All Categories

Uploaded at 1 year ago | Date: 05/07/2022 11:36:25

ആദി കൈലാസ യാത്ര - 2

 

        *പിതോർഗഡിൽ*

 

"പർവ്വത നന്ദിനി പ്രിയ വദനാ 

ദേവാ മ മ പാപ ഹര തവ ശരണം കരുണാലയ കൈലാസ നിവാസ ശരണാഗത തവ പദ ശരണം "

 

ഞങ്ങളുടെ ഈ യാത്ര സംഘടിപ്പിച്ചത് ട്രിപ്പ് ടൂ ടെമ്പിൾ സു കുമയൂൺ , മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് എന്നിവർ ചേർന്നാണ്.  ഇതിൽ ഗവൺമെന്റിന്റെ ഗൈഡുകളാണ് നമ്മുടെ കൂടെ വരുന്നത്.

 

 ഞങ്ങളുടെ യാത്രയുടെ രണ്ടാം ഘട്ടം ഇവിടെ തുടങ്ങുന്നു. രാത്രി 8 മണിക്ക്  മകന്റെ വീട്ടിൽ നിന്നും ഞങ്ങൾ ഓൾഡ് ഡെൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി . ഒമ്പതരയ്ക്ക്  ട്രെയിനിൽ കയറി. ട്രെയിൻ സമയം പാലിച്ച് ഓടിത്തുടങ്ങി. കുറെ വിജനമായ സ്ഥലങ്ങളും തിരക്കുള്ള സ്ഥലങ്ങളുമൊക്കെ കടന്നു പോയ്ക്കൊണ്ടിരുന്നു. ഡൽഹിയിലെ ട്രെയിൻയാത്ര എനിക്കെന്തോ പേടിയാണ്. കുറെ കഴിഞ്ഞ് ഉറങ്ങിപ്പോയി. നാലര കഴിഞ്ഞപ്പോൾ ട്രെയിൻ കാത്തകോടം സ്റ്റേഷനിലെത്തി. ഞങ്ങൾ പുറത്തിറങ്ങി വന്നപ്പോഴേക്കും ചെറിയ കാറ്റും മഴയും തുടങ്ങി. ഞങ്ങൾക്കുള്ള ട്രാവലർ എത്തിയിട്ടില്ല. ട്രെയിൻ നേരത്തെ എത്തിയ താണ് കാരണം. കുറച്ചു കഴിഞ്ഞ് വണ്ടി വന്നു. ഞങ്ങളുടെ പേരുകൾ വിളിച്ചു. ഞങ്ങളെ കൂടാതെ ബോംബെയിൽ നിന്നും വന്നിട്ടുള്ള അഞ്ചു പേർ കൂടെ കയറി, നാല് സ്ത്രീകളായിരുന്നു. 

ഒരു മണിക്കൂർ യാത്ര ചെയ്താൽ ഞങ്ങൾക്ക് ഫ്രഷ് ആകാനുള്ള കുമയൂൺ മണ്ഡൽ റസ്റ്റ് ഹൗസിൽ എത്തും. 

ഞങ്ങൾ പഞ്ചാക്ഷരി മന്ത്ര പ് മൃത്യുഞയ മന്ത്രവും  ജപിച്ച് അതിൽ ലയിച്ചിരുന്നു. 

 

കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങൾ അവരുമായി അടുത്തു . ചേട്ടനും മനോജും നന്നായി ഹിന്ദി സംസാരിക്കും .കുറച്ചു സമയം കൊണ്ട് തന്നെ അവർ വളരെ നല്ല വരാണെന്ന് മനസ്സിലായി. 

 വണ്ടി ആദ്യത്തെ ഗസ്റ്റ് ഹൗസിൽ എത്തി ഞങ്ങൾക്ക് റൂമുകൾ തന്നു . കുളിച്ച് ഫ്രഷ് ആയി  താഴെക്ക് വരാൻ പറഞ്ഞു. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരെയും കുങ്കുമം അരി ചന്ദനം ചാർത്തിയും കൈലാസനാഥന് ജയ് വിളിച്ചും ഞങ്ങളെ വണ്ടിയിൽ കയറ്റി യാത്രയയച്ചു. മൂന്ന് ട്രാവലറുകളിലാണ് ഞങ്ങളുടെ യാത്ര . കൽക്കട്ട,ബോംബെ, തമിഴ്നാട് ,ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുളളവരും കേരളത്തിലെ ഞങ്ങൾ മൂന്നു പേരും ചേർന്നതാണ് ഞങ്ങളുടെ യാത്രാ സംഘം. 

 

 മൂന്ന് ട്രാവലറുകളിലായി ആദി കൈലാസം എന്ന ആ ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങി.  പ്രകൃതി ഭംഗി എത്ര ആസ്വദിച്ചാലും മതിവരില്ല. പ്രഭാതത്തിലെ സൂര്യ കിരണങ്ങളുടെ പ്രഭയാൽ വെട്ടിത്തിളങ്ങുന്ന മലകൾ. വൃക്ഷങ്ങളിലെ പച്ചപ്പിൽ മഴത്തുള്ളികൾ ഇറ്റ് വീണതിൽ സൂര്യപ്രകാശം പതിച്ചപ്പോൾ നക്ഷത്രങ്ങളെല്ലാം താഴേക്കിറങ്ങി വന്നു എന്ന് തോന്നുന്ന കാഴ്ച . കണ്ണുകൾക്ക് എന്തൊരു ഇമ്പമുള്ള കാഴ്ച . പ്രകൃതീ , അമ്മേ നിന്റെ മടിത്തട്ടിലൂടെ ഞങ്ങളിതാ പോകുന്നു. ഞങ്ങളെ കാക്കണേ - മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു.

 

 കൂടുതലും മല ഇടിയുന്ന സ്ഥലങ്ങൾ ആണെന്നും വണ്ടി സ്പീഡിൽ ഓടിക്കണം എന്നും ഡ്രൈവർ പറഞ്ഞു.    അൽമോറ വഴി പോകുമ്പോഴാണ് ഗോലു ബാബാ ക്ഷേത്രം.   ക്ഷേത്രത്തിൽ കയറി. ഇവിടത്തെ പ്രത്യേകത, മനസ്സിൽ എന്തു വിചാരിച്ചു നമ്മൾ മണി കെട്ടുമോ , അത് നടക്കുമെന്നാണ്. ക്ഷേത്രകവാടം മുതൽ മണികൾ ആണ് .  ആ വിശ്വാസത്തിൽ ഞങ്ങളും മണികൾ വാങ്ങി ക്ഷേത്രത്തിനകത്തേക്ക് പോയി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും ഞങ്ങളെ വേറെ വഴിയിൽ കൂടി കൊണ്ടുപോയി അകത്തുകയററി .  പ്രാർത്ഥിച്ച് പൂജാരി മണി നമ്മുടെ കയ്യിൽ തരും . അത് പുറത്തിറങ്ങി പ്രാർത്ഥനയോടെ കെട്ടണം. അങ്ങനെ എല്ലാവരും മണി കെട്ടി പ്രാർത്ഥിച്ചു പുറത്തിറങ്ങി. വീണ്ടും യാത്ര തുടർന്നു . ഹിമാലയ യാത്ര എപ്പോഴും ഭയാനകം തന്നെയാണ്. ഉച്ചയായപ്പോഴേക്കും വണ്ടി ജാഗേശ്വർ ജ്യോതിർ ലിംഗ ക്ഷേത്രത്തിലെത്തി. പുരാതനമായ ക്ഷേത്രം , ശിവ സാന്നിധ്യം തുളുമ്പി നിൽക്കുന്നു. ശങ്കരാചാര്യർ കൈലാസയാത്ര പോകുംവഴി ഇവിടെ വന്ന് ഇവിടത്തെ പൂജാവിധികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആ അന്തരീക്ഷത്തിൽ കുറച്ചുസമയം ഇരിക്കാൻ ഭാഗ്യം ലഭിച്ചതും എത്രയോ മഹത്തരം . വൻ വൃക്ഷമായി ദേവദാരു അതിന്റെ ഉള്ളിൽ വിലസി നിൽക്കുന്നു. പ്രകൃതി രമണീയതയുടെ മനോഹാരിത. ഗൈഡ്മാർ തിരക്കു പിടിക്കുന്നു , കാരണം ഇവിടെ നിന്ന് ആറു മണിക്കൂർ സഞ്ചരിച്ചാലാണ് പിതോർഗഡ് എത്തുക. അവിടെയാണ് രാത്രി സ്റ്റേ . 

ഉച്ചഭക്ഷണം ഇവിടത്തെ തന്നെ റസ്റ്റ് ഹൗസിൽ കഴിച്ചു വീണ്ടും യാത്ര തുടർന്നു... ഈ സമയം കൊണ്ട് തന്നെ ബോംബെ കാരുമായി ഞങ്ങൾ  വളരെയധികം അടുപ്പത്തിലായി. സുനിത,സുനൈന ,സബിത. രഞ്ജിനി. കിരൺ ബായി.. ചേട്ടനും മനോജും ഇവരെല്ലാവരും കൂടി ഹിന്ദി സംസാരിക്കുമ്പോൾ ഞാൻ വെറുതെ ഇരുന്നു ചിരിക്കും. ആ ട്രാവലർ ഞങ്ങളുടെ വീട് ആയി മാറി. ഭക്ഷണസാധനങ്ങൾ പങ്കുവെച്ചും തമാശ പറഞ്ഞു പ്രകൃതിയോട് ഇണങ്ങിയും ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു. അവരും നല്ല ഭക്തി ഉള്ളവരാണ്. പ്രകൃതിയെ കുറിച്ച് അവർ പാടും. അങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ  ഞങ്ങളുടെ ഒരു വണ്ടി കേടായി. ദുർഘടമായ വഴി ആണല്ലോ . ആ വണ്ടിയിൽ ഉള്ളവരെ രണ്ടുപേരെ വെച്ച് മറ്റു വണ്ടികളിൽ കയററി യാത്ര തുടർന്നു.  വണ്ടി ഓടിക്കലും നമ്മെ ഭയത്തിന്റെ മുൾമുനയിൽ നിർത്തും. വളവും തിരിവും ഉള്ളിടത്തൊന്നും  ഹോൺ അടിക്കില്ല. നമ്മൾ നിരന്തര നാമ സ്മരണയിൽ ഇരിക്കുക അതുമാത്രമാണ് നമ്മുടെ രക്ഷ.  കൂടെയുള്ളവരും നാമജപത്തിന് താല്പര്യമുള്ളവർ ആയതുകൊണ്ട് എനിക്ക് സന്തോഷമായി. അങ്ങനെ ഞങ്ങൾ രാത്രി ഒമ്പതു മണിയായപ്പോൾ പിതോർഗഡ് എത്തി.  ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ അവിടത്തെ ഡാൻസ് ചെയ്യുന്ന പിള്ളേരാണ് ഞങ്ങളെ സ്വീകരിച്ചത്.  അതിഥികളെ സ്വീകരിക്കേണ്ട എല്ലാ മര്യാദകളും നമ്മോട് കാണിക്കും. അവിടുത്തെ മലകളിൽ ഉണ്ടാകുന്ന ഫ്രൂട്സ് ജ്യൂസ് തന്നു .

 

 സ്വീകരണം  കഴിഞ്ഞ് അകത്തു കയറിയപ്പോൾ ചൂടുള്ള ഓരോ കപ്പ് സൂപ്പ് .  മുറിയുടെ താക്കോൽ വാങ്ങി എല്ലാവരും മുറിയിലേക്ക് പോയി. യാത്രയുടെ ക്ഷീണം കൊണ്ട് ഒന്നു കിടന്നു. പിന്നെ നല്ല ചൂടുവെള്ളത്തിൽ കുളിച്ച് താഴെ മീറ്റിംഗിൽ പങ്കെടുത്തു. ആദി കൈലാസത്തെ കുറിച്ചുള്ള വിവരണങ്ങൾ എല്ലാം തന്നു . അതുകഴിഞ്ഞ് ഡിന്നർ കഴിഞ്ഞ് രാവിലെ അഞ്ച് മണിക്കുള്ള യോഗയിൽ പങ്കെടുക്കാൻ പറഞ്ഞു. കുറച്ചു സമയം സംസാരിച്ചിരുന്ന് എല്ലാവരും പിരിഞ്ഞു.  ഭയങ്ങളെല്ലാം മാറ്റി വെച്ച് സുഖമായി ഉറങ്ങി.

 

 ജൂൺ 21 ചൊവ്വാഴ്ച.. പിതോർഗഡ്ലെ പുലരി . അഞ്ചു മണിക്ക് തന്നെ നല്ല വെളിച്ചമായി. അവിടെത്തന്നെ ഒരു ക്ഷേത്രം മുകളിലേക്കു കയറുമ്പോൾ ഉണ്ട് .  തണുപ്പിൽ പൊതിഞ്ഞ സുഖമുള്ള സൂര്യ കിരണങ്ങൾ. ഒരു കപ്പു ചായകുടിച്ച് ക്ഷേത്രത്തിൽ പോയി തൊഴുതു. 

 ക്ഷേത്രസന്നിധിയിൽ  നിന്ന് ഇറങ്ങുമ്പോൾ ധീര ജവാന്മാരുടെ മണ്ഡപങ്ങൾ . ഇറങ്ങി വരുന്ന വഴിയിൽ ദേവതാരു വൃക്ഷങ്ങളും കാറ്റാടി മരങ്ങളും . ഈറനണിഞ്ഞ മലകൾ .  ധ്യാനിച്ച് ഇരിക്കാൻ പറ്റിയ സ്ഥലം.. 

ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരെയും വിളിച്ചു കൂട്ടി വൃക്ഷത്തൈകൾ തന്നു . ആദികൈലാസയാത്ര പോകുന്നവർ ആ  തൈകൾ അവിടെ നട്ടു പ്രകൃതി മാതാവിനെ വന്ദിക്കണം.  എത്ര നല്ല ആചാരങ്ങൾ . നമ്മൾ നടുന്ന ആ വൃക്ഷം വളർന്നു പന്തലിച്ച ഫലങ്ങൾ നൽകി പ്രകൃതിയുടെ ഭാഗമാകുന്നു. 

 

 പ്രകൃതി മാതാവിന്റെ ക്ഷേത്രവുമുണ്ട്. അമ്മയോട് പ്രാർത്ഥിച്ചു , അമ്മേ ഞങ്ങളുടെ ഈ യാത്രയിൽ ഉടനീളം ഞങ്ങൾക്കു തുണയാകണേ . പിന്നെ താഴെ വന്നു ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഞങ്ങളെ കുമയൂൺ മണ്ഡൽ റസ്റ്റ് ഹൗസിൽ നിന്ന് യാത്രയാക്കി.

 

(ഷാനി നവജി )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.