All Categories

Uploaded at 2 years ago | Date: 08/01/2022 17:48:56

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി- ലിറ്റ്  നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ മടക്കിയുള്ള കേരള സര്‍വ്വകലാശാല വിസിയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസിന്. സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടാണ് ആവശ്യം നിരാകരിച്ചതെന്നാണ് കത്തില്‍ പറയുന്നത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലെഴുതിയ കത്ത് പൂര്‍ണ്ണമായും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ്. കഴിഞ്ഞ മാസം ഏഴിനാണ് കേരള സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ വി പി മഹാദേവൻ പിള്ള ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. രാഷ്ട്രപതിയ്ക്ക് ഡി- ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ‍ഞാൻ അങ്ങയെ കണ്ടിരുന്നു. ഇക്കാര്യം ഞാൻ നിരവധി സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങള്‍ അത് നിരസിച്ചെന്നാണ് കത്തില്‍ പറയുന്നത്. 

ഗവര്‍ണര്‍ ഒരു ശുപപാര്‍ശ നടത്തിയാല്‍ അത് സിൻഡിക്കേറ്റില്‍ വിസി അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ കൂടി സിൻഡിക്കേറ്റില്‍ ഉള്ളതിനാല്‍ എളുപ്പവഴി തേടിയ വിസി ഇടത് സിൻഡിക്കേറ്റ് അംഗങ്ങളോട് മാത്രം ചര്‍ച്ച ചെയ്ത് ഗവര്‍ണറുടെ ആവശ്യം തള്ളിയെന്ന രമേശ് ചെന്നിത്തലയുടെ വാദം ശരി വയ്ക്കുന്നതാണ് കത്ത്. ഇക്കാര്യം അറിയിക്കാൻ രാജ്ഭവനിലെത്തിയ വിസിയോട് രേഖാമൂലം എഴുതി തരണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചപ്പോഴാണ് വെള്ളക്കടലാസില്‍ എഴുതി നല്‍കിയതെന്നാണ് വിവരം. ഇതിന് പിന്നാലെ ചാൻസലര്‍ സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് കാണിച്ച് ഡിസംബര്‍ എട്ടിന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചതാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലെ ഏറ്റുമുട്ടിലിന് കാരണമെന്ന ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തല ഇതോടെ ആരോപണം ശക്തമാക്കി. ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ മാത്രം ഉന്നം വച്ച പ്രതിപക്ഷ നേതാവും കത്ത് പുറത്ത് വന്നതോടെ സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും നേരെ തിരിഞ്ഞു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.