All Categories

Uploaded at 1 year ago | Date: 06/08/2022 18:41:50

വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ബോധവത്കരണ - പ്രചാരണ പരിപാടികളുടെ ജില്ല തല ഉദ്ഘാടനം കുഴുപ്പിളളിയിൽ നടത്താൻ കളക്‌ടറേറ്റിൽ വിളിച്ചുചേർത്ത കൂടിയാലോചന സമിതിയോഗത്തിൽ തീരുമാനിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇതോടനുബന്ധിച്ച ആദ്യ പരിപാടിയായ തീരനടത്തം ഈ മാസം 16നു വൈകുന്നേരം നാലിന് കുഴുപ്പിള്ളി ബീച്ചിൽ നടക്കും. തീരനടത്തിനുശേഷം കലാപ്രകടനങ്ങൾക്ക് അവസരമുണ്ടാകും. കല, കായികം,സിനിമ, സാംസ്‌കാരികം ഉൾപ്പെടെ വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ പതിനായിരം പേർ അണിചേരുമെന്നും വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

19ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. 
ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, മത്സ്യ തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഗ്രന്ഥശാല സംഘം, വിവിധ സന്നദ്ധ - സാമൂഹിക - രാഷ്ട്രീയ  സംഘടനകൾ തുടങ്ങിയവരെ പദ്ധതിയുടെ ഭാഗമാക്കും. മെഴുകുതിരി നടത്തം, ബോധവൽക്കരണ ക്ലാസുകൾ, പ്ലക്കാർഡ് ജാഥ തുടങ്ങി പദ്ധതിയുടെ വിജയത്തിനായി വിവിധ മാർഗങ്ങൾ സ്വീകരിക്കാൻ  യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ 135 ഗ്രാമപഞ്ചായത്തു വാർഡുകളിലെയും ജനപ്രതിനിധികളുടെ യോഗം പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തണം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് മേഖലയിലുമുള്ളവരുടെ പ്രത്യേക യോഗങ്ങളും ചേരണം.

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ശുചിത്വസാഗരം സുന്ദരതീരം എന്ന ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബർ 18 ന് സംസ്ഥാന വ്യാപകമായി ജനകീയ പങ്കാളിത്തത്തോടെ കടലും തീരവും പ്ലാസ്റ്റിക് നീക്കി വൃത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യും. 

കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി  സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി, ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ കെ ഉഷ ബിന്ദു മോൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ് ജയശ്രീ, ജൂനിയർ സൂപ്രണ്ട് പി  സന്ദീപ് തുടങ്ങിയവരും വിവിധമേഖലകളിലെ ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു.

ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ബോധവത്കരണ - പ്രചാരണ പരിപാടികൾ സംബന്ധിച്ച കൂടിയാലോചന സമിതിയോഗം കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കെ ഉഷ ബിന്ദു മോൾ, എസ് ജയശ്രീ, ഉല്ലാസ് തോമസ്,  പി സന്ദീപ്, തുളസി  സോമൻ, ട്രീസ മാനുവൽ, അഡ്വ. എം ബി ഷൈനി സമീപം.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.