All Categories

Uploaded at 2 years ago | Date: 13/03/2022 09:12:42


വ്യക്തിമുദ്രകൾ

    *ബാലകൃഷ്ണൻ  കുന്നപ്പിള്ളി*

ആർട്ട് ഓഫ് ലിവിങ് ബേസിക് കോഴ്സ് ആയ ഹാപ്പിനസ് പ്രോഗ്രാമിന്റെ അധ്യാപകനാണ് ബാലകൃഷ്ണൻ കുന്നപ്പിള്ളി .

ഇരുപത് വർഷത്തോളമായി ആർട്ട് ഓഫ് ലിവിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു.  പതിനൊന്ന് വർഷമായി അധ്യാപകനാണ്. ഏറ്റവും പ്രായം കൂടിയ അധ്യാപകരിൽ ഒരാൾ.

പത്തൊമ്പതാം വയസ്സിൽ ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി.  ചെറായി കുന്നപ്പള്ളി ചാത്തക്കുട്ടി - കല്യാണി ദമ്പതികളുടെ എട്ടു മക്കളിൽ ഏറ്റവും ഇളയ മകനാണ്. ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. പതിനഞ്ചു വർഷത്തെ സേവനത്തിനുശേഷം പെറ്റി ഓഫീസർ തസ്തികയിൽ നിന്ന് മുപ്പത്തിനാലാം വയസ്സിൽ വിരമിച്ചു.

അക്കാലത്ത് മറൈൻ രംഗത്ത് വിദേശത്ത് ആകർഷകമായ അവസരങ്ങൾ നിലനിന്നിരുന്നതിനാൽ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നു. അധികം വൈകാതെ ഒമാനിലെ ജോൺ ബ്രൗൺ എഞ്ചിനീയറിംഗ് കമ്പനിയിൽ പവർ സ്റ്റേഷൻ ഇൻസ്റ്റലേഷനിൽ ഓപ്പറേഷൻ ആൻറ് മെയിൻറനൻസ് വിഭാഗത്തിൽ ജോലി ലഭിച്ചു.

ഒരു വർഷത്തിനു ശേഷം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു പോന്നു.
പിന്നീട് അമേരിക്കൻ നേവിയുടെ ക്യൂബയിൽ ഉള്ള പവർസ്റ്റേഷൻ ടെക്നീഷ്യനായി നല്ലൊരു സെലക്ഷൻ ലഭിക്കുകയുണ്ടായി. രണ്ടു വർഷം അവിടെ ജോലി ചെയ്തു.

തുടർന്ന് നാട്ടിലെത്തി.  ഇനി സ്വസ്ഥമായ കുടുംബ ജീവിതം എന്ന സ്വപ്നമായിരുന്നു ഉള്ളിൽ. സ്കൂൾ കാലഘട്ടത്തിലെ നാടകാഭിനയ സ്മരണകൾ മനസ്സിലുണർന്നു. പുതുതായി രൂപീകരിച്ച നാടക സംഘത്തിൽ അംഗമായി. ബാലൻ അയ്യമ്പിളളിയുടെ "ചെറിയ വലിയ മനുഷ്യർ" എന്ന നാടകത്തിലെ അഭിനേതാവായി. പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ നിരവധി വേദികളിൽ തിളങ്ങി.

നാട്ടിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സൂപ്പർ മാർക്കറ്റ് ആരംഭിച്ചു.
ബിസിനസ്,  പരിചയമില്ലാത്ത മേഖലയായതിനാൽ പരാജയം ഏറ്റു വാങ്ങേണ്ടിവന്നു.

വീണ്ടും വിദേശത്തേക്ക്. ഖത്തർ സർക്കാർ സർവ്വീസിൽ ഫോർമാനായി അഞ്ചു വർഷം.

ഏക മകളായ രശ്മി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജീവിതത്തിൽ നിന്ന് തിരിച്ചു പോയത് കുടുംബത്തെയാകെ ഉലച്ചു കളഞ്ഞു.

പിന്നീടാണ് ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിലേക്ക് വന്നത്.

ഇപ്പോൾ മുഴുവൻ സമയവും അദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ട മുന്നോട്ടുപോകുന്നു. ഭാഗവതം, നാരായണീയം, ഭഗവദ് ഗീത തുടങ്ങിയവ പഠിച്ചു കൊണ്ടിരിക്കുന്നു.

മുപ്പതു വർഷമായി പറവൂർ മംഗലത്ത് റോഡിലാണ് താമസം.

ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി വിരമിച്ച ഉഷയാണ് ഭാര്യ.

(വി ആർ നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.