All Categories

Uploaded at 1 year ago | Date: 27/06/2022 14:35:48

പുസ്തകപരിചയം -

 

   *ആത്മീയപ്രഭാഷണ പരമ്പര*

 

പെരുവാരം മഹാദേവ ക്ഷേത്രത്തിൽ എല്ലാവർഷവും നടന്നുകൊണ്ടിരുന്ന ആത്മീയ പ്രഭാഷണങ്ങളിൽ കോവിഡ് കാലത്ത് എല്ലാം ഓൺലൈനായാണ് നടക്കുകയുണ്ടായത്.  അപ്രകാരം 41ദിവസം നടന്ന ആത്മീയ പ്രഭാഷണങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 16 പ്രഭാഷണങ്ങൾ ചേർത്ത് ആത്മീയ പ്രഭാഷണ പരമ്പര ഒന്നാം ഭാഗം എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 

 

ഇതിന്റെ ഉള്ളടക്കത്തിൽ നടരാജ സങ്കൽപം എന്ന വിഷയത്തെക്കുറിച്ച് ഡോ. സി പി ഉണ്ണികൃഷ്ണൻ എറണാകുളം, വേദവ്യാസമഹർഷിയുടെ വിദ്യാഭ്യാസ ദർശനത്തിന് ഒരു ആമുഖം എന്നതിനെ കുറിച്ച് ഡോ. സി ശ്രീകുമാരൻ  കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ സംസ്കൃത കോളേജ് സംസ്കൃത വിഭാഗം മേധാവി (റിട്ടയേഡ് ) .  പാലാഴി മഥനത്തെ അധികരിച്ച് ഭാഗവത ആചാര്യൻ  ഇടമന വിനോദ് നമ്പൂതിരി ,ക്ഷേത്രങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് സംപൂജ്യ  ഉദിത് ചൈതന്യ സ്വാമികൾ , രാമായണത്തിലെ ബഹുസ്വരതയെക്കുറിച്ച് 

ഡോ. വന്ദന ബി, അസി പ്രൊഫസർ മലയാളം വിഭാഗം എൻഎസ്എസ് വനിതാ കോളേജ് തിരുവനന്തപുരം, മണ്ഡലകാലവും മനോവിനിയോഗവും എന്നതിൽ ഡോ. കണ്ണൻ പരമേശ്വരൻ തിരുവനന്തപുരം, 24 ഗുരുക്കന്മാരെ കുറിച്ച് ഭാഗവതശ്രീ സരോജം പറവൂർ, ഭാഗവത ധർമ്മത്തെക്കുറിച്ച് ഡോ. അനിൽ വി വി വെൺമണി , കാലടി സംസ്കൃത കോളേജ് അസോസിയേറ്റ് പ്രൊഫസർ, സ്വാമി ശരണമന്ത്രം എന്ന വിഷയത്തിൽ വാച്ചവാദ്ധ്യാൻ  സുബ്രഹ്മണ്യൻ നമ്പൂതിരി കരിവെള്ളൂർ,ഹൈന്ദവ സംസ്കാരം ഭാവി ലോകത്തിന്റെ പ്രത്യാശ എന്ന വിഷയത്തെക്കുറിച്ച് ഡോ. ബാബു മാനിക്കാടൻ കോതമംഗലം, ആധുനിക ജീവിതത്തിൽ പുരാണേതിഹാസങ്ങളുടെ പ്രസക്തിയെക്കുറിച്ച്  റബ്ബർ ബോർഡ് കമ്മീഷണർ ഏവൂർ സൂര്യകുമാർ, തിരുമന്ത്രം - ആദിമ ശിവാഗമം  എന്ന വിഷയത്തിൽ ഡോ. ഗോപിനാഥൻ പറവൂർ, ദേവിമാഹാത്മ്യം ഒരു ആമുഖം ജ്യോതിസ് പറവൂർ, പരബ്രഹ്മം ആയ ശിവനും പ്രപഞ്ചോൽപത്തിയും എന്ന വിഷയത്തിൽ അജിത്ത് മോഹൻ തിരുവനന്തപുരം, സാധന നിത്യജീവിതത്തിൽ എന്നതിനെ കുറിച്ച് സുധീപ് ചൈതന്യ ചിന്മയാമിഷൻ കോട്ടയം, യോഗ കർമ്മ സുകൗശലത്തെക്കുറിച്ച് സുരേഷ് ശ്രീകണ്ഠേശ്വരത്ത് എന്നിവരാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. 

 

ഈ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും അവയെല്ലാം അച്ചടിക്ക് ഉതകും വിധം പകർത്തി എഴുതുകയും ക്രോഡീകരിക്കുകയും ചെയ്തു പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിയതിൽ നിരവധിപേരുടെ 

അധ്വാനം ഉള്ളതായി മനസ്സിലാക്കാവുന്നതാണ്. 

 

പരേതനായ പറവൂർ തമ്പുരാൻ ശ്രീ രവികൃഷ്ണ രാജയുടെ മകളും കുട്ടനെല്ലൂർ നടുവിൽ പഴേടം നീലകണ്ഠൻ അടിതിരിപ്പാടിന്റെ പത്നിയുമായ രൂപവതി തയ്യാറാക്കിയ "പെരുമ നിറയും പെരുവാരം " എന്ന ആമുഖക്കുറിപ്പിൽ പെരുവാരം ക്ഷേത്രത്തിന്റെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ ദേശ ചരിത്രവും ഈ കുറിപ്പിൽ ഉണ്ട്. അതോടൊപ്പം സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള ഏകദേശ രൂപവും നൽകുന്ന വളരെ ഗഹനവും പ്രയോജനപ്രദവുമായ ലേഖനമാണിത്. 

 

പെരുവാരം മഹാദേവ ക്ഷേത്ര ഭക്തജന സമിതിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള 

കാര്യങ്ങൾക്ക് മുൻകൈ എടുത്തിട്ടുള്ളത്. 

 

 ശ്രീ മഹാദേവ പബ്ലിക്കേഷൻസ്,  പെരുവാരം എന്ന പേരിൽ പ്രസാധനം ചെയ്തിരിക്കുന്ന ഈ പുസ്തകം ആത്മീയ അന്വേഷികൾക്ക്  വളരെയധികം പ്രയോജനപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല.

 

കെട്ടിലും മട്ടിലും ഭക്തിയും ആകർഷണീയതയും നിലനിർത്തി  പുസ്തകം അച്ചടിച്ചിരിക്കുന്നത് പെരുവാരം എസ് ഡി പ്രസ്സിലാണ്.

 

(നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.