All Categories

Uploaded at 11 months ago | Date: 19/05/2023 19:55:44

പുസ്തക പരിചയം 

മാന്യമഹാ മൃഗങ്ങളേ
( ബാല നോവൽ) 

തോമസ് കുട്ടി കോട്ടപ്പുറം 

എച് ആൻഡ് സി പബ്ലിഷിംഗ് ഹൗസ് തൃശ്ശൂർ 

പേജ് 48 

വില 50 രൂപ 

   മാന്യമഹാ മൃഗങ്ങളേ എന്നു പേരിട്ടിരിക്കുന്ന ഈ പുസ്തകം മൃഗങ്ങൾ കഥാപാത്രങ്ങളാകുന്ന നോവലാണ്. എട്ട് അധ്യായങ്ങളിൽ അവസാനിക്കുന്ന, നാം കേട്ടു ശീലിച്ച മൃഗങ്ങളുമായി ബന്ധപ്പെട്ട നാടോടി കഥകളെ ബന്ധപ്പെടുത്തിയുള്ളവയാണ്. 

 എല്ലാ കഥകളിലും തന്നെ തങ്ങളുടെ സമൂഹത്തെ മോശപ്പെടുത്താൻ മനുഷ്യരുടെ ശ്രമങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയണമെന്ന 
ആവശ്യമാണ് മൃഗങ്ങൾ പങ്കു വക്കുന്നത്. 

 ഇതിനായി ചേരുന്ന അഖില ലോക വന്യജീവി കോൺഗ്രസ് പ്രഥമ സമ്മേളന വേദിയാണ് കഥയുടെ പശ്ചാത്തലം. സിംഹരാജന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്വാഗതം ആശംസിക്കുന്നത് ഗജരാജൻ ആണ് .  മനുഷ്യരുടെ ഉപദ്രവങ്ങളെ കുറിച്ച് ഗജരാജൻ സ്വാഗതപ്രസംഗത്തിൽ വിശദീകരിക്കുന്നുണ്ട്. കാട്ടിലെ ഭീമാകാരനായ തന്നെ പോലും മനുഷ്യൻ ഉപദ്രവിക്കുകയാണെന്ന് ഗജരാജൻ പരാതിപ്പെട്ടു .

അധ്യക്ഷപ്രസംഗത്തിൽ മൃഗങ്ങൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെക്കുറിച്ച് സിംഹരാജൻ വാചാലനായി . 

തുടർന്ന് ഓരോ മൃഗങ്ങൾക്കായി സംസാരിക്കാൻ അവസരം നൽകുകയാണ്. ആദ്യം അവസരം ലഭിക്കുന്നത് മുയലിനാണ്. ചെറിയ ജീവി ആയതിനാൽ മറ്റുള്ളവർക്ക് കാണാൻ അസൗകര്യം ആയതിനാൽ ആന മുയലിനെ പുറത്ത് കയറ്റി ഇരുത്തിയാണ് വേദിയൊരുക്കിയത്. ആമയും മുയലും തമ്മിൽ നടന്നെന്നു പറയുന്ന മത്സരം വെറും കെട്ടുകഥയാണെന്ന് ആമയും മുയലും ചേർന്ന് സമർത്ഥിച്ചു.

 കഴുതകളെ ബുദ്ധിയില്ലാത്തവർ ആയി ചിത്രീകരിക്കുന്ന മനുഷ്യ നിർമ്മിത കഥകളെക്കുറിച്ച് ആയിരുന്നു കഴുതയുടെ പരാതി. അല്പം ഓർമ്മക്കുറവുണ്ട് എന്നതല്ലാതെ മറ്റൊന്നിലും കഴുതകൾ മോശമല്ലെന്ന് തെളിയിക്കുകയാണ് കഴുത തനിക്ക് കിട്ടിയ അവസരത്തിൽ .

 നായക്കും പരാതികൾ ഏറെയാണ്. എല്ലിൻകഷണം വായിൽനിന്നു പോയതിനെ കുറിച്ചുള്ള ആരോപണങ്ങളിൽ ആണ് നായ പ്രത്യേകമായ ഊന്നൽ കൊടുത്തത്.  അതൊരു കെട്ടുകഥയാണത്രേ .

 നീലക്കുറുക്കനെ കുറിച്ചുള്ള കഥയും കുറുക്ക സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന പരാതിയാണ് കുറുക്കൻ ഉന്നയിച്ചത്.

 അവസാനമായി തൻറെ പ്രശ്നങ്ങൾ പറഞ്ഞത് ആനയാണ്. ആനയുടെയും ഉറുമ്പിനെയും പേരിൽ പ്രചരിക്കുന്ന കഥകൾ തികച്ചും വ്യാജമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ്.

 ഈ കുറ്റങ്ങളെല്ലാം അവതരിപ്പിച്ച പ്രമേയം മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെ പാസ്സാക്കപ്പെട്ടു.

 എന്നാൽ ചെന്നായ അവതരിപ്പിച്ച പ്രമേയം മാത്രം അംഗീകരിക്കാൻ മൃഗസമൂഹം തയ്യാറായില്ല. ആട്ടിൻ കുട്ടികളെ കൊന്നു തിന്നാനായി തനിക്ക് കുടിക്കാൻ  ഉള്ള വെള്ളം കലക്കി എന്നുള്ള കഥ പിൻവലിക്കണമെന്ന ആവശ്യം തെറ്റാണെന്ന് മറ്റു മൃഗങ്ങൾ ഒന്നടങ്കം സമർത്ഥിച്ചു.

 വ്യത്യസ്തമായ പ്രമേയത്തിലൂടെ കുട്ടികൾക്ക് രസകരമായി വായിച്ചുപോകാവുന്ന കൃതിയാണ് "മാന്യമഹാ മൃഗങ്ങളെ "

(വി ആർ നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.