All Categories

Uploaded at 1 year ago | Date: 19/04/2022 22:53:21

വൈപ്പിൻ: പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മെയ് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. സൈക്ലോൺ ഷെൽട്ടറിന്റെ അവസാനവട്ട ഒരുക്കങ്ങൾ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് വിലയിരുത്തി.

 പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ  എല്ലാവിധ അനുബന്ധ സജ്ജീകരണങ്ങളോടെയും ഒരുക്കിയ സൈക്ലോൺ ഷെൽട്ടറിൽ മുന്നൂറിലേറെപ്പേർക്ക് അഭയം നൽകാൻ സൗകര്യമുണ്ട്. പള്ളിപ്പുറം വില്ലേജിൻ്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിൽ അഞ്ച് കോടി 17 ലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് നില കെട്ടിടം നിർമ്മിച്ചത്. ഓരോ നിലയിലും ഹാൾ, ശുചിമുറി, സിക്ക് റൂം എന്നിവയുണ്ട്. താഴത്തെ നിലയിൽ അടുക്കള, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവയും. കൂടാതെ മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും  നിർമിച്ചിട്ടുണ്ട്. 

ചുഴലിക്കാറ്റ് അപകടസാധ്യതാലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയത്.

കേരളത്തിലെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടസാധ്യത വ്യാപ്തി കുറയ്ക്കുന്നതിനുവേണ്ടി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് ചുഴലിക്കാറ്റ് അപകടസാധ്യതലഘൂകരണ പദ്ധതി. കേന്ദ്ര സർക്കാരിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും ആഭിമുഖ്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലോക ബാങ്കിൻ്റെ ധന സഹായത്തോടെയാണ് പദ്ധതിയുടെ നിർവ്വഹണം. 

തീരദേശ മണ്ഡലത്തിന് വലിയകൈത്താങ്ങും സമാശ്വാസവുമാണ് ഷെൽട്ടറെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. കൊച്ചി താലൂക്ക് തഹസിൽദാർ സുനിത ജേക്കബ്, ഡപ്യൂട്ടി തഹസിൽദാർ എം ആർ രാജീവ്, പൊതുമരാമത്ത് കെട്ടിട്ട വിഭാഗം എഇ  എ എസ് സുര, മുനമ്പം പോലീസ് എസ്ഐ ടി കെ രാജീവ് എന്നിവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.

ഉദ്ഘാടനത്തിനൊരുങ്ങുന്ന പള്ളിപ്പുറം സൈക്ലോൺ ഷെൽട്ടർ കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ സന്ദർശിക്കുന്നു. എ എസ് സുര, സുനിത ജേക്കബ്, എം ആർ രാജീവ് സമീപം.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.