ കണ്ണീരൊപ്പുകയാണ് തെയ്യമെന്ന ദൈവം. ഭക്തന്റെ കൈപിടിച്ച് ആശ്വാസവാക്ക് പറയുന്ന ദൈവം, മഞ്ഞൾക്കുറിയിൽ അനുഗ്രഹം ചൊരിയുമ്പോൾ ആധിവ്യാധികൾ പൊറുപ്പിക്കുന്ന ഭിഷഗ്വരനായും ഗൃഹസന്ദർശനങ്ങളിൽ അകന്നുപോയവരുടെ കരങ്ങൾ വീണ്ടും കോർത്തുപിടിച്ച് കുടുംബക്കാരണവരായ തൊണ്ടച്ചനായും ദേശത്തും കുടുംബത്തും ഉണ്ടാകുന്ന തർക്കങ്ങളിൽ അപ്പീൽ വേണ്ടാത്ത വിധി പറയുന്ന ന്യായാധിപനായും ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാൻ കഴിയുന്ന വിപ്ലവകാരിയായും അന്തിത്തിരിയുള്ള കാവിലെല്ലാം മനേല ചാലിച്ച്, ചായില്യം തേച്ച്, കോത്തിരി മിന്നിച്ച്, പള്ളിവാൾ പൊന്തിച്ച്, ഉടയോല ചാർത്തി തെയ്യങ്ങളുറയുന്നു.
ദീപം തെളിയുന്ന തുലാപ്പത്ത്
തുലപത്ത് പിറന്നാൽ കാവുകളും സ്ഥാനങ്ങളും അറകളും മുണ്ട്യകളും കഴകങ്ങളുമെല്ലാം ചൂട്ടുകറ്റകളുടെ ചുവന്ന വെളിച്ചത്തിലേക്ക് മുങ്ങിത്തുടങ്ങും. ഇടവപ്പാതിയോടെ അടച്ചകാവുകൾ തുറന്ന് വിളക്ക് തെളിച്ച് അടിയന്തിരം നടക്കുന്നത് അന്നാണ്. കോലധാരികൾ, ആചാരസ്ഥാനികർ എന്നിവർക്ക് കൊടിയിലയിൽ അവിലും മലരും ഇളനീരും പഴവും നൽകും. തുലാം പത്തു മുതലാണ് വടക്കേ മലബാറിൽ പൂർണ്ണ അർത്ഥത്തിൽ തെയ്യക്കാലം തുടങ്ങുന്നത്.
തെയ്യക്കോലത്തിലും സമ്മേളിക്കുന്നു. ആചാരനുഷ്ഠനങ്ങൾക്കപ്പുറം ഒരു ദേശത്തിന്റെ സംസ്‌ക്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. വലിയ മുടി, വട്ടമുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി തുടങ്ങിയവ മുരിക്ക്, കൂവൽ പോലുള്ള കനംകുറഞ്ഞ മരങ്ങൾകൊണ്ടാണ് രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, വെള്ളി, ഓട് എന്നിവകൊണ്ട് നിർമ്മിച്ച ചെറുമിന്നികൾ, ചന്ദ്രക്കലകൾ, മയിൽപ്പീലി, വ്യത്യസ്ത പൂക്കൾ, കുരുത്തോല എന്നിവയും മുടിനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. തെയ്യത്തിന്റെ ഓലച്ചമയങ്ങൾ കളിയാട്ടസ്ഥലങ്ങളിൽ ഓരോ തെയ്യമനുസരിച്ചാണ് നിർമിക്കുന്നത്. തെയ്യങ്ങളുടെ അരച്ചമയങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടിയുള്ള തെയ്യങ്ങൾക്ക് ചിറകുടുപ്പും രക്തചാമുണ്ഡി, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വെളുമ്പനും നാഗകന്യക, ക്ഷേത്രപാലൻ, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വിതാനത്തറ തുടങ്ങി വ്യത്യസ്ത ഉടുപ്പുകളാണ് തെയ്യം കലാകാരൻമാർ അതിസൂക്ഷ്മതയോടെ നെയ്‌തെടുക്കുക. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടങ്ങൾക്കും ക്ഷേത്രമുറ്റങ്ങൾ നേരത്തേ തന്നെ ഒരുങ്ങാൻ തുടങ്ങിയിരുന്നു.
ഇടവപ്പാതിയിൽ ഏകദേശം ജൂൺ 15 ഓടെ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെയാണ് കളിയാട്ടക്കാലം അവസാനിക്കുക. കലണ്ടറിലെ തീയതികൾ മാറുന്നതുനോക്കി പൂരക്കാലം വരുന്നത് കാത്തിരിക്കുന്ന തൃശൂരുക്കാരെ പോലെയാണ് ഉത്തരമലബാറുകാർക്ക് തെയ്യക്കാലം. ശൈശവ, ശാക്തേയ വൈഷ്ണവ ദേവതാസങ്കൽപ്പങ്ങളിലായി അഞ്ഞൂറിൽപ്പരം തെയ്യങ്ങൾ കെട്ടിയാടപ്പെടും. നൃത്തം, സംഗീതം, വാദ്യം, നാട്യം, ചിത്രകല, സാഹിത്യം, എന്നിവയുടെ സമഞ്ജ സമ്മേളനമാണ് തെയ്യാട്ടത്തിൽ നടക്കുന്നത്. തെയ്യം കുറിക്കൽ മുതൽ തിരുമുടി അഴിക്കൽ വരെ നിരവധി അനുഷ്ഠാനങ്ങളിലുടെയാണ് തെയ്യം പൂർണതയിലെത്തുന്നത്. കെട്ടിയാടപ്പെടുന്ന തെയ്യത്തിന്റെ പുരാവൃത്തം വിവരിക്കുന്ന തോറ്റം തെയ്യങ്ങളുടെ പ്രധാനഭാഗമാണ്. തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് മുഖത്തെഴുത്തും ആടയാഭരണങ്ങളും മുടിയും വെച്ച പൂർണ്ണരൂപത്തിലുള്ള തെയ്യത്തിന്റെ പുറപ്പാട്. തെയ്യം കെട്ടിയാടുന്ന ആളിനെ കോലധാരി അഥവാ കനലാടികൾ എന്നു വിളിക്കും. കോലധാരി കഠിനവ്രതം ഉൾപ്പെടെയുള്ള ചിട്ടകൾക്കനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുന്നു. വർഷങ്ങളുടെ കഠിന പരിശീലനവും സമർപ്പണവുമാണ് ഓരോ തെയ്യക്കാരനും ജന്മമേകുന്നത്. പിഴക്കാത്ത നിഷ്ഠയും വ്രതവുമായി ശരീരവും ആത്മാവിനെയും ഒരുപോലെ ശുദ്ധമാക്കിയാണ് തെയ്യക്കോലങ്ങളണിയുന്നത്. പ്രത്യേക സമുദായത്തിൽപ്പെട്ടവരാണ് ഓരോ തെയ്യങ്ങളും കെട്ടിയാടുന്നത്. നൂറ്റാണ്ടുകളായി ഈ വ്യവസ്ഥ ഇവർ പാലിച്ചു പോരുന്നു. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, പുലയ, വേലൻ, കോപ്പാളൻ, മാവിലൻ, ചിങ്കതാൻ തുടങ്ങി പതിനഞ്ചോളം സമുദായങ്ങൾക്ക് വിവിധ തെയ്യങ്ങൾ കെട്ടിയാടാനുള്ള അവകാശമുണ്ട്. തെയ്യാട്ടസ്ഥാനങ്ങൾ കാവ്, മുണ്ട്യാ കോട്ടങ്ങൾ, കൂലോം, മടപ്പുര, എന്നിങ്ങനെയാണ് മുടി, മുഖത്തെഴുത്ത്, മെയ്യെഴുത്ത്, അണിയില്ലങ്ങൾ എന്നിവയാണ് തെയ്യത്തിന്റെ ആഹാര്യ ഘടകങ്ങൾ. മുഖത്തെഴുത്തിന് വളരെ പ്രാധാന്യമുണ്ട്. പ്രാക്കെഴുത്ത്, വൈരിദളം, മാൻ കണ്ണെഴുത്ത്, തുടങ്ങി പതിമൂന്നോളം തരത്തിലുള്ള മുഖത്തെഴുത്ത് തെയ്യങ്ങൾക്ക് ഉപയോഗിക്കുന്നു. അരിചാന്ത്, മഞ്ഞൾ,മനയോല, ചായില്യം,കരി,തുടങ്ങിയവ ഇതിനായി ഉപയോഗിക്കുന്നു. സാമൂഹ്യമായ വിഭാഗീയതകൾക്കപ്പുറമാണ് തെയ്യത്തിന്റെ ഇടപെടലുകൾ എന്നതിന്റെ തെളിവാണ് ചില കാവുകളിൽ കെട്ടിയാടപ്പെടുന്ന മാപ്പിള തെയ്യങ്ങൾ. വടക്കേമലബാറിലെ ചില കാവുകളിൽ മുതലതെയ്യം,പോലീസ് തെയ്യം, തുടങ്ങീ വിവിധ തെയ്യങ്ങൾ കെട്ടിയാടുന്നു
kerala
SHARE THIS ARTICLE