GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

ചെറായിയില്‍ ഉത്സവമായി ഗജപൂജയും ആനയൂട്ടും


വൈപ്പിന്‍: ചമയങ്ങളും വാദ്യമേളങ്ങളുമില്ലാതെ കുളിച്ച്‌ സുന്ദരനായി ഹാരമണിഞ്ഞ 21 ഗജവീരന്‍മാരെ അണിനിരത്തി നടത്തിയ ഗജപൂജയും ആനയൂട്ടും എറണാകുളം ജില്ലയിലെ ചെറായിയില്‍ ഉത്സവപ്രതീതിയുണര്‍ത്തി. കേരളത്തിലെ തലയെടുപ്പുള്ള പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, മധുരപ്പുറം കണ്ണന്‍ തുടങ്ങിയ 21 ഗജവീരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആനയൂട്ടിന്‌ മലയാളപഴനിയായ ചെറായി ഗൗരീശ്വരക്ഷേത്രം സാക്ഷിയായി. ഒപ്പം ആയിരക്കണക്കിന്‌ ആനപ്രേമികളും. നിരനിരയായി കരിവീരന്‍മാര്‍ അണിനിരന്ന കാഴ്‌ച കാണികള്‍ക്ക്‌ ഹരം പകര്‍ന്നു. ചെറായിയില്‍ രൂപം കൊണ്ട ആനപ്രേമികളുടെ കൂട്ടായ്‌മയായ ഗജസേന ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇത്‌ രണ്ടാം തവണയാണ്‌ ഇന്നലെ രാവിലെ ഗജവീരന്‍മാരുടെ സംഗമം നടന്നത്‌. സാധാരണ ചെറായി പൂരത്തിലെ തിടമ്പ്‌ മത്സരത്തിന്റെ ജനബാഹുല്യമാണ്‌ ഇന്നലെ ശ്രീ ഗൗരീശ്വര ക്ഷേത്ര സന്നിദ്ധിയില്‍ അനുഭവപ്പെട്ടത്‌. രാവിലെ ക്ഷേത്രംമേല്‍ശാന്തി എം.ജി. രാമചന്ദ്രന്റെ മുഖ്യകാര്‍മികത്വത്തില്‍ 108 നാളികേരത്തിന്റെ മഹാഗണപതിഹോമത്തോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കംകുറിച്ചത്‌. ഗണപതിഹോമത്തിനുശേഷം ക്ഷേത്രമൈതാനിയുടെ വടക്കുഭാഗത്ത്‌ നിരനിരയായി നിന്ന ഗജവീരന്‍മാരില്‍ ഒരോരുത്തരെ ചെറിയ വിവരണത്തോടെ പ്രത്യേകം സജ്‌ജമാക്കിയ ആനയൂട്ട്‌ വേദിയിലേക്ക്‌ ആനയിച്ചത്‌. തുടര്‍ന്ന്‌ മേല്‍ശാന്തി ഗജപൂജ നടത്തി. കരിമ്പും ചോറും, കണിവെള്ളരിയും പൈനാപ്പിളും തണ്ണിമത്തനും പഴവും മറ്റും ഒരോ ഗജവീരന്റെയും മുന്നില്‍ പ്രത്യേകം പാത്രത്തില്‍വച്ചാണ്‌ ആനയൂട്ട്‌ നടത്തിയത്‌. ജില്ലയില്‍ ആദ്യമായാണ്‌ ഇത്രയും ഗജവീരന്‍മാരെ അണിനിരത്തിയുള്ള ആനയൂട്ട്‌ നടക്കുന്നത്‌. കൂടുതല്‍ ഗജവീരന്‍മാരെ പങ്കെടുപ്പിക്കുന്ന ചെറായി പൂരത്തിലൂടെ കീര്‍ത്തികേട്ട, ശ്രീനാരായണ ഗുരുവിന്റെ പാദസ്‌പര്‍ശമേറ്റ ചെറായി ശ്രീ ഗൗരീശ്വരക്ഷേത്ര മൈതാനി ഇതോടെ ആനപ്രേമികളുടെ സംഗമവേദികൂടിയായി. പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, ഭാരത്‌ വിനോദ്‌, മധുരപുറം കണ്ണന്‍, വലിയപുരയ്‌ക്കല്‍ സൂര്യന്‍, ചെറായി ശ്രീപരമേശ്വരന്‍, പാലാ കുട്ടിശങ്കരന്‍, തോട്ടയ്‌ക്കാട്ട്‌ കണ്ണന്‍, തോട്ടയ്‌ക്കാട്ട്‌ രാജശേഖരന്‍, തൊടുപുഴ ഗണേശന്‍, പുല്ലുറ്റ്‌ ഉണ്ണികൃഷ്‌ണന്‍, അക്കിക്കാവ്‌ കാര്‍ത്തികേയന്‍, കെ.ആര്‍.ശിവപ്രസാദ്‌, വാര്യത്ത്‌ ജയരാജ്‌, കൊളക്കാടന്‍ കുട്ടികൃഷ്‌ണന്‍, പാലാ ഉണ്ണികുട്ടന്‍, കുളമാക്കല്‍ ജയകൃഷ്‌ണന്‍, ചൂരൂര്‍ മഠം രാജശേഖരന്‍, കുമ്പളം മണികണ്‌ഠന്‍ എന്നീ ഗജവീരന്‍മാരും തോട്ടയ്‌ക്കാട്ട്‌ മീന, പെരുന്ന വള്ളി തുടങ്ങി രണ്ടു പിടിയാനകളുമാണ്‌ അണിനിരന്നത്‌. ഗജസേന ആനപ്രേമി സംഘം പ്രസിഡന്റ്‌ പ്രശോഭ്‌ മോഹന്‍, സംഘം സെക്രട്ടറി ഭജേഷ്‌ ഭരതന്‍ ട്രഷറര്‍ വി.വി. മനൂ എന്നിവരും വി.വി.സഭ പ്രസിഡന്റ്‌ ഇ.കെ ഭാഗ്യനാഥന്‍, സെക്രട്ടറി മുരുകാനന്ദന്‍, ട്രഷറര്‍ സുധീഷ്‌ കുളങ്ങര, ദേവസ്വം മാനേജര്‍ ഗോപി പനക്കല്‍ എന്നിവരും ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ആനയൂട്ട്‌ നടന്ന ചെറായി ഗൗരീശ്വരക്ഷേത്രം ഉള്‍പ്പെടെ ഏഴ്‌ കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടുകോടി രൂപയ്‌ക്ക് ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എലിഫെന്റ്‌ സ്‌ക്വാഡും ആബുലന്‍സും വൈദ്യസഹായവും മയക്കുവെടി വിദഗ്‌ധന്‍ ഡോ.ഗിരീഷും സ്‌ഥലത്തുണ്ടായിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം കഴിഞ്ഞാല്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിച്ച്‌ ആനയൂട്ട്‌ നടത്തുന്നത്‌ ഇവിടെയാണ്‌ . ഗജവീരന്‍മാരുടെ സംഗമവും ആനയൂട്ടും കാണാന്‍ നാനാദിക്കില്‍നിന്നു ആയിരക്കണക്കിന്‌ ആനപ്രേമികളാണ്‌ രാവിലെ മുതല്‍ ചെറായിയിലേക്ക്‌ ഒഴുകിയത്‌. വൈപ്പിന്‍ -പള്ളിപ്പുറം സംസ്‌ഥാനപാതയിലെ ഗതാഗതകുരുക്ക്‌ ഒഴിവാക്കാന്‍ മുനമ്പം എസ്‌.ഐ. ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ്‌ നന്നേ പാടുപെട്ടു. രാവിലെ എട്ടിന്‌ ആരംഭിച്ച ചടങ്ങ്‌ 11 മണിയോടെഅവസാനിച്ചു. എങ്കിലും ആനകള്‍ മൈതാനം വിട്ട്‌ പോകും വരെ ആനക്കമ്പക്കാര്‍ കാത്തുനിന്നിരുന്ന കാഴ്‌ച കാണാമായിരുന്നു. ആനപ്രേമി കൂടിയായ വി.ഡി. സതീശന്‍ എം.എല്‍.എ ആനയൂട്ട്‌ ചടങ്ങില്‍ പങ്കെടുത്തിരുന്നു.