All Categories

Uploaded at 1 year ago | Date: 24/09/2022 18:15:22

പുലിയും കടുവയും ആനയും ഒക്കെ കാടുവിട്ട് നാട്ടില്‍ ഇറങ്ങി സ്വൈര്യ വിഹാരം നടത്തുന്നതിന്റെ നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇവയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്കിതാ ഏറെ  വേദനാജനകമായ മറ്റൊരു വാര്‍ത്ത കൂടി. ആറു വയസ്സുകാരനായ കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചു കൊന്നതിന്റെ വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി താലുക്കിലെ ധനിസ്യേദന്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ധനിസ്യേദന്‍ ഗ്രാമത്തിലെ ആറു വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയെയാണ് പുള്ളിപ്പുലി ആക്രമിച്ചു കൊന്നത്. വ്യാഴാഴ്ച വൈകിട്ട് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു സയ്യിദ് അലി ഹുസൈന്‍ എന്ന കുട്ടി. പെട്ടെന്നാണ് പുള്ളിപ്പുലി അവിടെ പ്രത്യക്ഷപ്പെട്ടത്. ഞൊടിയിടയ്ക്കുള്ളില്‍ പുലി കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ കാട്ടിലേക്ക് മറഞ്ഞു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കോ എന്തെങ്കിലും ചെയ്യാന്‍ ആകുന്നതിനു മുന്‍പേ പുലി കുട്ടിയുമായി കാട്ടിലേക്ക് മറഞ്ഞിരുന്നു.ഉടന്‍തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കാട്ടിനുള്ളില്‍ നിന്നും കുട്ടിയുടെ ശരീരം കിട്ടി . ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സമാനമായ രീതിയില്‍ ഒരു പെണ്‍കുട്ടിയും ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വീട്ടുകാര്‍ നോക്കിനില്‍ക്കെയാണ് പെണ്‍കുട്ടിയുമായി പുലി കാട്ടിലേക്ക് മറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ കുട്ടിയുടെ ശരീരം കാട്ടിനുള്ളില്‍ നിന്നും കിട്ടി.പ്രദേശത്ത് കുറച്ചുകാലമായി പുള്ളിപ്പുലിയുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. ജൂലായില്‍ ഉറിയില്‍ ഒരു മാസത്തിനിടെ മൂന്ന് കുട്ടികളെ കൊന്ന നരഭോജി പുള്ളിപ്പുലിയെ അധികൃതര്‍ വെടിവച്ചു കൊന്നിരുന്നു.കശ്മീരില്‍ മനുഷ്യ-മൃഗ സംഘര്‍ഷങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്.  2006 മുതല്‍ 2022 വരെ മൃഗങ്ങളുടെ ആക്രമണത്തില്‍ 234 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,918 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.