All Categories

Uploaded at 1 year ago | Date: 02/05/2022 18:48:55

ദില്ലി: മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. മറുപടി നൽകാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് മറ്റന്നാളാണ് പരിഗണിക്കാൻ മാറ്റിവെച്ചത്. 

 മീഡിയവൺ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരുടെ ഹർജികൾ കഴിഞ്ഞ ഏപ്രിൽ നാലിന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. അന്ന് കേന്ദ്രം കേസിൽ മറുപടി സമർപ്പിക്കാൻ നാലാഴ്ചത്തെ സാവകാശം തേടിയതോടെയാണ് കേസ് ഈ മാസത്തേക്ക് മാറ്റിയത്. 

ചാനലിന്റെ പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളിൽ രേഖകളും റിപ്പോർട്ടുകളും അടക്കം സമർപ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. മാർച്ച് 15 ന് കേസ് പരിഗണിച്ചപ്പോൾ മാർച്ച് 30 നുള്ളിൽ കേന്ദ്രത്തോട് മറുപടി നൽകാൻ സുപ്രിം കോടതി ആവശ്യപ്പെട്ടെങ്കിലും ഇതിന് കൂടുതൽ സമയം കേന്ദ്രം ചോദിച്ചതോടെയാണ് ഒരു മാസത്തേക്ക് സമയം നൽകിയത്.

മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകര്‍ക്ക് കൈമാറാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി അനുമതി നല്‍കിയിരുന്നു. മീഡിയ വണ്‍ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പമാണ് പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നത്. 

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.