All Categories

Uploaded at 1 year ago | Date: 23/09/2022 16:22:32

ദില്ലി: അധ്യക്ഷ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ മോശം പരാമർശങ്ങൾക്ക് കോൺഗ്രസ് വിലക്ക് പ്രഖ്യാപിച്ചു. ശശി തരൂരിനെതിരെ പാർട്ടി വക്താവ് ഗൗരവ് വല്ലഭ് പരസ്യമായി വിമർശനമുന്നയിച്ചതാണ് ഹൈക്കമാൻഡ് ഇടപെടാൻ കാരണം. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിപ്പ് നൽകി. പാർട്ടി വക്താക്കൾക്കും, ഭാരവാഹികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശശി തരൂരിനെതിരെ പരസ്യമായി രൂക്ഷ വിമർശനമാണ് പാർട്ടി വക്താവ് ഗൗരവ് വല്ലഭ് നടത്തിയത്. പാ‍ർട്ടിക്ക് വേണ്ടി തരൂ‍ർ എന്ത് ചെയ്തിട്ടുണ്ടെന്ന് ചോദിച്ച ഗൗരവ് വല്ലഭ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്‍റെ കഴി‍ഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഗാന്ധി കുടംബത്തോടത്തു നില്‍ക്കുന്ന നേതാവാണ് ഗൗരവ് വല്ലഭ്.അതേസമയം ശശിതരൂര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഗ്രൂപ്പ് 23 വ്യക്തമാക്കിയത്. മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കിയത്. കൂട്ടായി ആലോചിച്ചുള്ള തീരുമാനമല്ല തരൂരിന്‍റേതെന്നാണ് നേതാക്കളുടെ പ്രതികരണം.അതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇരട്ട പദവി വഹിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയതോടെ ഇന്നലെ തന്നെ മുഖ്യമന്ത്രി പദം ഒഴി‍ഞ്ഞേക്കുമെന്ന സൂചന ഗലോട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍  സമ്മതം അറിയിച്ചിരുന്നു. തനിക്ക് ശേഷം മുഖ്യമന്ത്രിയാരെന്ന ചർച്ചക്ക് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാമെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലാത്ത സാഹചര്യത്തില്‍ ഉടന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് അശോക് ഗലോട്ട് വ്യക്തമാക്കിയത്. അതേസമയം സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ ഗാന്ധി കുടുംബത്തിന് എതിര്‍പ്പില്ലെന്നതാണ് മറ്റൊരു കാര്യം. സ്പീക്കര്‍ സി പി ജോഷിയുടെ പേര്  നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഗലോട്ടിനെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാകും ശ്രമം. പഞ്ചാബില്‍ അമരീന്ദര്‍സിംഗിനെ മാറ്റി ചരണ്‍ ജിത് സിംഗ് ചന്നിയെ നിയോഗിച്ചതിന്‍റെ  അനുഭവം മുന്നിലുള്ളപ്പോള്‍ കരുതലോടെയാകും നീക്കം. ഗലോട്ടിനൊപ്പം നില്‍ക്കുന്ന ബി എസ് പിയില്‍ നിന്നെത്തിയ ആറ് എം എൽ എമാര്‍ സച്ചിന്‍ പൈലറ്റിനെ  പിന്തുണക്കാമെന്ന പ്രഖ്യാപനം നല്ല നീക്കമായി ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.


INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.