All Categories

Uploaded at 2 years ago | Date: 17/12/2021 13:04:57

മിനിക്കഥ

 

  ക്ഷീണം മാറി....!!

 

ഡോ.ജോൺ ജോർജ്.ടി.

 

അയാൾ ആ ഓഫീസ് തപ്പി കുറേ അലഞ്ഞു. വളരെ പ്രധാന ഓഫീസാണ്.സുപ്രധാന കാര്യങ്ങൾ ചെയ്യുന്ന ഓഫീസ്. പക്ഷേ അവിടെ പുതുതായി തുടങ്ങിയ താണ്.അതുകൊണ്ട്, ""അയാൾ കഥ എഴുതുകയാണ്"" ലെ സാഗർ കോട്ടപ്പുറത്തിനെപ്പോലെ, ചോദിച്ചു ചോദിച്ചു പോയിട്ടും ആർക്കും അയാളെ സഹായിക്കാനായില്ല! വിസിറ്റിംഗ് കാർഡ് കാണിച്ചിട്ടും, അത് മുഴുവൻ കൂലങ്കഷമായി പഠിച്ചിട്ടൊടുവിൽ "അയ്യോ ചേട്ടാ, സോറി, അറിയില്ല" എന്നാണെല്ലാരും പറയുന്നത്! എന്തൊരു നാശമാണിത്! ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല! ശ്ശെ! മടുത്തു ഇട്ടിട്ടു പോകാനും കഴിയില്ല! ഇന്ന് തന്നെ അത്യാവശ്യ വർക് തീർക്കാനുമുണ്ട്!

  കുറേ അലഞ്ഞു. കാര്യം,ഭൈമി പറഞ്ഞിരുന്നു എവിടെ പോകാനും ഓട്ടോയോ  ടാക്സിയോ പിടിക്കണമെന്ന്. തലയാട്ടി സമ്മതിച്ചാണ് ഇറങ്ങിയത്! പക്ഷേ അയാളാരാ മോൻ?! ഓരോരൂപയും ചെലവാക്കും മുൻപ് 4 പ്രാവശ്യമെങ്കിലും ചിന്തിക്കും! (ചതുർചിന്തകൻ!!) അത് പോലെ തന്നെ ആർക്കെങ്കിലും നോട്ടുകൾ കൊടുക്കുമ്പോൾ 3   പ്രാവശ്യമെങ്കിലും തിരുമ്മി തിരുമ്മി നോക്കും!(ത്രിത്വപരിശോധകൻ!!)

   ഒടുവിൽ കണ്ട് പിടിച്ചൂ; കാര്യം നടത്തി. പക്ഷേ അപ്പോഴേക്കും അയാൾ തീരെ അവശനായിരുന്നു;പഴന്തുണി പോലെ ആയിപ്പോയിരുന്നു!

    കാര്യം നടന്നു ഏന്നതു മാത്രമാണേക ആശ്വാസം. അത്രക്കും തളർന്നു പോയിരുന്നു. ശരിക്കും കിതയ്ക്കുന്നു!! എന്നിട്ടും തിരിച്ചയാൾ മെട്രോ സ്റ്റേഷനിലേക്ക് നടന്നു... പണം ലാഭിക്കാൻ! കുറച്ചു കഴിഞ്ഞു അണപ്പ് സഹിക്കാൻ വയ്യാതെയായി; ചെറിയ നെഞ്ചുവേദനയും; ഒരടിവയ്ക്കാൻ വയ്യ! ദൈവമേ! വല്ല ഹാർട്ടും,?!! അയാൾ അടുത്ത് കണ്ട ബഞ്ചിൽ ഇരുന്നു. ആഹാ, നല്ല തണലും കാറ്റും...ഇപ്പൊ ശരിയാകും....

   അയാൾ ഉറങ്ങിപ്പോയി. ഒരു പ്രൈവറ്റ് ബസ്സിന്റെ തുടർച്ചയായ ഹോണടി കേട്ട് ഞെട്ടിയുണർന്നു!

  ഹാവൂ, ഇപ്പോൾ നല്ല സുഖം; ആശ്വാസം!! അയാൾ പതുക്കെ എഴുന്നേറ്റു. പിന്നീട് ആത്മഗതമായി പറഞ്ഞു,""പണം ലാഭമായി,; ക്ഷീണം മാറി; 

പക്ഷേ... പക്ഷേ... കാക്ക.....!!!""

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.