All Categories

Uploaded at 2 years ago | Date: 08/01/2022 23:12:13

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കാലുവാരിയവർക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി കെപിസിസി അച്ചടക്കസമിതി. തിരഞ്ഞെടുപ്പ് തോൽവി പഠിച്ച അഞ്ചു മേഖലാ സമിതികളുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്കസമിതി നടപടിയെടുക്കുക. കെപിസിസി നേതൃത്വം അച്ചടക്ക സമിതിക്ക് റിപ്പോർട്ടുകൾ കൈമാറി.

 

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളുടെ തോൽവിക്കായി പരസ്യമായും രഹസ്യമായും കച്ചകെട്ടി ഇറങ്ങിയവർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതിയോട് കെ.സുധാകരൻ ഈ വികാരം പങ്കുവച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തോൽവി പഠിച്ച അഞ്ചു മേഖലാ സമിതികളുടെ റിപ്പോർട്ടുകൾ പരിശോധിക്കുകയാണ് അച്ചടക്കസമിതി. 

ആരോപണ വിധേയർക്ക് നോട്ടിസ് അയച്ച് നിലപാട് കേട്ട് തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസിന്റെ യുവ സ്ഥാനാർഥികളെ തോൽപ്പിക്കാൻ മുൻ എംഎൽഎമാരായ മുതിർന്ന നേതാക്കൾ ചരടുവലിച്ചെന്ന് മേഖലാ സമിതികളുടെ റിപ്പോർട്ടിലുണ്ട്. സ്ഥാനാർഥി മോഹികളായ കെപിസിസി ഭാരവാഹികളും തോൽപ്പിക്കാനിറങ്ങി. 

ഇവർക്കെതിരെ കടുത്ത നടപടി വേണമെന്നും ശുപാർശ ചെയ്തിരുന്നു. എന്നാൽ, ചിലർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചത് ഒഴിച്ചാൽ കാര്യമായ നടപടികളിലേക്ക് കെപിസിസി കടന്നിരുന്നില്ല. കുറ്റക്കാർക്കെതിരെ ചെയ്ത കുറ്റത്തിന് അനുസരിച്ച് താക്കീത് മുതൽ പുറത്താക്കൽ വരെയുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ, സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി ഗ്രൂപ്പ് നേതാക്കൾക്കെതിരെ നേതൃത്വം എടുത്ത നടപടികളും അച്ചടക്ക സമിതി പരിശോധിക്കും. നടപടിക്ക് വിധേയമാർക്ക് ആക്ഷേപമുണ്ടെങ്കിൽ നേരിട്ട് അച്ചടക്ക സമിതിയെ സമീപിക്കാമെന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.