കഥ
വീട്
(വിജയാ വാസുദേവൻ)
എത്രകാലമായി വാതിലും ജനലും അടഞ്ഞു കിടക്കുന്നു.;
"കാറ്റും വെളിച്ചവും കടക്കാതെ ശ്വാസം മുട്ടുന്നു.''
ചിതൽ പടരുന്ന ചുമരിലേക്കും എട്ടുകാലി വല നെയ്യുന്ന മേൽക്കൂരയിലേക്കും നോക്കി വീട് നെടുവീർപ്പിട്ടു.
വീടിൻ്റെ പൊട്ടിപ്പൊളിഞ്ഞ ഉമ്മറവും ജീവനറ്റ് പോകാറായ കഴുക്കോലും ഇരുട്ടു വിഴുങ്ങിയ അടുക്കള ചുമരുകളും വാർദ്ധക്യത്തിന്റെ കാഴ്ച മുരടിച്ച കണ്ണുകളാൽ പരസ്പരം നോക്കി ഗതകാലംപങ്കിട്ടു.
ചിരിയിൽ ചിലങ്ക കെട്ടിയ കുഞ്ഞുമക്കൾ ഓടിക്കളിച്ചിരുന്നതിന്റെ നിഷ്കളങ്കത അനുഭവിച്ചിരുന്നു
വീടിൻ്റെ അകത്തളങ്ങൾ പണ്ടൊരിക്കൽ.
ആത്മാർത്ഥമായ സ്നേഹത്തിന്റെ നീർച്ചാലുകൾ ഒഴുകിയിരുന്നു വീടിൻ്റെ ഓരോ കിടപ്പുമുറിയിലും.
തൊടിയിലെ കാച്ചിലും ചേമ്പും ചക്കയും വേവിച്ചതിന്റെ നന്മകൾ മാത്രം രുചിച്ചിരുന്നു അടുക്കള.
ചിരിയും കുശുമ്പും ദേഷ്യവും ഒന്നിച്ച് താമസിച്ചിരുന്ന തൻ്റെ യൗവനം ഓർത്തപ്പോൾ വീടിനൊന്നു ചിരിക്കാൻ തോന്നി.
ഓർമ്മകൾ കിലുങ്ങുന്ന ആ ചിരിയുടെ ശബ്ദത്തിൽ വാതിലിന്റെ വിജാഗിരി അടർന്നുവീണു.
ഒപ്പം ഇളകി നിന്ന് രണ്ട് ഓടും നിലംപൊത്തി.
എന്തോ ഓർത്തിട്ടെന്ന പോലെ വീടിൻ്റെ നെഞ്ചിൽ നിന്നും തേങ്ങലുയുയർന്നു.
മേൽക്കൂരയിൽ താവളം അടിച്ച കാറ്റ് വീടിൻ്റെ തേങ്ങലിന് അപ്പോൾ ഒരു താങ്ങായി മാറി.
വീട് അതോടെ
കാറ്റിനോട് പറഞ്ഞു
""ഈ കാലവർഷം മറികടക്കും ഞാൻ എന്ന് തോന്നുന്നില്ല."
എന്നെ
ഒറ്റയ്ക്കാക്കി വിദേശത്തേക്ക് പോയവർ എന്നാണ് തിരിച്ചുവരിക.?
വരുന്നുണ്ടെങ്കിൽ ഒന്ന് കാണാമായിരുന്നു ഈ ശ്വാസം നിൽക്കുന്നതിന് മുമ്പ്.
വീടിൻ്റെ നൊമ്പരം ഉൾക്കൊണ്ട കാറ്റ് വീഴാറായ മേൽക്കൂരയിൽ തളർന്നു കിടക്കുമ്പോൾ വീടിൻ്റെ ഹൃദയസ്പന്ദനം നിലയ്ക്കുന്നത് അറിയുന്നുണ്ടായിരുന്നു..
തേങ്ങലോടെ കാറ്റും ആ വേദനയിൽ അമർന്ന് കിടന്നു
story
SHARE THIS ARTICLE