All Categories

Uploaded at 2 days ago | Date: 28/06/2025 20:42:40

ആരോഗ്യം

മുടി കൊഴിച്ചിൽ 

എല്ലാ ദിവസവും മുടി ചീകുമ്പോൾ ചീപ്പിൽ നിന്ന് ചില രോമങ്ങൾ കൊഴിയാറുണ്ട്. അത് ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ കുറേയേറെ ഇഴകൾ ഉതിരുന്നുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. അപ്പോൾ നിങ്ങൾ മുടി കൊഴിച്ചിൽ എന്ന പ്രശ്നം നേരിടുന്നുണ്ടാകണം. 
ഇക്കാലത്ത് അസന്തുലിതമായ ഭക്ഷണക്രമം ജങ്ക് ഫുഡിന്റെ അമിത ഉപഭോഗം, ജീവിത ശൈലി മാറ്റങ്ങൾ, രാത്രി വൈകിയുള്ള ഉറക്കം, സ്ക്രീനിൽ അമിതമായി സമയം ചെലവഴിക്കൽ, സമ്മർദ്ദം, ഉത്കണ്ഠ, അസ്വസ്ഥമായ ഉറക്കം മുതലായവ മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഇവയെല്ലാം പിത്ത ദോഷ പ്രകോപത്തിലേക്ക് നയിക്കുന്നു. ഇതു മൂലമാണ് മുടി കൊഴിച്ചിൽ പ്രധാനമായും ഉണ്ടാകുന്നത്. പിത്ത കോപം രോമകൂപങ്ങളെ അമിതമായി ചൂടാക്കുകയും മുടി ദുർബലവും പൊട്ടുന്നതുമാക്കുന്നു. മുടിവളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
മുടിയുടെ ഘടന ശരീര പ്രകൃതിയെ ( ശരീരത്തിലെ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ) ആശ്രയിച്ചിരിക്കുന്നു. മുടിയെ ബാധിക്കുന്ന പല രോഗങ്ങളിലും പാരമ്പര്യവും പ്രധാന ഘടകമാണ്.
വാത ദോഷം അമിതമായി വരണ്ടതും, ചുരുണ്ടതും, പൊട്ടുന്നതുമായ മുടിക്കും പിത്ത ദോഷത്തിലെ അസന്തുലിതാവസ്ഥ മുടിയുടെ നേർത്ത ഘടനയ്ക്കും കനക്കുറവിനും കാരണമാകുന്നു. തലയിലെ ചൂട് കാരണം നിറവ്യത്യാസവുമുണ്ടാകാം. കഫ ദോഷം കൂടിയാൽ, അമിതമായി എണ്ണമയമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ മുടിയുണ്ടാവും. ഇത് തലയിലെ രോമകൂപങ്ങളിൽ തടസ്സമുണ്ടാക്കുകയും ചൊറിച്ചിൽ, പുണ്ണ്, തടിപ്പ് മുതലായവക്ക് കാരണമാവുകയും ചെയ്യുന്നു.
മുടി കൊഴിച്ചിലിനെ ചികിത്സിക്കാൻ ആയുർവേദത്തിൽ പലതരം പ്രക്രിയകൾ ഉണ്ട്. വിവിധതരം ശമന, ശോധന ചികിത്സകൾ വളരെ ഫലപ്രദമാണ്. മുടി കൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ ആയുർവേദ ചികിത്സകളിൽ ഒന്നായി ശിരോധാര കണക്കാക്കപ്പെടുന്നു. 
ശിരോ അഭ്യംഗം മുടിയുടെ വേരുകളേയും തലയോട്ടിയിലെ ചർമ്മം, പേശികൾ, നാഡികൾ, മർമ്മങ്ങൾ എന്നിവയേയും ശരിയായി പോഷിപ്പിക്കാൻ സഹായിക്കുന്നു. ഇത് മുടി അകാലത്തിൽ നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു. ഇതിനായി എള്ളെണ്ണയിലും, വെളിച്ചെണ്ണയിലും പലതരം ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കുന്ന പ്രത്യേകതരം ആയുർവേദ മരുന്നുകൾ ഉണ്ട്., 
തലയിൽ മുഴുവൻ ഭാഗത്തും ഔഷധമിശ്രിതം പുരട്ടുന്ന ശിരോലേപമാണ് മറ്റൊരു പ്രധാന ചികിത്സ. ഇത് താരൻ നീക്കം ചെയ്യാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിലും ഇത് ഫലപ്രദമാണ്. പഞ്ചകർമ്മങ്ങളിൽ ഉൾപ്പെടുന്ന നസ്യ ചികിത്സയും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ്.
മുടിയുടെ അഴകിനും നല്ല വളർച്ചയ്ക്കും ശരിയായ പോഷണത്തിനും സഹായിക്കുന്ന നിരവധി ഔഷധങ്ങൾ അകത്തേക്ക് കഴിക്കുന്നതടക്കം ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇവയൊക്കെ ഉപയോഗിക്കുന്നത് ശാസ്ത്രീയമായ രീതിയിലും വിദഗ്ധോപദേശത്തിലും ആയിരിക്കണം.

Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.