All Categories

Uploaded at 2 years ago | Date: 21/02/2022 11:10:04

വൈപ്പിൻ: വൈപ്പിൻകരയുടെ തെക്കൻമേഖലയിലെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരമാകാൻ പര്യാപ്‌തമായ മുരുക്കുംപാടം ജലസംഭരണിയുടെ നിർമ്മാണം മാർച്ച് ആദ്യവാരം പൂർത്തിയാകുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം പൂർണ്ണമായും ഞാറക്കലിലേത് ഭാഗികമായും ശമിപ്പിക്കുന്നതിന് ജിഡ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന സംഭരണിയുടെ പൂർത്തീകരണത്തോടെ കഴിയും. 

ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകൾക്ക് പൂർണതോതിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ഞാറക്കൽ ജലസംഭരണിയുടെ നിർമ്മാണം മൂന്നുമാസത്തിനകം പൂർത്തിയാകുന്ന നിലയ്ക്ക് പുരോഗമിക്കുകയാണെന്നും ജല അതോറിറ്റി അധികൃതർ വ്യക്തമാക്കിയതായി കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. മുരുക്കുംപാടം ടാങ്കിന് 11.8 ലക്ഷവും ഞാറക്കൽ ടാങ്കിന് 17.9 ലക്ഷവും ലിറ്ററാണ് ജല സംഭരണശേഷി. മുരുക്കുംപാടം ടാങ്കിന്റെ ക്ഷമത സംബന്ധിച്ച ട്രയൽറൺ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കി.

2011ൽ 5.47 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ചതാണ് മുരുക്കുംപാടം ജലസംഭരണി. പിന്നീട് കരാറുകാരന്റെ ഉപേക്ഷമൂലം ഇടയ്ക്ക് പണി നിലച്ചു. അവശേഷിച്ച പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞവർഷം 2.15 കോടിരൂപയ്ക്ക് റീടെൻഡർ ചെയ്‌തു. ഈ ഘട്ടത്തിലെ പ്രവൃത്തികളിൽ ഒരു ഇന്റർകണക്ഷനും ചുറ്റുമതിൽ നിർമ്മാണവും മാത്രമാണ് ഇനി തീരാനുള്ളത്. അത് മാർച്ച് ആദ്യവാരത്തോടെ പൂർത്തിയാകുമെന്ന് ജല അതോറിറ്റി പ്രോജക്റ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജയശ്രീ അറിയിച്ചിട്ടുണ്ട്. 

ജലസംഭരണികളുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി ഉൾപ്പെടെ അധികൃതരെ തുടരെ സമീപിക്കുകയും നിയമസഭയിലുൾപ്പെടെ വിഷയം ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്‌തതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.  2.78കോടിരൂപയ്ക്ക്  റീടെൻഡർ ചെയ്‌ത ഞാറക്കൽ ജലസംഭരണിയുടെ നിർമ്മാണമാണ് മെയ് അവസാനം പൂർത്തിയാക്കാനാകുന്ന മുറയ്ക്കണ് പുരോഗമിക്കുന്നത്.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.