All Categories

Uploaded at 11 months ago | Date: 30/04/2023 10:28:11

പരിചയം 
               ---------------------

     *സരിത എൻ.ആർ*

                                 തൃശൂരുകാർക്ക് എല്ലാവരും ഗഡികളാ...അല്പം കൂടി സ്നേഹം വന്നാൽ ഇഷ്‌ടനാകും...സ്‌നേഹത്തിന്റെ കൂടെ അൽപം ദേഷ്യം കൂടെ വന്നാലോ ?ആള് ശവി ആയതു തന്നെ.ആള് കുട്ടിയാണെങ്കിൽ ക്ടാവേ എന്നേ വിളിക്കൂ;ചുള്ളൻ ,ചുള്ളത്തി ,കന്നാലി ,വെടക്ക് ,ഡാവ്,ഒരു ജ്യാതി ,ഒരു ചാമ്പാ ചാമ്പ്യാലില്ലേ ,സ്‌കൂട്ടായെ ,ഓട്ടർഷ ,ചെമ്പ്‌ ..ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരില്ല തൃശൂർ ഭാഷയുടെ കൗതുകം.(ഈ കൗതുകം എല്ലാ നാട്ടിലെയും ഭാഷകൾക്കുണ്ടെന്ന സത്യം മറക്കുന്നില്ല).പറഞ്ഞുവരുന്നത് തൃശ്ശൂർ ഭാഷയെ കുറിച്ചല്ല;ചുള്ളത്തിയായ ഒരു തൃശൂർ എഴുത്തുകാരിയെ കുറിച്ചാണ്.

                                "കൃഷിജാഗരൺ" മാസിക 2016 ൽ മലയാളത്തിൽ പ്രസിദ്ധീകരണം ആരംഭിക്കുന്ന സമയം; എല്ലാ ജില്ലകളിലും പത്രപ്രവർത്തനത്തിൽ യോഗ്യതയും നല്ല വിജ്ഞാന വിനിമയ ശേഷിയും പ്രവർത്തനപരിചയവുമുള്ള ചെറുപ്പക്കാരെ ജില്ലകൾ തോറും ബ്യുറോ പ്രതിനിധികളായി നിയമിച്ചുകൊണ്ടായിരുന്നു മാസികയ്ക്ക് തിരുവനന്തപുരത്തു ആസ്ഥാനമൊരുക്കിയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ തുടർന്നുള്ള ഏതാനും വർഷക്കാലം ഇവരെല്ലാം നിരന്തരം ഫീൽഡ് വിസിറ്റുകൾ നടത്തുകയും ഫീൽഡ് തല സ്‌റ്റോറികൾ എടുക്കുകയും വാർത്തകൾ ശേഖരിക്കുകയും മാസികയ്ക്ക് തരുകയും ചെയ്തിരുന്നു. ജിലാതല യോഗങ്ങൾ ,വിവിധ ഇടങ്ങളിൽ കാർഷിക സെമിനാറുകൾ ,പ്രദർശനങ്ങളിൽ പങ്കാളിത്തം ,കോയമ്പത്തൂർ കൊഡീസിയ പോലുള്ള പ്രദർശനങ്ങളിൽ പങ്കെടുക്കൽ തുടങ്ങി തിരക്കേറിയ കാലം.ഇതിൽ ഏറ്റവും ശ്രദ്ധേയമായ വസ്തുത അന്ന് കൃഷിമന്ത്രിയായിരുന്ന പ്രിയങ്കരനായ ശ്രീ.വി.എസ് .സുനിൽ കുമാർ  ഈ മാസികയോടും ഇതിൻറെ ജില്ലാതല ചുമതലക്കാരോടും കാട്ടിയിരുന്ന പ്രത്യേക മമതയാണ്.ഇവരെയെല്ലാം ഓരോ ജില്ലകളിൽ കൃഷിവകുപ്പുമായി ബന്ധപ്പെട്ട പരിപാടികൾക്ക് പോകുമ്പോൾ പേരെടുത്തുപറഞ്ഞു അഭിസംബോധന ചെയ്യാനുള്ള പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.ഇക്കൂട്ടത്തിൽ  അന്ന് തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ ചാലക്കുടി സ്വദേശിയായ ഒരു ചെറുപ്പക്കാരിയാണ്;ഇന്ന് "പരിചയം" പംക്തിയിലെ വിശിഷ്ട അതിഥി-ശ്രീമതി.സരിത എൻ.ആർ.

ഒരു പക്ഷെ തന്നെ ഏൽപിച്ച ദൗത്യം തികഞ്ഞ ഉത്തരവാദിത്വത്തോടെ ,എന്നാൽ ഏറ്റവും അനായാസം കൈകാര്യം ചെയ്‌തിരുന്ന മിടുക്കി.മാസികയുടെ എഡിറ്റർ എന്ന നിലയ്ക്ക് ശ്രീമതി.സരിത ,നിരവധി കൃഷിസംബന്ധമായ ഫീച്ചറു 
കളും ലേഖനങ്ങളും അഭിമുഖങ്ങളുമൊക്കെ തയാറാക്കി സമയബന്ധിതമായി തന്നിരുന്നു.എന്ന് മാത്രമല്ല കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനമെന്ന നിലയ്ക്ക് സർവ്വകലാശാലയുമായും അവിടുത്തെ നിരവധി ഗവേഷകരുമായും അധ്യാപകരുമായും പബ്ലിക് റിലേഷൻസ് ഓഫീസറുമായും ഒക്കെ ബന്ധം സ്ഥാപിക്കാനും മികച്ച ലേഖനങ്ങൾ ലഭ്യമാക്കാനും ശ്രീമതി.സരിതയ്ക്ക് സാധിച്ചിരുന്നു.എഴുത്തുകാരായ പല അധ്യാപകരും ലേഖനങ്ങൾ നൽകാൻ സരിതയെ ബന്ധപ്പെടുമായിരുന്നു.കാർഷിക സർവകലാശാല വാർത്തകൾ മാസികയിൽ പ്രസിദ്ധീകരിക്കാൻ പബ്ലിക് റിലേഷൻസ് വിഭാഗവും സരിതയെ ഏൽപ്പിക്കുക പതിവായിരുന്നത് ഓർക്കുന്നു.(ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് എന്ന് തോന്നുന്നു;എല്ലാ ജില്ലകളുടെയും യോഗം തിരുവനന്തപുരത്തു ചേരുമ്പോൾ ജില്ലാതല ബ്യുറോ പ്രതിനിധികൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ പറയുക സ്വാഭാവികമാണല്ലോ;എന്നാൽ അതിലൊന്നും ഒറ്റത്തവണ പോലും പരാതികളൊന്നും പറയാതെ ഇതുമായി ബന്ധപ്പെട്ട ഏതു ചുമതലയും മനസ്സു തുറന്ന ഒരു പുഞ്ചിരിയോടെ ഏറ്റെടുക്കുന്നതാണ് ശ്രീമതി.സരിതയുടെ മുഖമുദ്ര.ഒരു പക്ഷെ ആരോടും ചിരിച്ചു സംസാരിക്കാനുള്ള ഈ അപൂർവ സിദ്ധിയാകണം സരിതയ്ക്ക് തന്റെ ഔദ്യോഗിക വൃത്തി അനായാസമാക്കിയത് ).

                              തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ജേർണലിസം ഡിപ്ലോമയും നേടിയ സരിത തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റൻറ് ആയി ജോലി ചെയ്തു വരുന്ന കാലത്താണ് (2012 മുതൽ 2019 വരെ )"കൃഷിജാഗരൺ" മാസികയുടെ തൃശൂർ ബ്യുറോ ചീഫ് എന്ന പദവിയിലേക്കെത്തുന്നത്.അക്കാലത്തുതന്നെ ഇത്തിരി നാടകക്കമ്പം കൂടെയുള്ളതിനാൽ ഡോ.വയലാ വാസുദേവൻ പിള്ള കൾച്ചറൽ സെന്റർ,അന്താരാഷ്ട്ര നാടകോത്സവമായ "സൊലെയ്‌സ്" എന്നിവയുടെ ഭാഗമായും പ്രവർത്തിക്കുകയായിരുന്നു.മാസികയിലെ ജോലിക്കാലം കാർഷിക പത്രപ്രവർത്തനം ഇഷ്ടപ്പെടാനും കൂടുതൽ അടുത്തറിയാനും ഉപകരിച്ചു എന്ന് സരിത ഓർക്കുന്നു.അന്ന് മാസികയ്ക്കു വേണ്ടി ആരംഭിച്ച പല സൗഹൃദങ്ങളും ഇന്നും സരിത ഒളിമങ്ങാതെ സൂക്ഷിക്കുന്നു.

                          തൃശൂർ ജില്ലയുമായി ബന്ധപ്പെട്ടു മാസികയ്ക്കു ആവശ്യമുള്ള ഏതു സ്റ്റോറിയും ശേഖരിച്ചു മികവുറ്റ ഭാഷയിൽ എഴുതി തരാൻ സരിത കാട്ടിയിരുന്ന താല്പര്യം പ്രശംസനീയം എന്നേ പറയേണ്ടൂ.സരിതയുടെ മുൻകൈയിൽ അക്കാലത്തു തൃശൂർ നടന്ന "വൈഗ" പ്രദർശനത്തിലും മറ്റും മാസികയ്ക്കു സാമാന്യം ഭേദപ്പെട്ട നിലയിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നതും അവിസ്മരണീയമാണ്.തൃശൂർ ജില്ലയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും മറ്റു ജില്ലകളിലെങ്ങും ഓടിയെത്താനും സഹപ്രവർത്തകർക്കൊപ്പം ചേർന്ന് സഹായകരമായ രീതിയിൽ പ്രവർത്തിക്കാനും സരിത കാട്ടിയിരുന്ന നിസ്വാർഥമായ താൽപര്യവും എടുത്തുപറയേണ്ടതുണ്ട്.നല്ലൊരു എഴുത്തുകാരി കൂടെയായ സരിത നിരവധി ലേഖനങ്ങളും ഫീച്ചറുകളും എഴുതിയിട്ടുമുണ്ട്.

                         ആദ്യം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ;തുടർന്ന് കൃഷി ജാഗരൺ മാസികയിൽ കാർഷിക മാധ്യമ പ്രവർത്തകയായി കർമനിരതയായിരുന്ന ശ്രീമതി.സരിത പുതിയ ഒരു പ്രവർത്തന മേഖലയിലാണ് ഇന്ന് കൂടുതൽ തിരക്കിൽ വിരാജിക്കുന്നത്.ഇടക്കാലത്തു എൽ.എൽ.ബി പഠനം വിജയകരമായി പൂർത്തിയാക്കിയ സരിത ഇപ്പോൾ അഡ്വക്കേറ്റ് സരിതയായി തൃശൂർ പ്രാക്റ്റീസ് ചെയ്യുന്നു.ഒപ്പം ചാലക്കുടിയിലെ മാധ്യമ സംഘടനയായ പ്രസ് ഫോറത്തിൻറെ ഭാഗമായും ചാരിറ്റി സംഘടനയായ ചാലക്കുടി സോഷ്യൽ കെയർ ഫൗണ്ടേഷൻ്റെ സജീവ പ്രവർത്തകയായും തുടരുന്നു.സംസാരത്തിൽ ശരിയായ തൃശൂർ ഭാഷയും പെരുമാറ്റത്തിൽ ദേശകാലഭേദമില്ലാത്ത പ്രസന്നമായ മാനുഷികഭാവവും-എത്രയും ചുരുക്കത്തിൽ ഇതാണ് ശ്രീമതി.സരിത എന്ന മാധ്യമപ്രവർത്തകയായ അഭിഭാഷക.ഇപ്പോൾ സ്വദേശമായ ചാലക്കുടിയിൽ സകുടുംബം താമസം.

( *സുരേഷ് മുതുകുളം*)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.