All Categories

Uploaded at 1 year ago | Date: 08/05/2022 15:37:59

കൊച്ചി: തൃക്കാക്കര ഉപതരെഞ്ഞെടുപ്പില്‍  മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആം ആദ്മി എത്തി.ആംആദ്മിയോട് സഹകരിച്ച് പോകാന്‍ ഒരുങ്ങുന്ന ട്വന്‍റി ട്വന്‍റിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ഫലത്തില്‍ തൃക്കാക്കരയില്‍ ത്രികോണ പോരാട്ടം മാത്രം. ഉപതെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ച് തിരിച്ചടി നേരിടെണ്ടെന്ന നിലപാടാണ് ആം ആദ്മിക്കുള്ളത്. ദേശീയ നേതൃത്വത്തിന്‍റേതാണ് ഈ തീരുമാനം. സംസ്ഥാനത്തെ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വേറെ മാര്‍ഗ്ഗമില്ല. 

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തില്‍ കരുക്കള്‍ നീക്കുകയാണ് ആം ആദ്മിയുടെ ദേശീയ നേതൃത്വം. സംഘടനയെ ശക്തിപ്പെടുത്തിയും കൂടുതല്‍ പ്രവര്‍ത്തകരേയും പ്രമുഖ വ്യക്തിത്വങ്ങളേയും എത്തിച്ചും അടിത്തറ ബലപ്പെടുത്തുകയാണ് പ്രധാനം. അതിനിടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ദോഷം ചെയ്യുമെന്നാണ് ആം ആദ്മി ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കളോട് പറഞ്ഞിരിക്കുന്നത്. ആപ്പിനൊപ്പം കൈ കോര്‍ക്കാന്‍ ഒരുങ്ങുന്ന ട്വന്‍റി ട്വന്‍റിക്കും മത്സരിക്കാന്‍ ഇപ്പോള്‍ താത്പര്യമില്ല. 

കെജ്രിവാളിന്‍റെ കിഴക്കമ്പലം സമ്മേളനത്തിലാണ് ട്വന്‍റി ട്വന്‍റിയുടെ ശ്രദ്ധ. ട്വന്‍റി ട്വന്‍റിയുടെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കെജ്രിവാള്‍ നേരിട്ട് എത്തുന്നതിന്‍റെ ആവേശത്തിലാണ് ട്വന്‍റി ട്വന്‍റി നേതൃത്വം . കിഴക്കമ്പലം സമ്മേളനത്തോടെ കേരളത്തില്‍ നാലാം മുന്നണിയുടെ പിറവി കുറിക്കുമെന്നാണ് സൂചന. മുന്നണിയുടെ നേതൃത്വത്തിലേക്ക് സാബു ജേക്കബ് കടന്നുവരാനാണ് കൂടുതല്‍ സാധ്യത. ഇത്തരം നിര്‍ണ്ണായക തയ്യാറെടുപ്പുകള്‍ക്കിടെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ദോഷമുണ്ടാക്കെണ്ടെന്നാണ് അവരുടേയും നിലപാട്. 

സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ആംആദ്മിയുടേയും ട്വന്‍റി ട്വന്‍റിയുടേയും വോട്ടുകള്‍ ആര്‍ക്കെന്നതാണ് അടുത്ത ചോദ്യം. തൃക്കാക്കരയില്‍ പ്രവര്‍ത്തകരേക്കാള്‍ അനുഭാവികളുള്ള പാര്‍ട്ടിയാണ് രണ്ടും. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര കൂടി ഉള്‍പ്പെടുന്ന എറണാകുളം മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനിത പ്രതാപ് നേടിയത് അര ലക്ഷത്തിലേറെ വോട്ടുകള്‍. പിന്നീട് ആം ആദ്മിക്ക് ആ പ്രതാപത്തിലേക്ക് എത്താനായില്ല എന്നത് വേറൊരു കാര്യം.  

 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ട്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ട്വന്‍റി ട്വന്‍റി ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തില്‍ ട്വന്‍റി ട്വന്‍റി നിലപാടിനൊപ്പമായിരിക്കും. 

മനസാക്ഷി വോട്ടെന്ന ആഹ്വാനത്തിലേക്ക് രണ്ടു പാര്‍ട്ടികളും എത്തും. സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ ആളുകള്‍ വിലയിരുത്തട്ടെ എന്ന് പറയുമ്പോള്‍ കിറ്റക്സ് തെലുങ്കാനയിലേക്ക് നിക്ഷേപം മാറ്റിയതടക്കമുള്ള വിവാദ വിഷയങ്ങള്‍ വോട്ടര്‍മാര്‍ മറക്കരുതെന്നു കൂടി ട്വന്‍റി ട്വന്‍റി നേതൃത്വം പറഞ്ഞേക്കും. തൃക്കാക്കരയില്‍ പുതിയ ആടിയൊഴുക്കിന് ആംആദ്മി ട്വന്‍റി ട്വന്‍റി തീരുമാനം വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.