All Categories

Uploaded at 1 year ago | Date: 09/08/2022 18:35:43

കൊച്ചി: ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ ദേശീയ പാതയില്‍ കുഴിയടയ്ക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, കുഴിയടയ്ക്കല്‍ പേരിന് മാത്രമെന്നാണ് വ്യക്തമാകുന്നത്. റോഡ് റോളർ ഉപയോഗിക്കാതെയാണ് കുഴിയടയ്ക്കല്‍. ടാറും മെറ്റലും കുഴിയിൽ നിറയ്ക്കാൻ ഇരുമ്പ് ദണ്ഡ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അങ്കമാലി-മണ്ണൂത്തി ദേശീയപാതയിലാണ് കുഴിയടയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പായ്ക്കറ്റിലാക്കിയ ടാര്‍ മിശ്രിതം കുഴികളില്‍ നിറച്ച് കൈക്കോട്ടും ഇരുമ്പ് ദണ്ഡും മാത്രമുപയോഗിച്ച് നിരത്തുക മാത്രമാണ് ചെയ്യുന്നത്.  തൊഴിലാളികളാണ് ജോലിക്കായി എത്തിയിരിക്കുന്നത്. കരാര്‍ കമ്പനി ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇവര്‍ക്കൊപ്പമില്ല. ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കലക്ടർമാർ പരിശോധിക്കണം. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റേതാണ് നിര്‍ദ്ദേശം. കുഴിയടയ്ക്കൽ ശരിയായ വിധത്തിലാണോയെന്ന് കലക്ടർമാർ ഉറപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരാഴ്ചക്കുളളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താൻ കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ദേശിയ പാതയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളിൽ പൂർത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കലക്ടർമാർ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിർദേശിച്ച  കോടതി  മനുഷ്യ നിർമിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളിൽ നടക്കുന്നതെന്നും  കുറ്റപ്പെടുത്തിയിരുന്നു. നെടുമ്പാശേരിയിൽ ദേശീയ പാതയിലെ കുഴിയിൽവീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കടുത്ത വിമർശനം. റോഡ് മോശമായതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ ജില്ലാ കലക്ടർമാർ എന്ത് നടപടിയെടുത്തു. ആളുകളെ ഇങ്ങനെ മരിക്കാൻ വിടാൻ കഴിയില്ല. മരിച്ചുകഴിഞ്ഞിട്ടാണോ ഇവർ നടപടിയെടുക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും. സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥർ വെറും കാഴ്ചക്കാരായി മാറരുത്. മനുഷ്യ നിർമിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളിൽ നടക്കുന്നത് എന്നും കോടതി.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.