All Categories

Uploaded at 1 year ago | Date: 18/06/2022 19:04:08

യാത്രാ സ്മരണകൾ -- 18

 

   *പുണ്യസ്മരണകളുമായി മടക്കയാത്ര*

 

കൈലാസനാഥനെ കൺകുളിർക്കെ കണ്ടു.  നമ:ശിവായ,അഷ്ടോത്തരി ജപിച്ചും കൈലാസനാഥനിൽ മനസ്സു ലയിപ്പിച്ചു. 

 

.  ഓക്സിജൻ ലെവലും ബ്ലഡ് പ്രഷറും തലേദിവസം താഴ്ന്നു പോയിരുന്നല്ലോ. എങ്കിലും കണ്ണുകൾ തുറന്നു ആ ഊർജ്ജ പ്രവാഹം ദർശിച്ചു. ഭൂമിയുടെ സെന്ററിൽ ആണ് കൈലാസം ഇരിക്കുന്നത്. വീശിയടിക്കുന്ന കാറ്റിനു പോലും ഓങ്കാര ധ്വനി ആണ് . അത്യുജ്ജല പ്രഭ ചൊരിഞ്ഞ കൈലാസനാഥനോട് യാത്രപറഞ്ഞ് താഴേക്ക് ഇറങ്ങിത്തുടങ്ങി. തളർച്ചയും ക്ഷീണവും ഏറെയുണ്ടെങ്കിലും അതിലേറെ ആ ദർശനപുണ്യം മനസ്സിനെയും ശരീരത്തെയും ഉണർത്തി. 

 

തിരിച്ച് ഞങ്ങൾ ദർച്ചനിൽ എത്തി. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന കുറച്ചുപേർ ഓക്സിജൻ ലെവൽ താഴ്ന്നു പോയതിനാൽ കൈലാസ പരിക്രമണം സാധിക്കാതെ  ദർച്ചനിൽ ഹോട്ടലിൽ ഉണ്ടായിരുന്നു.  അവിടത്തെ തണുപ്പ് സഹിക്കാൻ പറ്റാതെ അവർ വിഷമിക്കുകയായിരുന്നു. പോയവരുടെ അവസ്ഥ എന്താകും എന്ന് ഓർത്ത് അവർ വിഷമിക്കുകയും ചെയ്തു.  

 

യമദ്വർ കടന്ന് ശിവലോകം പ്രാപിക്കാൻ സാധിച്ചത് മുജ്ജന്മ പുണ്യ കർമ്മഫലവും മാതാപിതാക്കളുടെ പുണ്യവും കൊണ്ടാകും. എന്തായാലും മനസ്സിൽ എന്ത് മാത്രം ഈ പുണ്യ ദർശനത്തിന് ആശിച്ചു വോ അത് ഹരിയും ഹരനും ഞങ്ങളിൽ കൃപ ചൊരിഞ്ഞു. ജീവിതത്തിൽ ഇനി ഒന്നും നേടാനില്ല. ഇതിനപ്പുറം എന്ത് . നടന്ന വീഥികളും കണ്ട മനോഹാരിതയും കാറ്റടിക്കുമ്പോൾ തെന്നി പോകുന്നതും കൈലാസ പർവതത്തിൽ വരുന്നതുമായ ഓരോ ദൃശ്യങ്ങളും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..

 

 ദർച്ചനിൽ നിന്ന് ഞങ്ങളെ തക്കലക്കോട് ഹോട്ടലിലേക്ക് കൊണ്ടുപോയി. പരിക്രമം കഴിഞ്ഞാൽ എത്തുന്ന അവസാനത്തെ ആൾ കൂടി വന്നാൽ ഷെർപ്പകൾ ഞങ്ങൾക്കുള്ള ഭക്ഷണം റെഡിയാക്കും.  നമ്മുടെ ശരീരത്തിനു വേണ്ട പോഷകങ്ങൾ എല്ലാം അതിലുണ്ടാകും.  വളരെയധികം സ്നേഹത്തോടെയാണ് അവർ നമുക്ക് വിളമ്പുന്നത്.  

 

സുഖമായി ഒന്നു കുളിച്ച് പുറത്തേക്കിറങ്ങിയപ്പോൾ മലകൾ  സ്വർണനിറത്തിൽ വെട്ടിത്തിളങ്ങുന്നു.  ചൈനക്കാരുടെ കടകൾ  കണ്ടു കുറച്ച് സമയം നടന്നു. ഒമ്പതുമണിക്ക് പുറത്തേക്ക് പോയിട്ട് രാത്രി പത്തു മണിക്ക് തിരിച്ചെത്തിയപ്പോഴും ഇരുട്ട് ആയിട്ടില്ല. രാത്രി പത്തര പതിനൊന്നു വരെയും കടകൾ ഉണ്ടാകും. ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി റിസപ്ഷനിൽ തന്നെയിരുന്നു. ഭക്ഷണവും കഴിച്ച് മുകളിലേക്ക് പോയാൽ മതിയല്ലോ .ഒരുപാട് തരം ഭക്ഷണവും പഴക്കപഴങ്ങളും ചോക്ലേറ്റും  ഉണ്ടാകും. നേപ്പാളി ഷേർപ്പകൾക്ക് വിവേകാനന്ദയുടെ കേരളീയരോട് പ്രത്യേക സ്നേഹം ആണ് . എല്ലാവരുമായി സംസാരിച്ചിരുന്നു. പതിനൊന്നര കഴിഞ്ഞു ഞങ്ങൾ മുറിയിലേക്ക് പോയി. ടിബറ്റിലെ അവസാനത്തെ ദിവസം . നല്ല തണുപ്പാണ്, ഉറക്കം വരുന്നില്ല.  മനസ്സ് മുഴുവൻ കൈലാസനാഥൻ തെളിഞ്ഞുനിൽക്കുന്നു.

 രാവിലെ ചൈന സമയം ആറുമണിക്ക് തന്നെ ഉണർന്നു. കുറച്ചു സമയം കൈലാസനാഥനെ ജപിച്ചിരുന്നു. പിന്നെ ബാഗുകൾ ഒക്കെ അടക്കി ഷെർപ്പകൾ കൊണ്ടു പോകേണ്ട ബാഗുകൾ റെഡിയാക്കി. അപ്പോഴേക്കും ചായയോ കാപ്പിയോ എന്താ വേണ്ടതെന്നു വച്ചാൽ അതുമായി അവർ എത്തിക്കഴിഞ്ഞു. പത്തു മണിക്ക് പ്രാതൽ കഴിക്കുവാൻ ചൊല്ലുവാനും പറഞ്ഞു. 

 

 പ്രാതൽ  കഴിഞ്ഞ് ഞങ്ങൾ കുറേസമയം റിസപ്ഷനിൽ തന്നെയിരുന്നു. ധാരാളം ചൈനക്കാർ ആൺകുട്ടികളും പെൺകുട്ടികളും ഹോട്ടലിലേക്ക് വരുന്നുണ്ടായിരുന്നു. അവരുടെ ശരീരപ്രകൃതിയും നിറവും ഒക്കെ വേറിട്ടുനിൽക്കുന്നു.  ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി. ചൈനക്കാരുടെ കസ്റ്റംസ് ചെക്കിങ്ങും കഴിഞ്ഞ് വീണ്ടും വണ്ടിയിൽ കുറെ ദൂരം ഓടി . വിവേകാനന്ദയുടെ രവിച്ചേട്ടൻ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. എല്ലാവരും ക്ഷീണത്തോടെ തളർന്നിരിക്കുകയാണ്. കുറേസമയം ഓടി വണ്ടി അതിർത്തിയിലെത്തി . അവിടുത്തെ എമിഗ്രേഷൻ കഴിഞ്ഞു. എല്ലായിടത്തും ഞാൻ ഒന്നാം നമ്പർ ആണല്ലോ.

 ഷാനി എന്നുള്ള പേര് കൊണ്ട് കൈലാസ യാത്രയിൽ ചൈനയുടെ വിസയിൽ ഒന്നാം നമ്പർ കാരി. അവിടുന്നു ഞങ്ങളെ ചൈന പോലീസുകാർ ഇന്ത്യയുടെ അതിർത്തിയായ കർണാലി പുഴയുടെ തീരത്ത് എത്തിച്ചു. ഭാരത സംസ്കാരത്തിന്റെ ഈ പുണ്യ സ്ഥലം അങ്ങനെ ചൈന പിടിച്ചെടുത്തതാണ്. പക്ഷേ ഈ കൈലാസത്തെ ഒന്ന് സ്പർശിക്കാൻ പോലും അവർക്ക് ഭയമാണ്. കൈലാസനാഥന്റെ ഉഗ്രപ്രഭാവം തന്നെ അതിനു കാരണം. അങ്ങനെ ഞങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ച് ഞങ്ങൾ മടങ്ങുകയാണ്.

 

ആടിക്കൊണ്ടിരിക്കുന്ന തൂക്ക് പാലത്തിലൂടെ ആടിയുലഞ്ഞു കൊണ്ട് തന്നെ ഞങ്ങൾ ഇന്ത്യൻ മണ്ണിൽ കാലുകുത്തി . കർണാലി പുഴയുടെ മനോഹാരിത ഒന്നുകൂടി ദർശിച്ചു . കലി തുള്ളി ഒഴുകുന്ന കർണാലി പുഴക്കു മീതെയുള്ള തൂക്കുപാല യാത്ര പ്രത്യേക അനുഭവം തന്നെ.  ആടിക്കൊണ്ടിരിക്കുന്നതിനാൽ ഒരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ല. ഇന്ത്യയെയും ടിബറ്റിനേയും ചേർത്തിരിക്കുന്ന വൻ മലകൾക്കു നടുവിലൂടെ ഒഴുകുന്ന കർണാലി പുഴ. അങ്ങനെ നേപ്പാളിലെ എമിഗ്രേഷൻ കഴിഞ്ഞ് ഞങ്ങൾ ഹിൽസയിൽ വീണ്ടുമെത്തി. എത്തിയപ്പോഴേക്കും  ഭക്ഷണം  റെഡി ആയിരുന്നു. ഇന്ന് ഹെലികോപ്റ്റർ എടുക്കില്ല എന്നറിഞ്ഞപ്പോൾ എല്ലാവർക്കും വിഷമമായി.  ഞങ്ങൾക്കുള്ള മുറി തുറന്ന് തന്നു.  അന്ന് അവിടെ എല്ലാവരും കൂടി നാമജപവും വിശേഷങ്ങളൊക്കെ ആയി കഴിച്ചുകൂട്ടി.  നല്ല തണുപ്പാണ്, കൈ വെള്ളത്തിൽ തൊടാൻ പോലും സാധിക്കില്ല.  രാത്രി 10 മണി ആയിട്ടും ഇരുട്ടായിട്ടില്ല. ഇനി നാളെ ഹെലികോപ്റ്റർ എടുക്കുമോ എന്ന് അറിയില്ല.  ഹിത്സയിലെ കാത്തിരിപ്പാണ് ഏറെ കഷ്ടം .ചുറ്റും മലകളുടെ നടുക്ക് ഇത്തിരി സ്ഥലം, അതാണ് അവിടത്തെ താമസം. അന്നും ഹെലികോപ്റ്റർ എടുത്തില്ല. വീണ്ടും ഒരു ദിവസം കൂടി അവിടെ . അന്ന് രാത്രി നല്ല കഞ്ഞി ഉണ്ടാക്കി തന്നു , ചുട്ട പപ്പടവും . ഞങ്ങളുടെ കഞ്ഞി മറ്റു പല യാത്രക്കാർക്കും  കൊടുത്തു.  അവിടെവെച്ച് ആ കഞ്ഞി കിട്ടുക എന്നത് വളരെ ആശ്വാസമാണ്. രാത്രി എല്ലാവരും കൂടി ഒരു മുറിയിൽ കയറി .തണുപ്പ് സഹിക്കാവുന്നതിലും അധികമാണ്. സംസാരിച്ചു കിടന്ന് എല്ലാവരും ഉറങ്ങി. അതിരാവിലെ കണ്ണുതുറന്നു എങ്കിലും എണീക്കാൻ ഒരു നിവൃത്തിയുമില്ല. കിച്ചൻ ഓപ്പൺ ആകാതെ ചൂടുവെള്ളം കിട്ടില്ല. വായിൽ വെള്ളം കൊണ്ടാൽ മരവിച്ചു പോകും.  പ്രാതൽ കഴിഞ്ഞപ്പോഴേക്കും ഹെലികോപ്റ്റർ എത്തി. എല്ലാവർക്കും സന്തോഷമായി. അങ്ങനെ ഞങ്ങൾ നേരെ സിമികോട്ടിലേക്ക് പോയി. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലം. ഇവിടത്തെ പൂക്കളും ചെടികളും പ്രകൃതിയും കൈലാസനാഥനെ കണ്ടുവരുന്ന ഞങ്ങളെ നോക്കി ആർത്തുല്ലസിച്ചു. മനസ്സിലെ ഡയറിയിൽ കുറിച്ചിട്ട സൗന്ദര്യം . കൊടുമുടികളുടെ ഇടയിലൂടെ തുമ്പിയെ പോലെ പാറിപ്പറന്നു നടക്കുന്ന ഹെലിക്കോപ്ടറുകൾ. 

 

ഹെലിപ്പാഡിനു തൊട്ടടുത്തുള്ള ചെറിയ റൺവേയിൽ ഇറങ്ങുന്ന ചെറിയ ഫ്ലൈറ്റ്. 

ഇനി ഈ കുട്ടി ഫ്ലൈറ്റിൽ ഉള്ള യാത്രയാണ് ഏറെ ഭയാനകം . ചെക്കിങ് കഴിഞ്ഞ് ഞങ്ങൾ 13 പേരും ഫ്ലൈറ്റിൽ കയറി. മലമുകളിലൂടെ ഭയാനകമായി പറക്കുന്ന യാത്രയാണത്. പൈലറ്റും എയർഹോസ്റ്റസും മാത്രം .നിവർന്നു നിന്നാൽ തല മുട്ടും അത്രയ്ക്കു ചെറിയ ഫ്ലൈറ്റ്.  പേടിപ്പെടുത്തുന്ന യാത്രയും കഴിഞ്ഞ് ഞങ്ങൾ നേപ്പാൾ ഗുഞ്ചിയിൽ ഇറങ്ങി. കൊടും തണുപ്പിൽ നിന്ന് വന്ന ഞങ്ങൾക്ക് അഞ്ച് ജോഡി ഡ്രസ്സ് ശരീരത്തിലുണ്ട്. ഇവിടത്തെ ചൂട് സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും ഓരോരോ ഡ്രസ്സുകൾ അഴിച്ചു തുടങ്ങി .

 

 പിന്നെ നേരെ കാഠ്മണ്ഡുവിലേക്ക് . ഞങ്ങളെ കാത്ത് സത്യം ട്രാവൽസിലെ ആളുകൾ വണ്ടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു . ഞങ്ങളെ സ്വീകരിച്ച് നേരെ ഹോട്ടലിലേക്ക് കൊണ്ടുപോയി. സ്വന്തം വീട്ടിൽ വന്നു കയറിയ പ്രതീതി ആയിരുന്നു. നാലുമണിക്കാണ് ഞങ്ങൾ എത്തിയതെങ്കിലും ഞങ്ങൾക്കുള്ള ഫുഡ് എല്ലാം റെഡി ആയിരുന്നു . എല്ലാവരും രുചികരമായ ആഹാരം കഴിച്ച് ചാവി വാങ്ങി റൂമിലേക്ക് പോയി .സുഖമായി കുറച്ച് സമയം കിടന്നു. ഏഴു മണിക്ക് മീറ്റിംഗ് ഉണ്ട് , എല്ലാവരും മീറ്റിംഗ് ഹാളിൽ എത്തണം എന്ന് പറഞ്ഞിരുന്നു. ആറുമണിവരെ കിടന്ന് എഴുന്നേറ്റ് കുളിച്ചു താഴെ എത്തി മീറ്റിംഗ് ആരംഭിച്ചു. ആദ്യം രവി സാറാണ് സംസാരിച്ചത് .ഇത്രയും സന്തോഷകരമായ ഒരു യാത്ര ഇതുവരെ കൊണ്ടുപോയിട്ടില്ല എന്ന് പറഞ്ഞു. കാരണം ആരും മരിക്കാതെ വന്ന ഒരു ടീമാണ് ഇതത്രെ. നിങ്ങളുടെ എല്ലാവരുടെയും നല്ല മനസ്സിന്റെ പ്രാതിനിധ്യമുണ്ട്.  എന്നും ഡെഡ്ബോഡിക്ക് കാവൽ ഇരുന്നാണ് വരാറ് . സത്യം ട്രാവത്സ് ഞങ്ങളെ എല്ലാം ആദരിച്ച് ഷോൾ അണിയിച്ചു , സർട്ടിഫിക്കറ്റും നൽകി.  അതി ഗംഭീരമായ ഡിന്നറും ഒരുക്കിയിരുന്നു . എല്ലാ വരും മതിമറന്ന് സന്തോഷിച്ച ദിവസം . 

 അങ്ങനെ ജീവിതയാത്രയിൽ എവിടെയോ ഉള്ളവരൊക്കെ കൈലാസനാഥന്റെ  സന്നിധിയിൽ ഒത്തുകൂടിയ ധന്യനിമിഷം . അത് വാക്കുകൾക്ക് അതീതമാണ്.

 

 എല്ലാവരോടും സുഖമായി ഉറങ്ങി. നാളെ രാവിലെ 10 മണിക്ക് ഒന്നുകൂടി കാഠ്മണ്ഡു കാണുവാൻ പോകാം എന്ന് പറഞ്ഞു. പിന്നെ എവറസ്റ്റ് കൊടുമുടിയുടെ മുകളിലൂടെ പറക്കുവാൻ താല്പര്യമുള്ളവർക്ക് അതിനു പോകാം . 8,000 രൂപയാണ് അതിന്റെ ചാർജ് . ഞങ്ങൾ പോകണ്ട എന്ന് തീരുമാനിച്ചു.

 

 കാഠ്മണ്ഡുവിൽ ഒരുപാട് സ്ഥലങ്ങൾ പിന്നെയും സന്ദർശിച്ചു. വീണ്ടും പശുപതി നാഥനെ തൊഴുതു. യാത്ര തുടങ്ങിയപ്പോഴും അവസാനിച്ചപ്പോഴും പശുപതിനാഥനെ കണ്ടുവണങ്ങി. മനസ്സിൽ തൃപ്തിയോടെ റൂമിലേക്ക് വന്നു. ഒന്നാം തീയതി ഞങ്ങൾ കാഠ്മണ്ഡുവിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചു

 

ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനം ഞങ്ങളെയും വഹിച്ച് 9 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ ലാൻഡ് ചെയ്തു . സ്വർഗ്ഗത്തിൽ നിന്ന് താഴെ പറന്നെത്തിയ അനുഭവമായിരുന്നു. എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു.  ധന്യ നിമിഷങ്ങൾക്ക് മുഹൂർത്തം കുറിച്ച വിവേകാനന്ദയോടും രവി  ചേട്ടനോടും  നന്ദി പറഞ്ഞ് അടുത്ത യാത്രയിൽ വീണ്ടും ഒത്തു ചേരാം എന്നു പറഞ്ഞു പിരിഞ്ഞു.

 

ഞങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്ന് ടാക്സി വിളിച്ച് വീട്ടിൽ വന്നു കയറി.  മോൾ നിലവിളക്ക് കൊളുത്തിവെച്ച് ഞങ്ങളെ സ്വീകരിച്ചു.  ആ ദീപപ്രഭയിൽ ഞങ്ങൾ വീട്ടിലേക്കു കയറി,കൈലാസനാഥന്റെ പാദാരവിന്ദങ്ങളിൽ കോടികോടി പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് .  

 

ഈ ജീവിതയാത്രയിലെ മറക്കാനാകാത്ത ധന്യമായ ജന്മം തന്നതിന് കണ്ണന്റെ പാദാരവിന്ദങ്ങളിൽ കോടികോടി പ്രണാമം അർപ്പിച്ചു . കണ്ണന്റെ മുമ്പിൽ നിന്ന് സന്തോഷാശ്രുക്കൾ പൊഴിച്ചു.. മോൾക്കും കുട്ടികൾക്കും അനുഗ്രഹം കൊടുത്തു.  ഈ ജന്മത്തിൽ ഇനി നേടുവാൻ ഒന്നുമില്ല എന്ന് മനസ്സു മന്ത്രിച്ചു. സ്വർഗ്ഗത്തിൽ പോയി തിരിച്ചെത്തിയ ഒരു അനുഭവത്തോടെ ജീവിതം ധന്യതയോടെ മുന്നോട്ടുപോകുന്നു ,  ഇനിയും തീർത്ഥാടന പുണ്യത്തിനായി ആയി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

 

"ഓം  ശിവ ശക്തി ഐക്യ  സ്വരൂപിണ്യൈ നമഃ,,.. ഓം നമശിവായ,..

 മംഗളം. മംഗള കാന്തായ. 

നമശിവായ മംഗളം"

 

(ഷാനി നവജി )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.